കർണാടകയിൽ ആറ് മാവോവാദികൾ കീഴടങ്ങി
text_fieldsബംഗളൂരു: കർണാടകയിലെ വനമേഖലകൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ആറ് മാവോവാദികൾ ആയുധംവെച്ച് കീഴടങ്ങി. ബുധനാഴ്ച വൈകീട്ട് ബംഗളൂരുവിൽ മുഖ്യമന്ത്രി സിദ്ധരാമയ്യ മുമ്പാകെയായിരുന്നു നാടകീയ കീഴടങ്ങൽ.
വയനാട് സ്വദേശിനി ടി.എൻ. ജീഷ, തമിഴ്നാട് സ്വദേശി വസന്ത്, ചിക്കമഗളൂരു ശൃംഗേരി മുന്ദഗാരു സ്വദേശിനി മുണ്ടുഗാരു ലത, കാലസ ബലഹോളെ സ്വദേശിനി വനജാക്ഷി, ദക്ഷിണ കന്നട ബെൽത്തങ്ങാടി കുത്തലൂർ സ്വദേശിനി സുന്ദരി, കർണാടക റായ്ച്ചൂർ സ്വദേശി മാരേപ്പ അരോടി എന്ന ജയണ്ണ എന്നിവരാണ് വ്യവസ്ഥിതിക്കെതിരായ ഒളിവുപോരാട്ടം അവസാനിപ്പിച്ച് മുഖ്യധാരയിലേക്ക് തിരിച്ചെത്തിയത്.
ഇതോടെ കർണാടകയിലെ അവസാന മാവോവാദി സാന്നിധ്യം കൂടിയാണ് അവസാനിക്കുന്നത്. മുഖ്യമന്ത്രിയുടെ വസതിയായ കൃഷ്ണയിലെത്തിയ മാവോവാദികൾക്ക് സിദ്ധരാമയ്യ ഭരണഘടനയുശട കോപ്പികൾ കൈമാറി.
ബുധനാഴ്ച രാവിലെ വനത്തിൽനിന്ന് പുറത്തെത്തി ചിക്കമഗളൂരു ജില്ല ഭരണകൂടത്തിന് മുന്നിൽ കീഴടങ്ങാനായിരുന്നു ആദ്യം ധാരണയിലെത്തിയതെങ്കിലും മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ നിർദേശപ്രകാരം മാവോവാദി പ്രവർത്തകർ ബംഗളൂരുവിലേക്ക് തിരിക്കുകയായിരുന്നു.
മാവോവാദികളെ മുഖ്യധാരയിലേക്ക് കൊണ്ടുവരാൻ ചർച്ചക്കായി നിയോഗിച്ച പുനരധിവാസ സമിതി നേതാക്കൾക്കൊപ്പമാണ് മാവോവാദി സംഘമെത്തിയത്. കർണാടക സർക്കാറിന്റെ നക്സൽ കീഴടങ്ങൽ നയവുമായി ബന്ധപ്പെട്ട് കർണാടക ചീഫ് സെക്രട്ടറി നേതൃത്വം നൽകുന്ന സംസ്ഥാനതല സമിതിയിൽ മുൻ മാവോവാദികളായ നൂർ ശ്രീധർ, സിരിമനെ നാഗരാജ്, അശോക്, ബി. ജയപ്രകാശ്, കെ.പി. ശ്രീപാൽ, ബി. പർവതീശ, മുൻ മന്ത്രി ബി.ടി. ലളിത നായ്ക് തുടങ്ങിയവരാണുള്ളത്.
കഴിഞ്ഞ നവംബർ 18ന് ഉടുപ്പി ഹെബ്രി പീഡബെയിൽ വില്ലേജിൽ സുരക്ഷാ സേനയുമായി നടന്ന ഏറ്റുമുട്ടലിൽ മാവോവാദി നേതാവ് വിക്രം ഗൗഡ കൊല്ലപ്പെട്ടിരുന്നു.
ഇതിനു പിന്നാലെയാണ് മറ്റംഗങ്ങളുമായുള്ള കീഴടങ്ങൽ ചർച്ച സജീവമായത്. ബുധനാഴ്ച രാത്രിയോടെ ഇവരെ കോടതിയിൽ ഹാജരാക്കി. കീഴടങ്ങിയവർക്ക് സാമ്പത്തിക സഹായമെന്നനിലയിൽ കർണാടക സ്വദേശികൾക്ക് ആദ്യഗഡുവായി മൂന്നുലക്ഷം രൂപ വീതവും ഇതരസംസ്ഥാനക്കാർക്ക് രണ്ടു ലക്ഷംവീതവും നൽകുമെന്നതാണ് പുനരധിവാസ നയം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.