വൻകിട ഡ്രഗ് സിൻഡിക്കേറ്റിനെ പിടിക്കുന്നില്ല; ലഹരി കേസുകളിൽ വിമർശനവുമായി സുപ്രീംകോടതി
text_fieldsന്യൂഡൽഹി: ലഹരി കേസുകളിൽ വിമർശനവുമായി സുപ്രീംകോടതി. കേസുകളിൽ വൻകിട സിൻഡിക്കേറ്റുകളെ പിടിക്കുന്നില്ലെന്നും ചെറിയ കുറ്റവാളികളെ മാത്രമാണ് പിടികൂടുന്നതെന്നുമാണ് കോടതി പരാമർശം. ലഹരി കേസിലെ വിചാരണതടവുകാരന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നവേളയിലാണ് സുപ്രീംകോടതിയിൽ നിന്നും വാക്കാലുള്ള പരാമർശമുണ്ടായത്.
മധ്യപ്രദേശിൽ കർഷകനിൽ നിന്നും കറുപ്പ് കണ്ടെത്തിയതുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുമ്പോഴാണ് കോടതി പരാമർശം. കേസിൽ പ്രതിയുടെ ജാമ്യാപേക്ഷയെ സംസ്ഥാന സർക്കാർ എതിർത്തിരുന്നു. ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് ജാമ്യാപേക്ഷ പരിഗണിച്ചത്.
നിങ്ങൾ ചെറിയ മയക്കുമരുന്ന് വിൽപനക്കാരെ മാത്രമാണ് പിടികൂടുന്നത്. യഥാർഥ കുറ്റവാളികളെ അല്ല. ഡ്രഗ് സിൻഡിക്കേറ്റ് നടത്തുന്നവരെ പിടികൂടാൻ സാധിക്കുന്നില്ലെന്നും കോടതി വിമർശനം ഉന്നയിച്ചു. കേസിലെ കുറ്റാരോപിതൻ അഞ്ച് വർഷം ജയിൽ കിടന്നു. പരമാവധി 10 വർഷം തടവ് ലഭിക്കാവുന്ന കുറ്റമാണ് ഇയാൾ ചെയ്തത്.
ഇയാളുടെ കൃഷിയിടത്തിൽ നിന്നാണ് കറുപ്പ് കണ്ടെടുത്തത്. ഇയാൾ കറുപ്പ് കടത്തിയെന്ന് പറയാനാവില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. അതേസമയം, മുമ്പും ഇയാൾ സമാനമായ കേസിൽ ഉൾപ്പെട്ടിട്ടുണ്ടെന്നായിരുന്നു സംസ്ഥാന സർക്കാർ വാദം. സർക്കാറിനായി അഡീഷണൽ സോളിസിറ്റർ ജനറൽ വിക്രംജിത് ബാനർജി കോടതിയിൽ ഹാജരായി. ഒടുവിൽ പ്രതിക്ക് സുപ്രീംകോടതി ജാമ്യം അനുവദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.