‘എന്റെ പിതാവിനെ പ്യൂണെന്ന് വിളിച്ച സ്മൃതി ഇറാനിക്കു മുന്നിൽ ഇപ്പോൾ അക്കങ്ങളാണല്ലോ ഉള്ളത്’ -കിഷോരി ലാലിന്റെ മകൾ
text_fieldsഅമേത്തി: കിഷോരി ലാൽ ശർമ തന്റെ എതിരാളിയായി അമേത്തിയിൽ മത്സരിക്കാനെത്തുമ്പോൾ ബി.ജെ.പി നേതാവ് സ്മൃതി ഇറാനിയുടെ വാക്കുകളിലുടനീളം തികഞ്ഞ പരിഹാസമായിരുന്നു. അഹങ്കാരവും ധാർഷ്ട്യവും നിറഞ്ഞ സ്മൃതിയുടെ വാക്പ്രയോഗങ്ങളിൽ കിഷോരിലാലിനെതിരെ നിറഞ്ഞുനിന്നത് പുച്ഛവും കളിയാക്കലുകളും. ഗാന്ധി കുടുംബത്തിന്റെ പ്യൂൺ, രാഹുൽ ഗാന്ധിയുടെ വേലക്കാരൻ തുടങ്ങി ഒട്ടും പ്രതിപക്ഷ ബഹുമാനമില്ലാതെയാണ് എതിർ സ്ഥാനാർഥിയെക്കുറിച്ച് സ്മൃതിയും മറ്റു ബി.ജെ.പി നേതാക്കളും സംസാരിച്ചത്. 2019ൽ രാഹുലിനെ വീഴ്ത്തിയ തനിക്ക് കിഷോരി ലാൽ ഒട്ടും ‘ഇര പോരാ’ എന്ന ഭാവമായിരുന്നു സ്മൃതി പ്രചാരണത്തിലുടനീളം പ്രസരിപ്പിച്ചിരുന്നത്.
ഫലം വന്നു കഴിഞ്ഞപ്പോൾ പക്ഷേ, എല്ലാം കീഴ്മേൽ മറിഞ്ഞു. ഗാന്ധികുടുംബത്തിന്റെ പാവയെന്ന് വിളിച്ച് കളിയാക്കിയ ശർമയോട് വമ്പും വീറും കാട്ടിയ സ്മൃതി ഇറാനിയെന്ന പഴയ സീരിയൽ നടി എട്ടുനിലയിൽ പൊട്ടി. ഒന്നും രണ്ടുമല്ല, 160000ലേറെ വോട്ടുകൾക്കായിരുന്നു രാജ്യം വിസ്മയത്തോടെ നോക്കിക്കണ്ട ആ ദയനീയ തോൽവി.
സ്മൃതിയുടെ ആ തോൽവി അങ്ങേയറ്റത്തെ അഹന്തക്കേറ്റ അടിയായിരുന്നു. അതാഘോഷിക്കുകയാണിപ്പോൾ അമേത്തിയിലെ വലിയൊരു വിഭാഗം ജനങ്ങളും രാജ്യത്തെ ബി.ജെ.പി വിരുദ്ധ പാർട്ടികളിലെ അണികളും. 40 വർഷം അമേത്തിയുടെ മുക്കുമൂലകളിൽ ഗാന്ധികുടുംബത്തിന്റെ വിശ്വസ്തനായി കടന്നുചെന്ന കിഷോരിലാലിനെ ആ നാട് നെഞ്ചേറ്റുമ്പോൾ അദ്ദേഹത്തിന്റെ ബന്ധുക്കൾക്കും ഒരുപാട് പറയാനുണ്ട്. അവർക്ക് പറയാനുള്ളത് അധികവും സ്മൃതി ഇറാനിയോടു തന്നെയാണ്.
‘എന്റെ പിതാവിനെ സ്മൃതി ഇറാനി പ്യൂണെന്നോ വേലക്കാരനെന്നോ എന്തുവേണമെങ്കിലും വിളിച്ചോട്ടെ. പക്ഷേ, നമുക്കു മുമ്പിൽ ഇപ്പോൾ അക്കങ്ങളാണല്ലോ ഉള്ളത്’ -സ്മൃതിയെ ട്രോളി കിഷോരി ലാൽ ശർമയുടെ മകൾ അഞ്ജലി പറയുന്ന വാക്കുകൾ സമൂഹ മാധ്യമങ്ങളിൽ നിറയുകയാണ്. പ്രിയങ്ക ഗാന്ധിയെ ‘അഭിനയിച്ചു’ കാട്ടിയ സ്മൃതി നല്ല നടിയാണെന്നും അവർക്ക് നന്നായി അഭിനയിക്കാനറിയുമെന്നും അഞ്ജലി ഒരു പ്രാദേശിക മാധ്യമത്തോടു പ്രതികരിച്ചു.
അമേത്തി എക്കാലവും തങ്ങളുടെ കുടുംബമാണെന്ന് അഞ്ജലി പറയുന്നു. അർധരാത്രി വീട്ടിലെത്തുകയും അതിരാവിലെ വീണ്ടും പോവുകയും ചെയ്യുന്ന പിതാവിന്റെ ജീവിതത്തിൽ പൊതുസേവനം അത്രമാത്രം ഇഴുകിച്ചേർന്നിരിക്കുവെന്നും കിഷോരിലാൽ ശർമയുടെ പുത്രിമാർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.