അധീർ രഞ്ജൻ ചൗധരിക്കെതിരെ പ്രതിഷേധവുമായി സ്മൃതി ഇറാനിയും നിർമല സീതാരാമനും; ഇരുസഭകളും നിർത്തിവെച്ചു
text_fieldsന്യൂഡൽഹി: പാർലമെന്റിൽ പ്രതിഷേധം വിലക്കിയ ഭരണകക്ഷിയായ ബി.ജെ.പി, പ്രതിപക്ഷ സഭാ നേതാവിന്റെ നാക്കു പിഴയുടെ പേരിൽ പാർലമെന്റിന്റെ ഇരു സഭകളും സ്തംഭിപ്പിച്ചു. രാഷ്ട്രപതി ദ്രൗപദി മുർമുവിനെ കോൺഗ്രസ് സഭാ നേതാവ് അധീർ രഞ്ജൻ ചൗധരി 'രാഷ്ട്രപത്നി' എന്ന് പരാമർശിച്ചതിനെ ചൊല്ലിയാണ് കേന്ദ്ര മന്ത്രിമാരടക്കം ബി.ജെ.പി എം.പിമാർ പാർലമെന്‍റിൽ വൻ പ്രതിഷേധമുയർത്തിയത്. ബംഗാളിയായ തനിക്ക് ഹിന്ദി ശരിയായി വഴങ്ങാത്തതുകൊണ്ട് സംഭവിച്ച നാക്കുപിഴയാണെന്ന് അധീർ രഞ്ജൻ ചൗധരി വിശദീകരിച്ചെങ്കിലും ബോധപൂർവം നടത്തിയ ലൈംഗികാധിക്ഷേപമാണെന്ന് ആരോപിച്ചായിരുന്നു ഭരണപക്ഷത്തിന്റെ സഭ സ്തംഭിപ്പിക്കൽ. പാർലമെന്റിൽ പ്ലക്കാർഡുകളേന്തിയും ബി.ജെ.പി എം.പിമാരെത്തി. പ്ലക്കാർഡുകളും മുദ്രാവാക്യങ്ങളുമടക്കം പ്രതിഷേധമാണ് പാർലമെന്റിൽ ഭരണപക്ഷം നേരത്തെ വിലക്കിയത്.
വ്യാഴാഴ്ച ലോക്സഭ ചേർന്നയുടൻ കേന്ദ്ര മന്ത്രി സ്മൃതി ഇറാനി 'രാഷ്ട്രപത്നി' പരാമർശം എടുത്തിടുകയായിരുന്നു. രാജ്യത്തിന്‍റെ ഉന്നത ഭരണഘടനാ പദവിയിലിരിക്കുന്ന ഒരാളെയാണ് കോൺഗ്രസ് അപമാനിച്ചിരിക്കുന്നത്. സോണിയ ഗാന്ധിയുടെ അനുമതിയോടെയാണ് ചൗധരി ഇങ്ങനെ പറഞ്ഞത്. അതിനാൽ സോണിയ മാപ്പു പറയണം. സോണിയ ആദിവാസി-ദലിത്-സ്ത്രീവിരുദ്ധയുമാണെന്നും സ്മൃതി കുറ്റപ്പെടുത്തി. ബി.ജെ.പി എം.പിമാർ ബഹളം വെച്ചതോടെ സോണിയക്ക് പ്രതിരോധം തീർക്കാൻ കോൺഗ്രസ് അംഗങ്ങളും എഴുന്നേറ്റു. അധീർ രഞ്ജൻ ചൗധരി മറുപടി പറയാൻ ശ്രമിച്ചുവെങ്കിലും അത് ബഹളത്തിൽ മുങ്ങി. തുടർന്ന് സഭ 12 മണിവരെ നിർത്തിവെച്ചു. നിർത്തിവെച്ച സഭയിലും ബി.ജെ.പി എം.പിമാർ മുദ്രാവാക്യം വിളി തുടർന്നു. ഇതിനിടെ സോണിയ ഗാന്ധി ബി.ജെ.പി നേതാവ് രമാദേവിയുടെ അടുത്തു ചെന്ന് വിഷയത്തിലേക്ക് തന്നെ വലിച്ചിഴച്ചതെന്തിനാണെന്ന് ചോദിച്ചതും വിവാദമായി.
രാജ്യസഭയിൽ കേന്ദ്ര വാണിജ്യമന്ത്രി പീയൂഷ് ഗോയലാണ് വിഷയം ഉന്നയിച്ചത്. പ്ലക്കാർഡുകളേന്തി പാർലമെന്‍റിൽ വന്ന ബി.ജെ.പി എം.പിമാർക്കൊപ്പം മാധ്യമങ്ങളെ കണ്ട കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനും കോൺഗ്രസ് അധ്യക്ഷ മാപ്പുപറയണമെന്ന് ആവശ്യപ്പെട്ടു. അധീർ രഞ്ജൻ ചൗധരി ബോധപൂർവം നടത്തിയ ലൈംഗികാധിക്ഷേപമാണിതെന്നും നിർമല ആരോപിച്ചു. എന്നാൽ, കേവലമൊരു നാക്കുപിഴയാണിതെന്നും നിസ്സാര വിഷയത്തെ ബി.ജെ.പി പർവതീകരിക്കുകയാണെന്നും ചൗധരി പറഞ്ഞു. മാപ്പുപറയേണ്ട കാര്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സെൻട്രൽ ഹാളിൽനിന്ന് കൊടിക്കുന്നിൽ സുരേഷിനൊപ്പം മടങ്ങിയ സോണിയയോട് മാധ്യമപ്രവർത്തകർ പ്രതികരണം ചോദിച്ചപ്പോൾ ചൗധരി ക്ഷമാപണം നടത്തിയല്ലോ എന്നായിരുന്നു മറുപടി. നിർത്തിവെച്ച ലോക്സഭയും രാജ്യസഭയും നാല് തവണ വീണ്ടും ചേരാൻ നോക്കിയെങ്കിലും ബഹളം മൂലം സാധിച്ചില്ല. തുടർന്ന് ഇരുസഭകളും വെള്ളിയാഴ്ചത്തേക്ക് പിരിഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.