ചെറിയ പാർട്ടികളെ അവഗണിച്ചു; പ്രതിഷേധത്തിനൊടുവിൽ വഴങ്ങി
text_fieldsന്യൂഡൽഹി: സ്പീക്കർ തെരഞ്ഞെടുപ്പിനുശേഷം കക്ഷിനേതാക്കളെ അനുമോദന പ്രസംഗത്തിന് വിളിച്ചപ്പോൾ ഓം ബിർള ചെറിയ പാർട്ടികളെ അവഗണിച്ചത് ലോക്സഭയിൽ പ്രതിഷേധത്തിനിടയാക്കി. എ.ഐ.എം.ഐ.എം അധ്യക്ഷൻ അസദുദ്ദീൻ ഉവൈസിയുടെ സമയം എത്തുന്നതിന് തൊട്ടുമുമ്പ് നേതാക്കളുടെ പ്രസംഗം അവസാനിപ്പിച്ച് സ്പീക്കർ ഓം ബിർള മറ്റു നടപടികളിലേക്ക് കടക്കുകയായിരുന്നു.
ഇതോടെ അവസരം ലഭിക്കാത്തവർ ബഹളം വെച്ചു. സ്പീക്കർ ഇരിക്കാൻ ആവശ്യപ്പെട്ടിട്ടും അസദുദ്ദീൻ ഉവൈസി അടക്കമുള്ളവർ ഇരുന്നില്ല.
ഒടുവിൽ ഒരു മിനിറ്റ് വീതം സമയം അനുവദിക്കുകയാണെന്ന് വ്യക്തമാക്കി സംസാരിക്കാൻ അനുവദിച്ചതോടെയാണ് ബഹളം അവസാനിച്ചത്. ചെറിയ പാർട്ടികൾക്ക് അർഹമായ അവകാശം അനുവദിക്കണമെന്ന് പിന്നീട് സംസാരിച്ച അസദുദ്ദീൻ ഉവൈസിയും ആസാദ് സമാജ്‍വാദി പാർട്ടി നേതാവ് ചന്ദ്രശേഖർ ആസാദും ആവശ്യപ്പെട്ടു.
സി.പി.എം പ്രതിനിധി അംറ റാം, വിടുതലൈ ചിരുത്തൈകൾ കച്ചി നേതാവ് തോൾ തിരുമാവളവൻ, ആം ആദ്മി പാർട്ടി എം.പി രാജ്കുമാർ, നാഷനൽ കോൺഫറൻസ് അംഗം റൂഹുല്ല മെഹദി, കേരള കോൺഗ്രസ് അംഗം ഫ്രാൻസിസ് ജോർജ്, സ്വതന്ത്രനായി വിജയിച്ച പപ്പുയാദവ്, ഭാരത് ആദിവാസി പാർട്ടി അംഗം രാജ്കുമാർ റാവത്ത്, എൻ.ഡി.എ സഖ്യകക്ഷിയായ ആന്ധ്രയിലെ ജനസേന പാർട്ടി അംഗം എന്നിവർക്കാണ് പ്രതിഷേധത്തിനൊടുവിൽ അവസരം ലഭിച്ചെങ്കിലും പ്രസംഗം പൂർത്തിയാക്കാൻ സ്പീക്കർ അനുവദിച്ചില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.