15 ലക്ഷം, എ.ടി.എം, കുത്തിവെപ്പ്.. എല്ലാത്തിനും ഇന്ത്യ കാത്തിരുന്നു; ഇടക്ക് താങ്കളും കാത്തിരിക്ക് -മോദിയോട് മഹുവ മൊയ്ത്ര
text_fieldsകൊൽക്കത്ത: പ്രധാനമന്ത്രി നരേന്ദ്രമോദിയെ 30 മിനിറ്റ് കാത്തുനിൽപിച്ച് ഇളിഭ്യനാക്കിയ പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ താരം. അതിനിടെ, പ്രധാനമന്ത്രിയുടെ വിലപ്പെട്ട സമയം ഇങ്ങനെ കളഞ്ഞുകുളിച്ചതിനെ ചൊല്ലി മമതയെ വിമർശിക്കുന്നവരും കുറവല്ല.
എന്നാൽ, ഇന്ത്യക്കാരെ പലകുറി പലകാര്യങ്ങൾക്കായി കാത്തുനിൽപിച്ച പ്രധാനമന്ത്രി, വെറും 30 മിനിറ്റ് കാത്തിരിപ്പിനെച്ചൊല്ലി ഇത്രയധികം കലഹിക്കേണ്ടതുണ്ടോ എന്ന ചോദ്യവുമായി രംഗത്തുവന്നിരിക്കുകയാണ് തൃണമൂൽ കോൺഗ്രസിന്‍റെ തീപ്പൊരി നേതാവ് മഹുവ മെയ്ത്ര എം.പി. ട്വീറ്റിൽ മോദിയെ കണക്കിന് കളിയാക്കുകയും ചെയ്യുന്നുണ്ട്.
മോദി നൽകാമെന്ന് പറഞ്ഞ 15 ലക്ഷം രൂപക്ക് വേണ്ടി ഇന്ത്യക്കാർ 7 വർഷമായി കാത്തിരിക്കുന്നു, എ.ടി.എം ക്യൂവിൽ മണിക്കൂറുകൾ കാത്തിരിക്കുന്നു, കോവിഡ് പ്രതിരോധ കുത്തിവയ്പ്പുകൾക്കായി മാസങ്ങൾ കാത്തിരിക്കുന്നു.... അതിനിടയിൽ ഈ 30 മിനിറ്റിനെ ചൊല്ലി ഒച്ചപ്പാടുണ്ടാക്കണോ എന്നാണ് മഹുവ ട്വീറ്റിലൂടെ ചോദിക്കുന്നത്. ഇടക്കിടക്ക് താങ്കളും ഇങ്ങനെ കുറച്ച് കാത്തിരിക്കൂ എന്ന് പ്രധാനമന്ത്രിയെ ഉപദേശിക്കാനും മഹുവ മറന്നില്ല.
So much fuss over an alleged 30 min wait?
— Mahua Moitra (@MahuaMoitra) May 28, 2021
Indians waiting 7 years for ₹15 lakhs
Waiting hours at ATM queues
Waiting months for vaccines due
Thoda aap bhi wait kar lijiye kabhi kabhi...
യാസ് ചുഴലിക്കാറ്റിന്‍റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി വിളിച്ചുചേർത്ത യോഗത്തിലായിരുന്നു ഇന്നലെ നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. യോഗത്തിൽ പങ്കെടുക്കേണ്ടിയിരുന്ന മുഖ്യമന്ത്രി മമത ബാനർജി നിശ്ചിത സമയം കഴിഞ്ഞ് അരമണിക്കൂർ പിന്നിട്ടാണ് അവിടെ എത്തിയത്. അതുവരെ മോദിയും കൂട്ടരും യോഗസ്ഥലത്ത് മമതയെ കാത്തിരുന്നു. എന്നാൽ, വൈകിയെത്തിയ മമത യോഗത്തിൽ പങ്കെടുക്കാതെ നാശനഷ്ടങ്ങളുടെ റിപ്പോർട്ട് പ്രധാനമന്ത്രിക്ക് സമർപ്പിച്ച് മറ്റൊരുയോഗത്തിൽ പങ്കെടുക്കാനായി അവിടെ നിന്ന് മടങ്ങുകയും ചെയ്തു. ദുരിതാശ്വാസമായി 20,000 കോടി ആവശ്യപ്പെട്ടുള്ള റിപ്പോർട്ടാണ് അവർ മോദിക്ക് കൈമാറിയത്.
