വീട്ടിൽ പശുവിനെ അറുക്കുന്നത് ക്രമസമാധാന പ്രശ്നമല്ല; യു.പി പൊലീസ് ദേശസുരക്ഷ നിയമം ചുമത്തിയത് റദ്ദാക്കി ഹൈകോടതി വിധി
text_fieldsഅലഹബാദ്: വീട്ടിനുള്ളിൽ വെച്ച് പശുവിനെ അറുത്തുവെന്നതിന്‍റെ പേരിൽ യു.പിയിൽ ദേശസുരക്ഷ നിയമം ചുമത്തി ഒരുവർഷത്തിലേറെയായി തടങ്കലിലിട്ട മൂന്നുപേരെ േമാചിപ്പിക്കാൻ അലഹബാദ് ഹൈകോടതി ഉത്തരവ്. ദാരിദ്ര്യമോ പട്ടിണിയോ തൊഴിലില്ലായ്മയോ കാരണമാവാം ഹരജിക്കാർ ഈ ജോലി ചെയ്തതെന്നും വീട്ടിൽ രഹസ്യമായി പശുവിനെ അറുക്കുന്നത് ക്രമസമാധാനപ്രശ്നമല്ലെന്നും ചൂണ്ടിക്കാട്ടിയാണ് കോടതി വിധി. 2020 ജൂലൈയിൽ ഉത്തർപ്രദേശിലെ സീതാപൂർ പൊലീസ് അറസ്റ്റ് ചെയ്ത ഇർഫാൻ, പർവേസ്, റഹ്മത്തുല്ല എന്നിവർക്കാണ് മോചനം ലഭിച്ചത്.
വിൽപനക്കായി മാംസം മുറിക്കുന്നതിനിടെ സീതാപൂർ പൊലീസ് പർവേസിനെയും ഇർഫാനെയും വീട്ടിൽവെച്ച് പിടികൂടുകയായിരുന്നു. ഇതേകേസിൽ റഹ്മത്തുല്ല, കരീം, റാഫി എന്നിവരെ പിന്നീടും അറസ്റ്റ് ചെയ്തു. ഇവർക്കെതിരെ ഗോവധ നിരോധന നിയമവും ദേശസുരക്ഷാ നിയമവും (എൻ.എസ്.എ)ആണ് ചുമത്തിയത്. പ്രതികളുടെ ജാമ്യാപേക്ഷ കോടതി പരിഗണിച്ചപ്പോൾ, ഇവരെ വിട്ടയക്കുന്നത് ക്രമസമാധാനം തകർക്കുമെന്നായിരുന്നു സീതാപൂർ പൊലീസ് സൂപ്രണ്ടും സ്റ്റേഷൻ ഹൗസ് ഓഫീസറും ജില്ലാ മജിസ്‌ട്രേറ്റിനെ ബോധിപ്പിച്ചത്. ഇതുപരിഗണിച്ച് 2020 ഓഗസ്റ്റ് 14ന് ജില്ലാ കോടതി ദേശസുരക്ഷ നിയമപ്രകാരം ഇർഫാൻ, പർവേസ്, റഹമത്തുല്ല എന്നിവരെ കരുതൽ തടങ്കലിലിട്ടു.
സംഭവമറിഞ്ഞ് ഹിന്ദു മതത്തിൽപെട്ട ചിലർ പ്രതിയുടെ വീടിന് സമീപം തടിച്ചുകൂടിയെന്നും പശുവിനെ അറുത്തത് പ്രദേശത്ത് സാമുദായിക സൗഹാർദ്ദത്തിന് വിഘാതമുണ്ടാക്കിയെന്നുമാണ് എൻഎസ്‌എ ചുമത്താൻ കാരണമായി സർക്കാർ ചൂണ്ടിക്കാട്ടിയത്. 'മേഖലയിൽ ഭയവും ഭീകരാന്തരീക്ഷവും സൃഷ്ടിക്കപ്പെട്ടു. ക്രമസമാധാനം തകരാറിലായി. ജനങ്ങൾ സംഘടിക്കുന്നത് സംഘർഷത്തിനിടയാക്കും' എന്നായിരുന്നു പബ്ലിക് പ്രോസിക്യൂട്ടറുടെ വാദം.
പിന്നീട് എൻ.എസ്.എ റദ്ദാക്കണമെന്നാവശ്യെപ്പട്ട് പ്രതികൾ ഹർജി നൽകി. വീട്ടിൽ രഹസ്യമായി അറുത്തതിന് കരുതൽ തടങ്കലിൽ അടക്കേണ്ട കാര്യമില്ലെന്നായിരുന്നു അഭിഭാഷകന്‍റെ വാദം. ഇത് ശരിവെച്ച അലഹബാദ് ഹൈക്കോടതി ജസ്റ്റിസുമാരായ രമേശ് സിൻഹ, സരോജ് യാദവ് എന്നിവർ എൻ.എസ്.എ റദ്ദാക്കി. ഹരജിക്കാർ പൊതുജനമധ്യത്തിൽ അക്രമേണാത്സുകതയോടെ പെരുമാറുകയോ ക്രമസമാധാനം തകർക്കുകയോ ചെയ്തിട്ടില്ലെന്ന് നിരീക്ഷിച്ച ബെഞ്ച്, പുലർച്ചെ 5.30ന് വീടിനുള്ളിൽ പശുവിനെ അറുക്കുന്നത് ക്രമസമാധാനത്തെ ബാധിക്കില്ലെന്ന് ചൂണ്ടിക്കാട്ടി. 'ദാരിദ്ര്യമോ തൊഴിലില്ലായ്മയോ പട്ടിണിയോ ആയിരിക്കും ഹർജിക്കാരെയും മറ്റ് പ്രതികളെയും ബീഫ് വിൽപന നടത്താൻ പ്രേരിപ്പിച്ചത്'' - കോടതി പറഞ്ഞതായി സ്ക്രോൾ ഡോട്ട് ഇൻ റിപ്പോർട്ട് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.