ആശുപത്രിയിലെ ബയോഗ്യാസ് പ്ലാൻറിൽ ഗർഭസ്ഥ ശിശുക്കളുടെ തലയോട്ടികളും എല്ലുകളും; അന്വേഷണം
text_fieldsമുംബൈ: മഹാരാഷ്ട്രയിലെ ആശുപത്രിയിലെ ബയോഗ്യാസ് പ്ലാന്റിൽ ഗർഭസ്ഥ ശിശുക്കളുടെ തലയോട്ടികളും എല്ലുകളും. 11 തലയോട്ടികളും 54 എല്ലുകളുമാണ് പൊലീസ് കണ്ടെടുത്തത്. ആശുപത്രിയിൽ അനധികൃതമായി ഗർഭഛിദ്രം നടത്തിയിരുന്നതായാണ് പൊലീസിന്റെ സംശയം. വിദഗ്ധ പരിശോധനക്കായി അസ്ഥികൾ ഫോറൻസിക് ലാബിലേക്ക് അയച്ചതായി പൊലീസ് പറഞ്ഞു.
13കാരിയുടെ ഗർഭം അലസിപ്പിച്ചതുമായി ബന്ധപ്പെട്ട കേസിൽ അന്വേഷണം നടക്കുന്നതിനിടെയാണ് കണ്ടെത്തൽ. പ്രായപൂർത്തിയാകാത്ത ആൺകുട്ടിയിൽനിന്ന് ഗർഭം ധരിച്ച 13കാരിയെ നിയമവിരുദ്ധമായി ഗർഭഛിദ്രത്തിന് വിധേയമാക്കിയെന്നാണ് കേസ്. ആശുപത്രിയിലെ ഒരു ഡോക്ടറെയും നഴ്സിനെയും പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
പെൺകുട്ടിയെയും കുടുംബത്തെയും കൗമാരക്കാരന്റെ കുടുംബം നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നു. ഗർഭഛിദ്രം നടത്തണമെന്നായിരുന്നു കൗമാരക്കാരന്റെ കുടുംബത്തിന്റെ ആവശ്യം. തുടർന്ന് വാർധയിലെ ആശുപത്രിയിലെത്തി പെൺകുട്ടിയെ ഗർഭഛിദ്രത്തിന് വിധേയമാക്കി. കൗമാരക്കാരന്റെ കുടുംബമാണ് ഇതിനായി പണം നൽകിയതെന്നും പൊലീസ് പറയുന്നു.
ജനുവരി ഒമ്പതിന് ആശുപത്രിയിലെ ഡോക്ടറുടെയും നഴ്സിന്റെയും അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. 18വയസിൽ താഴെയുള്ള പെൺകുട്ടിയെ ഗർഭഛിദ്രത്തിന് വിധേയമാക്കിയപ്പോൾ അധികൃതരെ അറിയിച്ചില്ലെന്നാണ് ഡോക്ടർക്കെതിരായ കേസ്. കൗമാരക്കാരന്റെ മാതാപിതാക്കളെയും പൊലീസ് അറസ്റ്റ് ചെയ്തു.
അന്വേഷണത്തിന്റെ ഭാഗമായാണ് ആശുപത്രിയും പരിസരവും പൊലീസ് പരിശോധനക്ക് വിധേയമാക്കിയത്. പൊലീസ് ബയോഗ്യാസ് പ്ലാന്റ് പരിശോധിക്കുന്നതിന്റെയും എല്ലുകൾ ശേഖരിക്കുന്നതിന്റെയും ചിത്രങ്ങൾ പുറത്തുവന്നിരുന്നു. നിയമവിരുദ്ധമായാണോ ആശുപത്രിയിൽ ഗർഭഛിദ്രം നടത്തിയിരുന്നതെന്ന് പരിശോധിക്കുമെന്ന് പൊലീസ് കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.