മമതയുടെ രാഷ്ട്രപതി ഭവന്‍ മാര്‍ച്ചില്‍ ശിവസേന
text_fieldsന്യൂഡല്‍ഹി: മുന്തിയ നോട്ടുകള്‍ അസാധുവാക്കിയ വിഷയത്തില്‍ ബി.ജെ.പിക്കുള്ളിലും എന്‍.ഡി.എ സഖ്യത്തിലുമുള്ള അഭിപ്രായഭിന്നത കൂടുതല്‍ പുറത്തുവന്നു. നോട്ട് അസാധുവാക്കിയ തീരുമാനം പിന്‍വലിക്കാന്‍ സര്‍ക്കാറിന് നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമത ബാനര്‍ജി ബുധനാഴ്ച നടത്തുന്ന രാഷ്ട്രപതി ഭവന്‍ മാര്‍ച്ചില്‍ ബി.ജെ.പി സഖ്യകക്ഷിയായ ശിവസേന പങ്കെടുക്കും.
ജനരോഷം ചൂണ്ടിക്കാട്ടി ശിവസേനയും മറ്റൊരു സഖ്യകക്ഷിയായ ശിരോമണി അകാലിദളും നോട്ട് അസാധുവാക്കിയ നടപടിയെ കഴിഞ്ഞദിവസം വിമര്‍ശിച്ചെങ്കിലും എന്‍.ഡി.എ നേതൃയോഗത്തില്‍ ഇരുകൂട്ടരും കരണംമറിഞ്ഞതായി ചില റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍, ബി.ജെ.പി നടത്തിയ പ്രചാരണം മാത്രമായിരുന്നു അതെന്ന് വ്യക്തമാക്കുന്നതാണ് ശിവസേനയുടെ പുതിയ നിലപാട്.
ശിവസേന നേതാവ് ഉദ്ധവ് താക്കറെയെ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ഫോണില്‍ വിളിച്ചിരുന്നു. തുടര്‍ന്നാണ് രാഷ്ട്രപതി ഭവന്‍ മാര്‍ച്ചില്‍ പങ്കെടുക്കുമെന്ന പ്രഖ്യാപനം. ഭരണപക്ഷമോ പ്രതിപക്ഷമോ എന്നതല്ല, ജനം നേരിടുന്ന പ്രയാസമാണ് പ്രധാനമെന്ന് ശിവസേന നേതാവ് സഞ്ജയ് റാവത്ത് പറഞ്ഞു. നാഷനല്‍ കോണ്‍ഫറന്‍സും മാര്‍ച്ചില്‍ പങ്കെടുക്കുമെന്ന് ജമ്മു-കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഉമര്‍ അബ്ദുല്ല പറഞ്ഞു. അതേസമയം, മമത സംഘടിപ്പിക്കുന്ന മാര്‍ച്ചില്‍ കോണ്‍ഗ്രസും സി.പി.എമ്മും പങ്കെടുക്കില്ല.
മമതയെപ്പോലെ തന്നെ, ആം ആദ്മി പാര്‍ട്ടി നേതാവും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാളും സര്‍ക്കാറിനെതിരെ ഉറച്ച നീക്കത്തിലാണ്. നോട്ട് അസാധുവാക്കല്‍ മൂലം ജനം നേരിടുന്ന പണഞെരുക്കത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ഡല്‍ഹി നിയമസഭയുടെ പ്രത്യേക സമ്മേളനം കെജ്രിവാള്‍ ചൊവ്വാഴ്ച വിളിച്ചിരുന്നു.
നോട്ട് അസാധുവാക്കല്‍ നടപടിയെക്കുറിച്ച് സുപ്രീംകോടതിയുടെ നീരീക്ഷണത്തില്‍ ഉന്നതതല അന്വേഷണം നടത്തുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കാന്‍ രാഷ്ട്രപതിയോട് അഭ്യര്‍ഥിക്കുന്ന പ്രമേയം നിയമസഭ പാസാക്കി. രാഷ്ട്രത്തോടുകാട്ടിയ ഈ ക്രമക്കേട് കള്ളപ്പണ ഏജന്‍റുമാര്‍ മുഖേന ഒരു പ്രത്യേക രാഷ്ട്രീയപാര്‍ട്ടിക്ക് ഗുണം കിട്ടാന്‍ നടത്തിയതാണെന്ന് പ്രമേയത്തില്‍ ആരോപിച്ചു.
ശീതകാല പാര്‍ലമെന്‍റ് സമ്മേളനം ബുധനാഴ്ച തുടങ്ങാനിരിക്കെ, ആദ്യദിനംതന്നെ നോട്ട് പ്രശ്നത്തില്‍ ഇരുസഭകളും അടിച്ചുപിരിയുമെന്ന് ഉറപ്പായി. മമതയുടെ നേതൃത്വത്തില്‍ ഒരുവിഭാഗം പ്രതിപക്ഷ പാര്‍ട്ടികള്‍ രാഷ്ട്രപതിക്ക് മുമ്പിലേക്ക് നീങ്ങുമ്പോള്‍, മറ്റ് നടപടികള്‍ മാറ്റിവെച്ച് വിഷയം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസും സി.പി.എമ്മും മറ്റും സ്പീക്കര്‍ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്. സഭാനടപടി സുഗമമാക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചൊവ്വാഴ്ച വൈകീട്ട് നടന്ന സര്‍വകക്ഷി യോഗത്തിലും പ്രതിപക്ഷം സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശമുയര്‍ത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.