കർണാടകയിൽ ആറ് ഡെങ്കി മരണങ്ങൾ; 6676 രോഗികളിൽ 695 പേർക്ക് ഗുരുതരം
text_fieldsമംഗളൂരു: കർണാടകയിൽ ഈ വർഷം ആറുപേർ ഡെങ്കിപ്പനി ബാധിച്ച് മരിച്ചതായി ആരോഗ്യ മന്ത്രി ദിനേശ് ഗുണ്ടുറാവു വാർത്ത സമ്മേളനത്തിൽ പറഞ്ഞു. ജനുവരി മുതൽ ഈ മാസം നാല് വരെയുള്ള കണക്കുകൾ പ്രകാരം 6676 ഡെങ്കി ബാധിതരിൽ 695 പേർ ആക്ടിവ് കേസ് വിഭാഗത്തിൽ ഉൾപ്പെടുന്നു.
ദക്ഷിണ കന്നട ജില്ല ചുമതലയുള്ള മന്ത്രി വെള്ളിയാഴ്ച വിവിധ പ്രദേശങ്ങൾ ആരോഗ്യ അധികൃതർക്കൊപ്പം സന്ദർശിച്ചു. കൊതുക് വളരാൻ സാധ്യതയുള്ളിടങ്ങൾ കണ്ടെത്തി പ്രതിരോധ നടപടികൾ സ്വീകരിക്കാൻ നിർദേശം നൽകി. ആരോഗ്യ, ഗ്രാമവികസന, തദ്ദേശ സ്വയംഭരണ വകുപ്പുകൾ ചേർന്ന് എല്ലാ വെള്ളിയാഴ്ചയും കൊതുക് നിർമാർജന യത്നം നടത്തണം.
ഹാസനിൽ മൂന്നു കുട്ടികൾ മരിച്ചു
ബംഗളൂരു: ഹാസനിൽ ഡെങ്കിപ്പനി ബാധിച്ച് മൂന്നു കുട്ടികൾ മരിച്ചതായി ആരോഗ്യ വകുപ്പിന്റെ റിപ്പോർട്ട്. കഴിഞ്ഞ ഒരാഴ്ചക്കിടെയാണ് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ മൂന്നു കുട്ടികളുടെ മരണം റിപ്പോർട്ട് ചെയ്തത്. അർക്കൽഗുഡ് സ്വദേശിനി അക്ഷത (13), ഹൊളെ നരസിപുർ സ്വദേശികളായ വഷിക (എട്ട്), കലാശ്രീ (11) എന്നിവരാണ് മരിച്ചത്.
ജില്ല ആശുപത്രിയിൽ 11 കുട്ടികളടക്കം 48 ഡെങ്കി ബാധിതർ ചികിത്സയിൽ കഴിയുന്നുണ്ട്. ബംഗളൂരുവിൽ ആറു മാസത്തിനിടെയുള്ള ആദ്യ ഡെങ്കിപ്പനി മരണം കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.