ഹഥ്രസ് ബലാത്സംഗക്കൊല: 'മാഡത്തിന് ഇപ്പോൾ രക്തം തിളക്കുന്നില്ലേ?'
text_fieldsന്യൂഡൽഹി: ഹഥ്രസ് ബലാത്സംഗക്കൊലയിൽ കേന്ദ്ര മന്ത്രി സ്മൃതി ഇറാനിയുടെ മൗനത്തെ ചോദ്യം ചെയ്ത് കോൺഗ്രസ്. നിർഭയ കേസിൽ സ്മൃതി ഇറാനി കോൺഗ്രസ് സർക്കാരിനെ വിമർശിച്ചുനടത്തിയ പ്രസ്താവനയുടെ വിഡിയോ പങ്കുവെച്ചാണ് യൂത്ത്കോൺഗ്രസ് വിമർശനമുന്നയിച്ചത്. മാഡത്തിൻെറ രക്തം ഇപ്പോൾ തിളക്കുന്നില്ലേ എന്നായിരുന്നു യൂത്ത് കോൺഗ്രസ് ദേശീയ പ്രസിഡൻറ് ബി.വി ശ്രീനിവാസിൻെറ പ്രതികരണം.
സ്മൃതി ഇറാനി ഇന്ത്യയുടെ വനിത ശിശുക്ഷേമ വകുപ്പ് മന്ത്രിയായി തുടരുന്നത് നാണക്കേടാണെന്നായിരുന്നു യൂത്ത് കോൺഗ്രസ് നാഷണൽ കാമ്പയിൻ ചാർജ്ജുള്ള ശ്രീവാസ്തയുടെ പ്രതികരണം.
യു.പിയിലെ ഹഥ്രസിൽ സവർണർ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ ദലിത് പെൺകുട്ടിയുടെ മൃതദേഹം പൊലീസ് ബലമായി സംസ്കരിച്ചതിനെതിരെ പ്രിയങ്കഗാന്ധി രംഗത്തെത്തിയിരുന്നു. ഉത്തർ പ്രദേശ് സർക്കാർ ഭരണത്തിൽ നീതി ഒട്ടുമില്ല, അനീതിയുടെ ആധിപത്യമാണ്. യോഗി ആദിത്യനാഥ് രാജിവെക്കണമെന്നും പ്രിയങ്കഗാന്ധി ആവശ്യപ്പെട്ടിരുന്നു.
''രാത്രി 12 മണിക്കും പെൺകുട്ടിയുടെ കുടുംബം പ്രാർഥനയോടെ കാത്തിരിക്കുകയായിരുന്നു. പക്ഷേ ഇരയുടെ മൃതദേഹം കുടുംബത്തിന്‍റെ പ്രതിഷേധം വകവെക്കാതെ യു.പി ഭരണകൂടം സംസ്കരിക്കുകയായിരുന്നു. ജീവിച്ചിരുന്നപ്പോൾ പെൺകുട്ടിയെ സംരക്ഷിക്കാൻ സർക്കാർ ഒന്നും ചെയ്തില്ല, ചികിത്സ നൽകുന്നതിലും വീഴ്ചവരുത്തി. ഇപ്പോൾ മരണത്തിനുശേഷവും അപമാനിക്കുകയാണ്. നിങ്ങൾ ക്രൈം നിർത്തലാക്കുന്നില്ലെന്ന് മാത്രമല്ല, ക്രിമിനലുകളെപ്പോലെ പെരുമാറുകയുമാണ്. യോഗി ആദിത്യനാഥ് രാജിവെക്കണം, ഭരണത്തിൽ യാതൊരു നീതിയും ഇല്ല, അനീതികളാണ് നിറയെ'' - പ്രിയങ്ക ഗാന്ധി പ്രതികരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.