മൂന്നാം മോദി സർക്കാർ: സ്മൃതി ഇറാനിയും അനുരാഗ് ഠാക്കൂറും രാജീവ് ചന്ദ്രശേഖറും പടിക്കു പുറത്ത്
text_fieldsന്യൂഡൽഹി: സ്മൃതി ഇറാനി, അനുരാഗ് ഠാക്കൂർ, നാരായൺ റാണെ എന്നിവർ മൂന്നാം മോദി സർക്കാരിലുണ്ടാകില്ലെന്ന് സൂചന. ലോക്സഭ തെരഞ്ഞെടുപ്പിൽ സ്മൃതി ഇറാനി അമേത്തിയിൽ കോൺഗ്രസിന്റെ വിശ്വസ്തനായ കിഷോരി ലാലിൽ നിന്ന് പരാജയം ഏറ്റുവാങ്ങിയിരുന്നു. 1.6 ലക്ഷം വോട്ടുകൾക്കാണ് സ്മൃതി അമേത്തിയിൽ പരാജയപ്പെട്ടത്. രണ്ടാം മോദി സർക്കാരിൽ വനിത ശിശുവികസന മന്ത്രിയായിരുന്നു സ്മൃതി. 2019ൽ അമേത്തിയിൽ രാഹുൽ ഗാന്ധിയെ ആണ് അവർ പരാജയപ്പെടുത്തിയത്.
ഹിമാചൽ പ്രദേശിലെ ഹാമിർപുർ മണ്ഡലത്തിൽ നിന്ന് വിജയിച്ച ഠാക്കൂറും ഇക്കുറി മന്ത്രിസഭയിലുണ്ടാകില്ലെന്നാണ് റിപ്പോർട്ട്. രണ്ടാം മോദി സർക്കാരിൽ വാർത്ത വിതരണ, സ്പോർട്സ് വകുപ്പുകളാണ് ഠാക്കൂർ കൈകാര്യം ചെയ്തത്.
ലോക്സഭ തെരഞ്ഞെടുപ്പിൽ മഹാരാഷ്ട്രയിലെ രത്നഗിരി മണ്ഡലത്തിൽ നിന്ന് വിജയിച്ച നാരായൺ റാണെ ചെറുകിട വ്യവസായ വികസന മന്ത്രിയായിരുന്നു. തിരുവനന്തപുരത്ത് ശശി തരൂരിനോട് പരാജയം ഏറ്റുവാങ്ങിയ രാജീവ് ചന്ദ്രശേഖറും മന്ത്രിസഭയിലുണ്ടാകില്ലെന്നാണ് സൂചന. അമിത് ഷാ, രാജ്നാഥ് സിങ്, നിർമല സീതാരാമൻ, എസ്.ജയ്ശങ്കർ, നിതിൻ ഗഡ്കരി എന്നിവർക്ക് പഴയ വകുപ്പുകൾ തന്നെ ലഭിക്കുമെന്നാണ് കരുതുന്നത്. മനുസുഖ് മാധവ്യ, പീയുഷ് ഗോയൽ, അശ്വിനി വൈഷ്ണവ്, ധർമേന്ദ്ര പ്രധാൻ, ഭൂപേന്ദ്ര യാദവ്, പ്രഹ്ലാദ് ജോഷി, കിരൺ റിജിജു, സി.ആർ. പാട്ടീൽ, എൽ. മുരുഗൻ, ഹർദീപ് പുരി, എൽ.എൽ. ഖട്ടാർ, ശിവരാജ് സിങ് ചൗഹാൻ, ഗജേന്ദ്ര ശെഖാവത്ത്, സുരേഷ് ഗോപി, ജോർജ് കുര്യൻ, ജിതിൻ പ്രസാദ എന്നിവരാണ് പുതിയ മന്ത്രിസഭയിലുണ്ടാവുക.
എൻ.ഡി.എ സഖ്യകക്ഷികളായ ജെ.ഡി.യു സെക്കുലർ നേതാവ് എച്ച്.ഡി. കുമാരസ്വാമി, ജയന്ത് ചൗധരി,പ്രതാപ് യാദവ്, രാം മോഹൻ നായിഡു, സുദേഷ് മഹാതോ, ലല്ലൻ സിങ് എന്നിവരും മന്ത്രിസഭയിലുണ്ടാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.