വിവാദ പൗരത്വചട്ടങ്ങൾക്ക് ആറുമാസം കൂടി
text_fieldsന്യൂഡൽഹി: ദേശവ്യാപക പ്രക്ഷോഭത്തിന് വഴിവെച്ച വിവാദ പൗരത്വ ഭേദഗതി നിയമത്തിന് (സി.എ.എ) ചട്ടങ്ങളുണ്ടാക്കാനുള്ള സമയപരിധി ആറുമാസം കൂടി നീട്ടണമെന്ന കേന്ദ്ര സർക്കാറിന്റെ ആവശ്യം നിയമനിർമാണവുമായി ബന്ധപ്പെട്ട രാജ്യസഭ സമിതി അംഗീകരിച്ചു. ഇനി ലോക്സഭ സമിതിയുടെ അനുമതി വേണം. 2019ൽ നിയമം പാർലമെന്റ് പാസാക്കിയ ശേഷം ഇത് ഏഴാം തവണയാണ് ചട്ടങ്ങളുണ്ടാക്കാൻ കേന്ദ്രത്തിന് പാർലമെന്ററി സമിതികൾ സമയം നീട്ടിനൽകുന്നത്.
പൗരത്വ ഭേദഗതി നിയമത്തിന് ഇനിയും ചട്ടങ്ങളുണ്ടാക്കാതെ നീട്ടിക്കൊണ്ടുപോകുന്ന കേന്ദ്ര ആഭ്യന്തരമന്ത്രാലയം അതിനായി പാർലമെന്റിലെ ഇരു സമിതികളോടും ആറുമാസം കൂടി സമയം നീട്ടി ചോദിക്കുകയായിരുന്നു. ഇതിനുമുമ്പ് രാജ്യസഭ സമിതി ഡിസംബർ 31 വരെയാണ് നീട്ടിക്കൊടുത്തത്.
ലോക്സഭ സമിതി 2023 ജനുവരി ഒമ്പതുവരെയും നീട്ടിക്കൊടുത്തു. അതും അവസാനിക്കുകയാണെന്ന് കണ്ടതോടെയാണ് രാജ്യസഭയുടെയും ലോക്സഭയുടെ സമിതികളോട് കാലാവധി നീട്ടിത്തരാൻ ആവശ്യപ്പെട്ടത്. ചട്ടങ്ങൾ തയാറാക്കാതെ നിയമം നടപ്പാക്കാനാവില്ലെന്നും അതിനായി കൂടുതൽ സമയം വേണമെന്നും ആഭ്യന്തര മന്ത്രാലയം ബോധിപ്പിച്ചു.
പാകിസ്താൻ, അഫ്ഗാനിസ്താൻ, ബംഗ്ലാദേശ് എന്നീ അയൽരാജ്യങ്ങളിൽനിന്ന് 2014 ഡിസംബർ 31നകം ഇന്ത്യയിലേക്ക് വന്ന മുസ്‍ലിംകളൊഴികെയുള്ള ആറു മതവിഭാഗങ്ങൾക്ക് പൗരത്വം നൽകാൻ വ്യവസ്ഥ ചെയ്യുന്നതാണ് പൗരത്വ ഭേദഗതി നിയമം. ഹിന്ദു, സിഖ്, പാഴ്സി, ക്രിസ്ത്യൻ, ബുദ്ധ, ജൈന മതങ്ങളിൽപ്പെട്ട അഭയാർഥികൾക്കാണ് പൗരത്വം നൽകുക.
പൗരത്വ നിയമത്തിന് ചട്ടങ്ങളുണ്ടാക്കി തുടങ്ങിയെന്നും കോവിഡ് മഹാമാരി മൂലമാണ് കാലതാമസമുണ്ടായതെന്നും നവംബറിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞിരുന്നു. പൗരത്വ ഭേദഗതി നിയമം രാജ്യത്തിന്റെ നിയമമായി കഴിഞ്ഞുവെന്നും അത് നടപ്പാവില്ലെന്ന് ആരും തെറ്റിദ്ധരിക്കേണ്ടന്നും അമിത് ഷാ പറഞ്ഞിരുന്നു.
അതേസമയം, വൻ പ്രതിഷേധത്തെ തുടർന്ന് ഒട്ടുമിക്ക വടക്കുകിഴക്കൻ സംസ്ഥാനങ്ങളെയും നിയമത്തിന്റെ പരിധിയിൽനിന്ന് ഒഴിവാക്കി. ഭരണഘടനയുടെ ആറാം ഷെഡ്യൂളിൽപ്പെട്ട അസം, മേഘാലയ, മിസോറം, ത്രിപുര സംസ്ഥാനങ്ങളിലെ ഗോത്ര മേഖലകളും അരുണാചൽ പ്രദേശ്, നാഗാലാൻഡ്, മണിപ്പൂർ എന്നീ സംസ്ഥാനങ്ങളും ഇങ്ങനെ ഒഴിവാക്കിയവയിൽപ്പെടും. 2019 ഡിസംബർ 11നാണ് പാർലമെന്റ് പൗരത്വ ഭേദഗതി നിയമം പാസാക്കിയത്.
തുടർന്ന് പൗരത്വ സമരത്തിനെതിരെ അരങ്ങേറിയ ശാഹീൻ ബാഗ് വനിതകളുടെ സമരം അന്തർദേശീയ ശ്രദ്ധയാകർഷിക്കുകയും അതേ മാതൃകയിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മുസ്‍ലിം സ്ത്രീകൾ സമരരംഗത്തിറങ്ങുകയും ചെയ്തു.രാജ്യവ്യാപകമായുണ്ടായ സമരത്തെ സംഘ് പരിവാറും പൊലീസും ചേർന്ന് നേരിടുകയും നിരവധി പേർ കൊല്ലപ്പെടുകയും ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.