സ്മൃതിരോഷത്തിൽ പ്രസാർ ഭാരതി പിടയുന്നു
text_fieldsന്യൂഡൽഹി: ചലച്ചിത്രമേളയുടെ ചടങ്ങ് സ്വകാര്യകമ്പനിക്ക് പുറംകരാർ നൽകാനുള്ള കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിെൻറ നിർദേശം പ്രസാർ ഭാരതി തള്ളി; പ്രതികാര നടപടിയായി പ്രസാർ ഭാരതിക്കുള്ള ശമ്പള ഫണ്ട് മന്ത്രാലയം തടഞ്ഞു. ആകാശവാണി, ദൂരദർശൻ ജീവനക്കാർക്ക് ശമ്പളം നൽകാൻ പണമില്ലാതെ പ്രസാർ ഭാരതി കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ.കഴിഞ്ഞ ഡിസംബർ മുതലുള്ള ഫണ്ടാണ് കേന്ദ്രം പിടിച്ചുെവച്ചിരിക്കുന്നത്. അടിയന്തരാവശ്യങ്ങൾക്കുള്ള കണ്ടിൻജൻസി ഫണ്ടിൽനിന്നാണ് ജനുവരിയിലും ഫെബ്രുവരിയിലും ശമ്പളം നൽകിയത്. അടുത്തമാസത്തോടെ ഇൗ ഫണ്ടും തീരും. ശമ്പളഫണ്ടായി 2800 കോടിയാണ് ബജറ്റിൽ കേന്ദ്രം നീക്കിവെക്കുന്നത്. ഇതിൽനിന്ന് ഒാരോ മാസവും ശമ്പളതുക നൽകുകയാണ് പതിവ്. 5000 ജീവനക്കാരാണ് പ്രസാർഭാരതിയിലുള്ളത്.
2017ലെ ഗോവ അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ ഉദ്ഘാടന, സമാപന പരിപാടി തത്സമയം സംപ്രേഷണം ചെയ്ത വകയിൽ മുംബൈയിലെ സോൾ പ്രൊഡക്ഷൻസ് എന്ന സ്വകാര്യകമ്പനിക്ക് മൂന്നുകോടി രൂപ നൽകണമെന്നായിരുന്നു മന്ത്രാലയത്തിെൻറ ആവശ്യം. മന്ത്രാലയത്തിനുകീഴിലെ നാഷനൽ ഫിലിം െഡവലപ്മെൻറ് കോർപറേഷനാണ് 2.92 കോടി രൂപ സ്വകാര്യ കമ്പനിക്കുനൽകാൻ നിർദേശിച്ചത്. എന്നാൽ, പരിപാടി കവർ ചെയ്യാനുള്ള സംവിധാനം തങ്ങൾക്ക് സ്വന്തമായി ഉള്ളതിനാൽ പുറംകരാറിന് പണം നൽകാനാകില്ലെന്നായിരുന്നു ദൂരദർശെൻറ മറുപടി. ചലച്ചിത്രമേളയുടെ തുടക്കം മുതൽ എല്ലാ ചടങ്ങുകളും ദൂരദർശനാണ് കവർ ചെയ്തിരുന്നത്. സ്മൃതി ഇറാനി മന്ത്രിയായതോടെയാണ് സ്വകാര്യകമ്പനിയെ ഏൽപിച്ചത്.
പുറംകരാറിനുപുറമേ ഉയർന്ന ശമ്പളത്തിൽ രണ്ട് മാധ്യമപ്രവർത്തകരെ നിയമിക്കാനുള്ള നിർദേശവും പ്രസാർഭാരതി തള്ളിയിരുന്നു. സിദ്ധാർഥ് സറാബി, അഭിജിത് മജൂംദാർ എന്നിവരെ ന്യൂസ് ഒാപറേഷൻസ് മേധാവിമാരാക്കാൻ മന്ത്രി സ്മൃതി ഇറാനിയാണ് നിർദേശിച്ചത്. കൂടാതെ, ആകാശവാണിയിലെയും ദൂരദർശനിലെയും കരാർ ജോലിക്കാരെ പിരിച്ചുവിടാനുള്ള മന്ത്രാലയത്തിെൻറ നിർദേശവും പ്രസാർ ഭാരതി ബോർഡ് തള്ളിയിരുന്നു. ഇതെല്ലാമാണ് മന്ത്രിയെ ചൊടിപ്പിച്ചത്.
ഫെബ്രുവരി 15ന് നടന്ന ബോർഡ് യോഗത്തിൽ പ്രസാർ ഭാരതിയുടെ സ്വയംഭരണാവകാശത്തെ ദുർബലമാക്കാനുള്ള കേന്ദ്രനീക്കത്തിൽ കടുത്ത പ്രതിഷേധമുയർന്നിരുന്നു. ബജറ്റിൽ അനുവദിച്ച പണം തടഞ്ഞുെവക്കാൻ കേന്ദ്രത്തിന് അവകാശമില്ലെന്ന് ചെയർമാൻ സൂര്യപ്രകാശ് വ്യക്തമാക്കി. അതിനിടെ, വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയം നിഷേധവുമായി രംഗത്തെത്തി. സർക്കാറിനെ താറടിച്ചുകാണിക്കുന്നതാണ് റിപ്പോർെട്ടന്ന് മന്ത്രാലയം പ്രസ്താവനയിൽ കുറ്റപ്പെടുത്തി. ജീവനക്കാരുടെ താൽപര്യം സംരക്ഷിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണ്. സർക്കാറിൽനിന്ന് ധനസഹായം ലഭിക്കുന്ന സ്വയംഭരണസ്ഥാപനങ്ങൾ, സാമ്പത്തികവർഷം എന്തിനുവേണ്ടിയെല്ലാം പണം ചെലവാക്കുന്നുവെന്ന് വ്യക്തമാക്കുന്ന ധാരണാപത്രം ഒപ്പിടണം. എന്നാൽ, മന്ത്രാലയം നിരന്തരം ഒാർമിപ്പിച്ചിട്ടും
പ്രസാർഭാരതി ധാരണാപത്രം ഒപ്പിട്ടിട്ടില്ലെന്ന്് പ്രസ്താവനയിൽ പറയുന്നു. എന്നാൽ, ശമ്പളഫണ്ട് തടഞ്ഞുവച്ചെന്ന ആരോപണത്തെക്കുറിച്ച് പ്രസ്താവന മൗനം പാലിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.