ഗ്യാൻവാപി പള്ളിയിൽ ‘വുദു’വിന് ആറ് വീപ്പകൾ
text_fieldsന്യൂഡൽഹി: ജലധാര ‘ശിവലിംഗ’മാണെന്ന് അവകാശപ്പെട്ട് വുദുഖാന പൂട്ടിയിട്ട് മുദ്രവെച്ച വാരാണസി ഗ്യാൻവാപി പള്ളിയിൽ വുദുവിന്(അംഗശുദ്ധി വരുത്തുന്നതിന്) ആറ് വീപ്പകളിൽ വെള്ളം നൽകുമെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത ഉറപ്പു നൽകിയതിനെ തുടർന്ന് ഇതിനായി സമർപ്പിച്ച ഹരജി സുപ്രീംകോടതി തീർപ്പാക്കി. റമദാൻ വ്രതകാലത്ത് വുദുവിന് ക്രമീകരണം ഏർപ്പെടുത്താൻ സമർപ്പിച്ച ഹരജി പെരുന്നാൾ തലേന്നായ വെള്ളിയാഴ്ചയാണ് ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് തീർപ്പാക്കിയത്.
ചെറിയ പെരുന്നാളിനും അവസാന വെള്ളിയാഴ്ചക്കും പ്രാർഥനക്കായി വല്ലതും ചെയ്തുകൂടെയെന്ന് നേരത്തെ വുദുഖാന അടച്ചിടാൻ ഉത്തരവിട്ട ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് സോളിസിറ്റർ ജനറലിനോട് ചോദിച്ചു. അംഗശുദ്ധി വരുത്താനായി ആറ് വീപ്പകളിൽ വെള്ളം എത്തിക്കുമെന്നായിരുന്നു മേത്തയുടെ മറുപടി.
അവ വീപ്പകൾ തന്നെയാകണമെന്നും ബക്കറ്റ് പോരെന്നും ജസ്റ്റിസ് നരസിംഹ നിർദേശിച്ചപ്പോൾ വലിയ വീപ്പകളാകട്ടെ എന്ന് ചീഫ് ജസ്റ്റിസും പറഞ്ഞു. എല്ലാവർക്കും വുദു ചെയ്യാനുള്ള വെള്ളം ഈ വീപ്പകളിൽ തങ്ങൾ എത്തിക്കുമെന്ന് മേത്ത പറഞ്ഞു.
തുടർന്ന് സുപ്രീംകോടതി പുറപ്പെടുവിച്ച ഉത്തരവിൽ നമസ്കരിക്കാനായി ഗ്യാൻവാപി പള്ളിയിൽ വരുന്നവർക്ക് വുദു എടുക്കുന്നതിന് മതിയായ വീപ്പകളിൽ വെള്ളം എത്തിക്കുമെന്ന് ജില്ല മജിസ്ട്രേറ്റോ കലക്ടറോ ഉറപ്പുവരുത്തുമെന്ന് വ്യക്തമാക്കി.
സുപ്രീംകോടതി നിർദേശപ്രകാരം പള്ളിയുടെ മറ്റൊരു ഭാഗത്ത് വുദു ചെയ്യാനുള്ള സൗകര്യമൊരുക്കാൻ ജില്ലാ മജിസ്ത്രേട്ട് യോഗം വിളിച്ചിരുന്നു.
എന്നാൽ, ഗ്യാൻവാപി പള്ളിയിൽ നമസ്കരിക്കാൻ വരുന്നവർക്ക് അതിനകത്ത് വുദുവിനുള്ള സൗകര്യമൊന്നും ഒരുക്കരുതെന്നും അടുത്തുള്ള റസിയ പള്ളിയിൽനിന്ന് വുദു എടുത്തു വന്നാൽ മതിയെന്നുമുള്ള വാദവുമായി ഹരജിക്കാർ രംഗത്തെത്തി. തുടർന്നാണ് പള്ളി കമ്മിറ്റിക്ക് വേണ്ടി മുതിർന്ന അഭിഭാഷകൻ ഹുസേഫ അഹ്മദി വിഷയം സുപ്രീംകോടതിയുടെ ശ്രദ്ധയിൽപ്പെടുത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.