ഉപ്പ് നോക്കാൻ ഇനി രുചിച്ച് നോക്കേണ്ട, ഭക്ഷണത്തിലെ ഉപ്പ് അളക്കാനുള്ള ഉപകരണവുമായി കശ്മീരി വിദ്യാർഥികൾ
text_fieldsശ്രീനഗർ: ഭക്ഷണ പദാർഥങ്ങളിലും പാനീയങ്ങളിലും ഉപ്പ് അളക്കുന്നതിനുള്ള ഉപകരണം കണ്ടുപിടിച്ച് വിദ്യാർഥികൾ. വടക്കൻ കശ്മീരിലെ ബന്ദിപ്പോര ജില്ലയിലുള്ള ആറ് വിദ്യാർഥികളാണ് പുതിയ ഉപകരണവുമായി രംഗത്തെത്തിയത്.
'സ്മാർട് സ്പൂൺ' എന്നാണ് ഉപകരണത്തിന് പേരിട്ടത്. ചാലകതയുടെയും പ്രതിരോധത്തിന്റെയും അടിസ്ഥാന തത്വത്തിലാണ് ഇതിന്‍റെ പ്രവർത്തനം. ഉപകരണത്തിൽ ഘടിപ്പിച്ച സ്പൂണിന് പച്ചയും ചുവപ്പും നിറങ്ങളിലുള്ള ഡിസ് പ്ലേ ഘടിപ്പിച്ചിട്ടുണ്ട്. അത് ഭക്ഷണത്തിലെ ഉപ്പിന്റെ അളവ് സൂചിപ്പിക്കും. ഉപ്പിന്റെ അളവ് കൂടുമ്പോൾ പ്രകാശം പച്ചയിൽ നിന്ന് ചുവപ്പിലേക്കും ഉപ്പ് കുറയുമ്പോൾ ചുവപ്പിൽ നിന്ന് പച്ചയിലേക്കും നീങ്ങും.
വിദ്യാർഥി സംഘത്തിലെ സൈനബ് എന്ന പെൺകുട്ടി രക്തസമ്മർദ്ദമുള്ള തന്‍റെ മാതാവിനെ സഹായിക്കുന്നതിന് വേണ്ടിയാണ് ഇങ്ങനെയൊരു ഉപകരണത്തെ കുറിച്ച് ആദ്യമായി ചിന്തിക്കുന്നത്. തുടർന്ന് സുഹൃത്തുക്കളായ അദ്‌നാൻ ഫാറൂഖ്, തബിഷ് മുഷ്താഖ്, സീനത്ത്, തബസും മൻസൂർ, അമൻ എന്നിവർ സൈനബിനെ സഹായിച്ച് ഒപ്പം ചേരുകയായിരുന്നു.
''എന്‍റെ മാതാവ് രക്തസമ്മർദ്ദമുളളയാളാണ്. ഭക്ഷണ പദാർഥങ്ങളിൽ ഉപ്പ് രുചിച്ച് നോക്കാൻ അവർ നന്നേ പാടുപെടുന്നത് കണ്ടു. അങ്ങനെയാണ് ഞങ്ങൾ സ്മാർട് സ്പൂൺ കണ്ടുപിടിത്തത്തിലേക്കെത്തുന്നത്'' -സൈനബ് പറഞ്ഞു.
രക്തസമ്മർദ്ദം ഉള്ളവർക്ക് ഏറെ ഉപകാരപ്രദമായ സ്മാർട് സ്പൂൺ ഭാവിയിൽ എല്ലാ ആളുകൾക്കും ഒരുപോലെ ഗുണം ചെയ്യുമെന്നാണ് വിദ്യാർഥികളുടെ പ്രതീക്ഷ. തങ്ങളുടെ നേടത്തിൽ അഭിമാനമുണ്ടെന്ന് വിദ്യാർഥികൾ പറഞ്ഞു. ജഹാംഗീർ അഹമ്മദ് എന്ന ഇവരുടെ അധ്യാപകനാണ് വിദ്യാർഥികളുടെ പരീക്ഷണത്തിന് മേൽനോട്ടം വഹിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.