രാഷ്ട്രീയ ചിത്രത്തിൽ ഇല്ലാത്ത ബംഗാളിലെ പുകയുന്ന ജീവിതങ്ങൾ
text_fieldsബംഗാളിലെ അസംഘടിത മേഖലയിൽ 20 ലക്ഷത്തോളം പേർക്ക് തൊഴിൽ ലഭിക്കുന്ന കുടിൽ വ്യവസായമാണ് ബീഡിതെറുപ്പ്. 90 ശതമാനവും സ്ത്രീകളാണ് ഈ മേഖലയിൽ ജോലി ചെയ്യുന്നത്.
സംസ്ഥാന ഗ്രാമീണ സമ്പദ് വ്യവസ്ഥക്ക് മുതൽക്കൂട്ടാവുന്ന തൊഴിൽ മേഖലയിലുണ്ടായ ഉയർന്ന ചൂഷണം തെരഞ്ഞെടുപ്പ് അടുത്തിട്ടും രാഷ്ട്രീയ ചർച്ചയാവാത്തതിന്റെ നീരസം ബീഡി നിർമാണ സ്ത്രീ തൊഴിലാളികൾക്കിടയിൽ ശക്തമാണ്. ദീർഘനേരം ഇരുന്ന് ജോലി ചെയ്യുന്നതിനാലുണ്ടാകുന്ന ശാരീരിക പ്രശ്നങ്ങൾ, പുകയില ശ്വസിച്ചുണ്ടാകുന്ന ശ്വാസകോശ പ്രശ്നങ്ങൾ തുടങ്ങിയ പ്രതിസന്ധികളാണ് ഈ തൊഴിലാളികൾ അഭിമുഖീകരിക്കുന്നത്.
കൊൽക്കത്ത-സിൽഗുഡി ദേശീയ പാതയിലെ ഉമർപൂരിൽനിന്നും പൊട്ടിപ്പൊളിഞ്ഞ ഗ്രാമീണ പാതയിലൂടെ കിലോമീറ്ററുകൾ താണ്ടി വേണം ബീർഭൂം ലോക്സഭ മണ്ഡലത്തിലെ ലംബപ്പാറയിലെത്താൻ. ഇന്ത്യയിലെ ബീഡി വ്യവസായത്തിന്റെ തലസ്ഥാനമെന്ന് അറിയപ്പെടുന്ന മുർഷിദാബാദ് മേഖലയിലെ ഗ്രാമങ്ങളിലൊന്ന്.
ദാരിദ്ര്യം മറികടക്കാൻ സ്ത്രീകളെല്ലാം ബീഡി നിർമാണത്തിലേർപ്പെട്ടവരാണ്. പ്രതിദിനം 1,000 ബീഡി വരെ നിർമിക്കും. ഇതിന് ഇടനിലക്കാർ നൽകുന്നത് 160 രൂപ മുതൽ 180 രൂപ വരെയാണ്. സംസ്ഥാന സർക്കാർ നിയമപ്രകാരം മിനിമം വേതനം 278 രൂപയാണ്.
വേതനം വർധിപ്പിക്കാനോ തൊഴിൽ മൂലമുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങൾക്ക് ഉയർന്ന ചികിത്സ ലഭ്യമാക്കാനോ ഒരു സഹായവും തങ്ങൾക്ക് കിട്ടുന്നില്ലെന്ന് ബീഡി നിർമാണ തൊഴിലാളിയായ നജ്മ ഖാത്തുൻ പറഞ്ഞു. ഭാരത് ജോഡ് ന്യായ് യാത്രക്കിടെ മുർഷിദാബാദിലെത്തിയ രാഹുൽ ഗാന്ധി ബീഡി തൊഴിലാളികളുമായി സംവദിച്ചതോടെയാണ് ചെറുതായെങ്കിലും വിഷയം തെരഞ്ഞെടുപ്പ് കാലത്ത് ഉയർന്നുവന്നത്. പിന്നീട് ഇതിന് തുടർച്ചയുണ്ടായിട്ടില്ലെന്നും അവർ കുറ്റപ്പെടുത്തി.
കേരളത്തിൽനിന്ന് വ്യത്യസ്തമായി വൻകിട, ചെറുകിട സ്വകാര്യ വ്യവസായങ്ങളാണ് ബംഗാളിലെ ബീഡി നിർമാണ മേഖലയെന്ന് പ്രാദേശിക സി.പി.എം നേതാവായ യൂസുഫ് ശെയ്ഖ് പറഞ്ഞു. സർക്കാർ നിരീക്ഷണം ഇല്ലാത്തതും തൊഴിലാളികൾ അസംഘടിതരായതും തൊഴിൽചൂഷണത്തിന് വലിയ കാരണമാകുന്നു.
ദാരിദ്ര്യം രൂക്ഷമായ ഗ്രാമങ്ങളിലുള്ള തൊഴിൽ നഷ്ടമാകുമെന്ന ഭയവും ഇടനിലക്കാരുടെ ഭീഷണിയുംമൂലം ചൂഷണത്തിനെതിരെ അവരെ സംഘടിപ്പിക്കാനുള്ള ശ്രമം വിജയിക്കുന്നില്ല. മുർഷിദാബാദിന് പുറത്ത് ചില പ്രദേശങ്ങളിൽ സി.ഐ.ടി.യുവിന്റെ നേതൃത്വത്തിൽ സമരം നടന്നിരുന്നുവെന്നും യൂസുഫ് കൂട്ടിച്ചേർത്തു.
സർക്കാർ തൊഴിലാളികൾക്ക് ആവശ്യമായ സഹായം നൽകുന്നുണ്ടെന്നും എന്നാൽ, ഇടനിലക്കാരുടെ ചൂഷണമാണ് നടക്കുന്നതെന്നും തൃണമൂൽ കോൺഗ്രസ് പ്രാദേശിക നേതാവ് നജ്മുൽ വ്യക്തമാക്കി. മിനിമം വേതനം 300 രൂപയാക്കുക, തൊഴിൽ തിരിച്ചറിയൽ രേഖ നൽകുക, ഇടനിലക്കാരുടെ ചൂഷണം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് തെരഞ്ഞെടുപ്പിൽ ചർച്ചയാവേണ്ടതെന്ന് സ്ത്രീ തൊഴിലാളികൾ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.