'2024ൽ അമേത്തിയിൽ രാഹുൽ ഗാന്ധിയെ മത്സരിപ്പിക്കൂ'; കോൺഗ്രസിനെ വെല്ലുവിളിച്ച് സ്മൃതി ഇറാനി
text_fieldsന്യൂഡൽഹി: മകൾക്ക് ഗോവയിൽ അനധികൃത ബാറുണ്ടെന്ന ആരോപണത്തിനു പിന്നാലെ കോൺഗ്രസിനെ രൂക്ഷമായി വിമർശിച്ച് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. 2024 ലോക്സഭ തെരഞ്ഞെടുപ്പിൽ അമേത്തി മണ്ഡലത്തിൽ മത്സരിക്കാൻ രാഹുൽ ഗാന്ധിയെ അവർ വെല്ലുവിളിച്ചു.
മകൾ ഗോവയിൽ അനധികൃതമായാണ് ബാർ നടത്തുന്നതെന്നും കേന്ദ്രമന്ത്രിയെ പുറത്താക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി തയാറാകണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ആരോപണങ്ങളെല്ലാം സ്മൃതി ഇറാനി നിഷേധിച്ചു. നാഷനൽ ഹെറാൾഡ് കള്ളപ്പണ കേസിലെ 5,000 കോടി കൊള്ളക്കെതിരെ സോണിയക്കെതിരെയും രാഹുൽ ഗാന്ധിക്കെതിരെയും വാചാലമായതിനാണ് കോൺഗ്രസ് തന്‍റെ മകളെ ലക്ഷ്യമിടുന്നതെന്ന് സ്മൃതി കുറ്റപ്പെടുത്തി.
ഒന്നാം വർഷ കോളജ് വിദ്യാർഥിനിയായ, പതിനെട്ടുകാരിയായ മകൾ ഒരു ബാറും നടത്തുന്നില്ല. ആരോപണത്തിൽ കോടതിയെയും ജനങ്ങളുടെ കോടതിയെയും സമീപിക്കുമെന്നും വാർത്തസമ്മേളനത്തിൽ അവർ വ്യക്തമാക്കി. 'ഈ വാർത്തസമ്മേളനം നടത്താൻ എന്നെ പ്രേരിപ്പിച്ചത് ഗാന്ധി കുടുംബമാണ്. 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ അമേത്തിയിൽനിന്ന് മത്സരിക്കാൻ രാഹുൽ ഗാന്ധിയെ മടക്കികൊണ്ടുവരാൻ ഞാൻ നിങ്ങളോട് പറയുന്നു, അദ്ദേഹം വീണ്ടും തോൽക്കും. ബി.ജെ.പി പ്രവർത്തക എന്ന നിലയിലും അമ്മയെന്ന നിലയിലും അതാണ് എന്റെ വാഗ്ദാനം' -സ്മൃതി ഇറാനി പറഞ്ഞു.
സില്ലി സോൾസ് എന്ന പേരിൽ ഗോവയിൽ റസ്റ്റാറന്‍റ് നടത്തുന്നില്ലെന്നും തനിക്ക് ഒരു അതോറിറ്റിയിൽ നിന്നു നോട്ടീസ് ലഭിച്ചിട്ടില്ലെന്നും സ്മൃതി ഇറാനിയുടെ മകൾ കിരാട്ട് നാഗ്രയുടെ അഭിഭാഷക പറഞ്ഞു. സ്മൃതി ഇറാനിയെ അപകീർത്തിപ്പെടുത്താനായി സമൂഹമാധ്യമങ്ങളിൽ മകൾക്കെതിരെ വ്യാജ ആരോപണങ്ങൾ ഉന്നയിക്കുകയാണെന്നും അവർ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.