ചീറ്റകൾ ചത്തത് അണുബാധ കാരണമെന്ന് വിദഗ്ധൻ
text_fieldsഭോപാൽ: മധ്യപ്രദേശിലെ കുനോ നാഷനൽ പാർക്കിൽ ഒരാഴ്ചക്കുള്ളിൽ രണ്ട് ആൺ ചീറ്റകൾ ചത്തത് സെപ്റ്റിസീമിയ (രക്തത്തിൽ ബാക്ടീരിയയുടെ വിഷബാധ) കാരണമാണെന്ന് വിദഗ്ധർ. നനഞ്ഞ അന്തരീക്ഷത്തിൽ കഴുത്തിൽ റേഡിയോ കോളറുകളുള്ളതാണ് അണുബാധക്ക് കാരണമായതെന്നും ദക്ഷിണാഫ്രിക്കയിലെ വിദഗ്ധനായ വിൻസെന്റ് വാൻ ഡെർ മെർവെ പറഞ്ഞു. ദക്ഷിണാഫ്രിക്കയിൽ നിന്നെത്തിച്ച ആൺചീറ്റ സൂരജ് വെള്ളിയാഴ്ച ഷിയോപൂരിലെ കുനോ നാഷനൽ പാർക്കിൽ ചത്തിരുന്നു. മറ്റൊരു ആൺചീറ്റയായ തേജസ് ചൊവ്വാഴ്ചയും ചത്തു.
കഴിഞ്ഞ വർഷം സെപ്റ്റംബറിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി കൊട്ടിഘോഷിച്ച് ആരംഭിച്ച ചീറ്റപ്പുലി പുനരുദ്ധാരണ പരിപാടിയുടെ ഭാഗമായി എത്തിച്ച ചീറ്റകൾ പലതും ചത്തൊടുങ്ങുകയാണ്. നാലു മാസത്തിനുള്ളിൽ മൂന്ന് കുഞ്ഞുങ്ങളടക്കം എട്ടെണ്ണം ചത്തു. മറ്റു മൃഗങ്ങൾ മുറിവേൽപ്പിച്ചതല്ല മരണകാരണമെന്ന് വാൻ ഡെർ മെർവെ പറഞ്ഞു. ഇന്ത്യയിലുള്ള മറ്റു ചീറ്റകൾ ആരോഗ്യത്തോടെയുള്ളതായും അദ്ദേഹം കൂട്ടിച്ചേർത്തു. തേജസ് ചീറ്റ ചത്തത് മൃഗങ്ങൾ തമ്മിലുള്ള ആക്രമണത്തെ തുടർന്നാണെന്ന് സംശയിക്കുന്നതായി സംസ്ഥാന വനം വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞിരുന്നു. കഴുത്തിൽ മുറിവുകൾ കണ്ടെത്തിയതായും ഉദ്യോഗസ്ഥർ പറഞ്ഞു. വെള്ളിയാഴ്ച ചത്ത ചീറ്റ സൂരജിന്റെ കഴുത്തിലും മുതുകിലും മുറിവുകളുണ്ടായിരുന്നു.
പോസ്റ്റ്മോർട്ടം റിപ്പോർട്ടുകൾ ഭോപാലിലെ മുതിർന്ന അധികാരികൾക്ക് അയച്ചിട്ടുണ്ടെന്നും കൂടുതൽ വിശദീകരണത്തിനില്ലെന്നും കുനോ നാഷനൽ പാർക്ക് ഡയറക്ടർ ഉത്തം ശർമ പറഞ്ഞു.
ചീറ്റകളെ മാറ്റിപ്പാർപ്പിക്കില്ല
ഭോപാൽ: മധ്യപ്രദേശിലെ കുനോ ദേശീയ ഉദ്യാനത്തിൽ ചീറ്റപ്പുലികൾ ചാകുന്നത് തുടരുന്നതിനിടയിലും ബാക്കിയുള്ളവയെ മാറ്റിപ്പാർപ്പിക്കില്ലെന്ന് കേന്ദ്ര പരിസ്ഥിതി മന്ത്രി ഭൂപേന്ദർ യാദവ്. അന്താരാഷ്ട്ര വിദഗ്ധർ ഉൾപ്പെടെയുള്ളവരുമായി ബന്ധപ്പെടുന്നുണ്ടെന്നും ഇന്ത്യയിൽ നിന്നുള്ള സംഘം വിദേശരാജ്യങ്ങൾ സന്ദർശിച്ച് കൂടുതൽ പഠനം നടത്തുമെന്നും മന്ത്രി പറഞ്ഞു. ചീറ്റപ്പുലികളെ എത്തിച്ച് പരിപാലിക്കുന്ന പദ്ധതിക്കെതിരെ എതിർപ്പുയർന്നതോടെയാണ് മന്ത്രിയുടെ പ്രതികരണം. കഴിഞ്ഞയാഴ്ച രണ്ടെണ്ണമടക്കം എട്ടു ചീറ്റകളാണ് കുനോ പാർക്കിൽ ചത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.