പ്രധാനമന്ത്രി യോഗം വിളിച്ചെങ്കിലും മുഖ്യമന്ത്രിയുെട ഓഫിസിനെ അറിയിച്ചിരുന്നില്ലെന്ന് മമത പിന്നീട് പറഞ്ഞു. 'എനിക്ക് ദിഘയിൽ ഒരു യോഗത്തിൽ പങ്കെടുക്കേണ്ടതുണ്ട്. അതിനാൽ, കലൈകുന്ദയിൽ പോയി 20,000 കോടി രൂപ ആവശ്യപ്പെട്ടുള്ള റിപ്പോർട്ട് നൽകി. സംസ്ഥാനത്തെ ഉദ്യോഗസ്ഥർ ദിഘയിലെ യോഗത്തിൽ പങ്കെടുക്കാനായി കാത്തിരിക്കുകയാണ്. പ്രധാനമന്ത്രിയുടെ അനുമതി വാങ്ങി അവിടേക്ക് പോവുകയായിരുന്നു' -മമത പറഞ്ഞു.
അതേസമയം, പ്രധാനമന്ത്രി പങ്കടുത്ത യോഗത്തിൽ ബംഗാൾ ഗവർണർ ജഗദീപ് ധൻഖർ, പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി എന്നിവർ സന്നിഹിതരായിരുന്നു. സുവേന്ദുവിനെ വിളിച്ചതിലുള്ള അനിഷ്ടം കാരണമാണ് മമത പങ്കെുടക്കാതിരുന്നതെന്നും സുചനയുണ്ട്. മമത ഭരണഘടനയെയും നിയമവാഴ്ചയെയും ലംഘിക്കുകയാണെന്ന് ഗവർണർ യോഗത്തിനുശേഷം കുറ്റപ്പെടുത്തി.
പശ്ചിമ ബംഗാളിലെ തെരഞ്ഞെടുപ്പിന് ശേഷം ആദ്യമായിട്ടാണ് മമത ബാനർജിയും മോദിയും കണ്ടുമുട്ടുന്നത്. നേതാജി സുഭാഷ് ചന്ദ്രബോസിന്‍റെ 125ാം ജന്മവാർഷികത്തോടനുബന്ധിച്ച് കൊൽക്കത്തയിലെ വിക്ടോറിയ മെമ്മോറിയലിൽ ജനുവരി 23നാണ് അവർ അവസാനമായി മുഖാമുഖം കണ്ടത്. അന്ന് ബി.ജെ.പി പ്രവർത്തകരുടെ 'ജയ് ശ്രീ റാം' വിളികളെ തുടർന്ന് പ്രസംഗം തടസ്സപ്പെടുകയും അതിൽ പ്രകോപിതയായ മമത പരിപാടിയിൽനിന്ന് ഇറങ്ങിപ്പോവുകയും ചെയ്തിരുന്നു.
ബംഗാളിൽ ഒരു കോടി ആളുകളെയാണ് 'യാസ്' ചുഴലിക്കാറ്റ് ബാധിച്ചത്. മൂന്നു ലക്ഷം വീടുകൾക്കെങ്കിലും കേടു പറ്റിയിട്ടുണ്ടെന്നും കൊടുങ്കാറ്റ് ഏറ്റവും അധികം ബാധിച്ച സംസ്ഥാനമായി ബംഗാൾ മാറിയെന്നും മമത പറഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.