‘നമ്മുടെ വീട്ടുമുറ്റത്തെത്തിയ പാമ്പുകൾ ചീറ്റുന്നു’; ഖലിസ്താൻ വാദികൾക്കെതിരെ ഇന്ത്യൻ വംശജനായ എം.പി
text_fieldsടൊറന്‍റോ: കാനഡയിലെ മുതിർന്ന ഇന്ത്യൻ നയതന്ത്ര പ്രതിനിധികളെ ‘കൊലയാളികൾ’ എന്ന് വിശേഷിപ്പിക്കുന്ന ഖലിസ്താനിവാദികളുടെ പോസ്റ്റർക്കെതിരെ പ്രതിഷേധം. കനേഡിയൻ പാർലമെന്‍റിലെ ലിബറൽ പാർട്ടിയംഗവും ഇന്ത്യൻ വംശജനുമായ ചന്ദ്ര ആര്യയാണ് ട്വീറ്റിലൂടെ സംഭവത്തിൽ പ്രതികരിച്ചത്.
നമ്മുടെ വീട്ടുമുറ്റത്തെത്തിയ പാമ്പുകൾ തലയുയർത്തി ചീറ്റുന്നുവെന്ന് ചന്ദ്ര പ്രതികരിച്ചു. അവ എപ്പോൾ കൊല്ലാനായി കടിക്കുമെന്ന ചോദ്യം മാത്രമാണ് ബാക്കിയുള്ളതെന്നും ചന്ദ്ര ചൂണ്ടിക്കാട്ടി. കാനഡയിൽ ഖലിസ്താൻവാദികൾ ഉയർത്തുന്ന ഭീഷണിയെ കുറിച്ചുള്ള വ്യക്തമായ പരാമർശമാണ് കർണാടക സ്വദേശിയായ ചന്ദ്ര ആര്യ നടത്തിയത്. ഒന്‍റാരിയോ പ്രവിശ്യയിലെ നേപ്പിയൻ മണ്ഡലത്തിൽ നിന്നുള്ള എം.പിയാണ് ചന്ദ്ര.
അക്രമവും വിദ്വേഷവും പ്രോത്സാഹിപ്പിക്കുന്നതിലൂടെ രാജ്യത്തുള്ള ഖലിസ്താൻ വാദികൾ ഭരണഘടന നൽകുന്ന അവകാശങ്ങളും സ്വാതന്ത്ര്യവും ദുരുപയോഗം ചെയ്യുന്നു. ഇന്ത്യൻ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയെ അവരുടെ അംഗരക്ഷകർ വധിച്ചത് ആഘോഷിക്കുന്ന ഖലിസ്താൻ വാദികൾ, ഇപ്പോൾ ഇന്ത്യൻ നയതന്ത്രജ്ഞർക്കെതിരെ അക്രമത്തിന് പരസ്യ ആഹ്വാനം ചെയ്യുകയാണ്.
ഇന്ത്യൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെ അവരുടെ അംഗരക്ഷകർ കൊലപ്പെടുത്തിയത് ചിത്രീകരിക്കുകയും ആഘോഷിക്കുകയും ചെയ്തുകൊണ്ട് അടുത്തിടെ നടന്ന ബ്രാംപ്ടൺ പരേഡിലെ തിരഞ്ഞെടുക്കപ്പെട്ട ഉദ്യോഗസ്ഥർ വിമർശനം ഏൽക്കാത്തതിൽ ധൈര്യപ്പെട്ട്, അവർ ഇപ്പോൾ ഇന്ത്യൻ നയതന്ത്രജ്ഞർക്ക് നേരെ അക്രമത്തിന് പരസ്യമായി ആഹ്വാനം ചെയ്യുന്നു.
ജൂൺ 19ന് ഗുരു നാനാക്ക് സിഖ് ഗുരുദ്വാര സാഹിബ് തലവനും ഖലിസ്ഥാൻ ടൈഗർ ഫോഴ്സ് ചീഫുമായിരുന്ന ഹർദീപ് സിങ് നിജ്ജറെ അജ്ഞാതർ ഗുരുദ്വാരക്കുള്ളിൽ വെടിവെച്ച് കൊന്നിരുന്നു. ഖലിസ്താൻ ടൈഗർ ഫോഴ്‌സിന്‍റെ പരിശീലനം, ധനസഹായം, നെറ്റ്‌വർക്കിങ് എന്നിവയിൽ സജീവമാണ് നിജ്ജർ എന്നാണ് ഇന്ത്യൻ സർക്കാർ പറയുന്നത്.
ഇതിന് പിന്നാലെയാണ് ഒട്ടാവയിലെ ഇന്ത്യൻ ഹൈക്കമ്മീഷണർ സഞ്ജയ് കുമാർ വർമ്മയെയും ടൊറന്റോയിലെ കോൺസൽ ജനറൽ അപൂർവ ശ്രീവാസ്തവയെയും ഹർദീപ് സിങ് നിജ്ജാറിന്റെ ‘കൊലയാളികൾ’ എന്ന് വിശേഷിപ്പിക്കുന്ന പോസ്റ്റർ കാനഡയിൽ പ്രത്യക്ഷപ്പെട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.