പാമ്പുകടി ‘പകർച്ചവ്യാധി’
text_fieldsന്യൂഡൽഹി: പാമ്പുകടി സംഭവങ്ങൾ രാജ്യത്ത് വർധിക്കുന്ന സാഹചര്യത്തിൽ വിഷയം പൊതുജനാരോഗ്യ പ്രശ്നമായി കണ്ട് നടപടി വേണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം.
അതിനാൽ, പാമ്പുകടിയേൽക്കുന്നതുമായി ബന്ധപ്പെട്ട വിവരങ്ങൾ പകർച്ചവ്യാധികൾക്ക് സമാനമായി, നിർദിഷ്ട മാതൃകയിൽ റിപ്പോർട്ട് ചെയ്യണമെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം സംസ്ഥാനങ്ങൾക്കയച്ച കത്തിൽ ആവശ്യപ്പെട്ടു. പാമ്പുകടി വർധിക്കുന്നത് തടയാനും ചികിത്സ ഉറപ്പാക്കാനും ലക്ഷ്യമിട്ട് ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ ആരംഭിച്ച ദേശീയ കർമപദ്ധതിയുടെ (എൻ.എ.പി.എസ്.ഇ) ഭാഗമായാണ് നിർദേശം.
സംസ്ഥാനതലത്തിൽ നിയമം വേണം
റിപ്പോർട്ടിങ്ങിനായി സംസ്ഥാനതലത്തിൽ നിയമം കൊണ്ടുവരണം. ഇതിനായി പൊതുജനാരോഗ്യ നിയമത്തിൽ വ്യവസ്ഥ കൊണ്ടുവരികയോ നിയമനിർമാണം നടത്തുകയോ ചെയ്യണം. സർക്കാർ, സ്വകാര്യ ആശുപത്രികളും മെഡിക്കൽ കോളജുമടക്കം കേന്ദ്രങ്ങളിൽ പാമ്പുകടിയേറ്റ് ചികിത്സക്കെത്തുന്നവരുടെ വിവരങ്ങൾ കൃത്യമായി രേഖപ്പെടുത്തുകയും കണക്കുകൾ സമയബന്ധിതമായി കൈമാറുകയും വേണം.
പാമ്പുകടിയേറ്റതായി സംശയിച്ച് ചികിത്സക്കെത്തുന്നവരുടെയും മരണമടയുന്നവരുടെയും വിവരങ്ങളും ഇത്തരത്തിൽ രേഖപ്പെടുത്തുകയും റിപ്പോർട്ട് ചെയ്യുകയും വേണം.
2030 ൽ പകുതിയായി കുറക്കും
2030 ആകുമ്പോഴേക്കും പാമ്പുകടിയേറ്റ് മരണം പകുതിയായി കുറക്കുകയാണ് ‘നാഷനൽ ആക്ഷൻ പ്ലാൻ ഫോർ പ്രിവൻഷൻ ആൻഡ് കൺട്രോൾ ഓഫ് സ്നേക്ക്ബൈറ്റ് എൻവെനമിങ് (എൻ.എ.പി.എസ്.ഇ) കർമപദ്ധതിയുടെ ലക്ഷ്യം.
"പാമ്പുകടിയേൽക്കുന്നത് വൈകല്യമടക്കം ആരോഗ്യപ്രശ്നങ്ങൾക്കും മരണത്തിനും കാരണമാകുന്നതുകൊണ്ട് തന്നെ ഇതിനെ പൊതുജനാരോഗ്യത്തിന്റെ പ്രശ്നമായി കണക്കാക്കണം’’ -കേന്ദ്ര ആരോഗ്യ സെക്രട്ടറി പുണ്യ സലീല ശ്രീവാസ്തവ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.