ഐ.ടി.ബി.പി ക്യാമ്പിലെ വെടിവെപ്പ്: മരിച്ചവരിൽ കോഴിക്കോട് സ്വദേശിയും
text_fieldsറായ്പുർ: ഇന്തോ-തിബത്തൻ ബോർഡർ പൊലീസിലെ (ഐ.ടി.ബി.പി) 45ാം ബറ്റാലിയൻ ക്യാമ്പിൽ ജവാെൻറ വെടിയേറ്റ് മലയാളി ഉൾപ്പെടെ അഞ്ചു സഹപ്രവർത്തകർ കൊല്ലപ്പെട്ടു. രണ്ടുപേർക്ക് പരിക്കുണ്ട്. ക്രൂരകൃത്യം നടത്തിയ മസൂദുൽ റഹ്മാൻ പിന്നീട് സ്വയം വെടിവെച്ച് മരിച്ചു. പേരാമ്പ്ര കല്ലോട് അയ്യപ്പന്‍ചാലില്‍ ബാലന് നായരുടെ മകന് കോൺസ്റ്റബ്ൾ ബിജീഷാണ് (ഉണ്ണി-30) കൊല്ലപ്പെട്ട മലയാളി. നാലു മാസം മുമ്പ് അവധിക്കു വന്ന് തിരിച്ചുപോയതാണ്. പരിക്കേറ്റ കോൺസ്റ്റബ്ൾമാരിൽ ഒരാളായ എസ്.ബി. ഉല്ലാസ് തിരുവനന്തപുരം ചിറയിൻകീഴ് സ്വദേശിയാണ്. സീതാറാം ഡൂൺ ആണ് പരിക്കേറ്റ മറ്റൊരാൾ.
സർവിസ് തോക്ക് ഉപയോഗിച്ചാണ് വെടിവെച്ചത്. ഛത്തിസ്ഗഢിലെ നാരായൺപുർ ജില്ലയിലുള്ള കദെനർ ഗ്രാമത്തിൽ ബുധനാഴ്ച രാവിലെ 8.30നാണ് സംഭവം. ഹെഡ് കോൺസ്റ്റബ്ൾമാരായ മഹേന്ദ്ര സിങ്, ദൽജിത് സിങ്, കോൺസ്റ്റബ്ൾമാരായ സുർജിത് സർക്കാർ, ബിശ്വരൂപ് മഹാതോ എന്നിവരാണ് കൊല്ലപ്പെട്ട മറ്റുള്ളവർ.ജവാൻമാർക്കിടയിലെ തർക്കം എന്താണെന്ന് വ്യക്തമല്ലെന്ന് ബസ്തർ മേഖല പൊലീസ് ഐ.ജി സുന്ദർരാജ് പറഞ്ഞു.
അക്രമിയെ മറ്റുള്ളവർ വെടിവെച്ച് കൊലപ്പെടുത്തുകയായിരുന്നു എന്നാണ് ആദ്യം വന്ന വിവരം. എന്നാൽ, ഇത് ശരിയല്ലെന്ന് ഐ.ടി.ബി.പി വക്താവ് വിവേക് കുമാർ പറഞ്ഞു. മരിച്ച ബിജീഷിെൻറ മാതാവ്: സുമ. ഭാര്യ: അമൃത (മഞ്ജു-ആശ ഹോസ്പിറ്റല്‍, വടകര). മകള്‍: ദക്ഷ. സഹോദരന്: സിജീഷ് (ഡ്രൈവര്‍).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.