അയൽരാജ്യങ്ങളിൽ കോവിഡിനെതിരെ പടവെട്ടാൻ ഇന്ത്യൻ കപ്പലുകൾ റെഡി
text_fieldsന്യൂഡൽഹി: കോവിഡ് ബാധിത രാജ്യങ്ങളിൽ അടിയന്തിര സഹായമെത്തിക്കാൻ മെഡിക്കൽ ടീമുകളുള്ള ആറ് നാവിക കപ്പലുകൾ സജ്ജമായതായി പ്രതിരോധ വകുപ്പ്. ദുരന്ത നിവാരണ കിറ്റുകളും ജീവനക്കാരും അടങ്ങിയ കപ്പലുകൾ വിശാഖപട്ടണം, കൊച്ചി, മുംബൈ എന്നിവിടങ്ങളിലാണ് കാത്തിരിക്കുന്നത്.
മാലദ്വീപ്, ശ്രീലങ്ക, ബംഗ്ലാദേശ്, നേപ്പാൾ, ഭൂട്ടാൻ, അഫ്ഗാനിസ്ഥാൻ എന്നീ രാജ്യങ്ങൾക്ക് സഹായമെത്തിക്കുകയാണ് ലക്ഷ്യം. കൂടാതെ രാജ്യത്ത് വിവിധ സ്ഥലങ്ങളിൽ അവശ്യസാധനങ്ങൾ എത്തിക്കാൻ ഇന്ത്യൻ വ്യോമസേനയുടെ 28 വിമാനങ്ങളും 21 ഹെലികോപ്റ്ററുകളും തയാറാക്കിയതായും പ്രതിരോധ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.
അവശ്യസാധനങ്ങൾ, മരുന്നുകൾ, മെഡിക്കൽ ഉപകരണങ്ങൾ എന്നിവ വ്യോമസേന എത്തിക്കുന്നുണ്ട്. ഇതുവരെ 60 ടൺ സാധനങ്ങൾ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വിതരണം ചെയ്തു. വ്യോമസേനയുടെ സി -130 ജെ സൂപ്പർ ഹെർക്കുലീസ് വിമാനം വ്യാഴാഴ്ച മാലദ്വീപിൽ 6.2 ടൺ മരുന്നുകൾ എത്തിച്ചു.
സായുധ സേനയുടെ അഞ്ച് ആശുപത്രികളിൽ കോവിഡ് -19 പരിശോധന നടത്താൻ കഴിയുന്ന ലാബുകൾ ഒരുക്കിയിട്ടുണ്ട്. ഡൽഹി ആർമി ഹോസ്പിറ്റൽ, ബംഗളൂരു എയർഫോഴ്സ് കമാൻഡ് ഹോസ്പിറ്റൽ, പുനെ സായുധ സേന മെഡിക്കൽ കോളജ്, ലഖ്‌നോ കമാൻഡ് ഹോസ്പിറ്റൽ, ഉദംപൂർ കമാൻഡ് ഹോസ്പിറ്റൽ എന്നിവിടങ്ങളിലാണ് ലാബ് പ്രവൃത്തിക്കുന്നത്. ആറ് ആശുപത്രികൾ കൂടി ഉടൻ സജ്ജീകരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.