പശുവിനെ അറുത്തെന്നാരോപിച്ച് അറവുശാലകളുടെ സ്വത്തുക്കൾ കണ്ടുകെട്ടി കർണാടക സർക്കാർ
text_fieldsബംഗളൂരു: അനധികൃത ഗോവധം ആരോപിച്ച് ദക്ഷിണ കന്നഡ ജില്ലാ ഭരണകൂടം അറവുശാലകളുടെ സ്വത്ത് കണ്ടുകെട്ടാനുള്ള നടപടികൾ വ്യാഴാഴ്ച ആരംഭിച്ചു. മംഗളൂരു സബ് ഡിവിഷൻ അസിസ്റ്റന്റ് കമ്മീഷണറും സബ് ഡിവിഷനൽ മജിസ്‌ട്രേറ്റുമായ സി. മദന മോഹനാണ് അനധികൃത ഗോവധം നടത്തിയതിന് സ്വത്തുക്കൾ കണ്ടുകെട്ടാൻ ഉത്തരവിട്ടത്.
അഡ്കൂർ, ബജൽ പകലഡ്ക, ജല്ലിഗുഡ്ഡെ, കട്ടപ്പുണി എന്നിവിടങ്ങളിലെ അറവുശാലകളുടെ സ്വത്തുക്കളാണ് ഉത്തരവിനെ തുടർന്ന് കണ്ടുകെട്ടിയത്. വസ്‌തുക്കളുടെയും വാഹനങ്ങളുടെയും മൂല്യനിർണയം ബന്ധപ്പെട്ട അധികാരികളിൽ നിന്ന് നേടാനും വസ്തുവിന്റെ ഏകദേശ മൂല്യം കോടതിയിൽ സമർപ്പിക്കാനും കങ്കനാടി അധികാരപരിധിയിലുള്ള പൊലീസിന് നിർദേശം നൽകിയിട്ടുണ്ട്. വസ്തു രേഖകളിൽ അറ്റാച്ച്മെന്റ് നടപടികൾ രേഖപ്പെടുത്താൻ ബന്ധപ്പെട്ട തഹസിൽദാർമാർക്ക് നിർദേശം നൽകി. കങ്കനാടി പൊലീസ് സ്റ്റേഷനിൽ അനധികൃത ഗോവധത്തിന് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.