സമൂഹമാധ്യമങ്ങളും മാധ്യമങ്ങളും ജനങ്ങളുടെ ശ്രദ്ധ തിരിക്കാനുള്ള ആയുധങ്ങളായി മാറിയിരിക്കുന്നു - ബോംബെ ഹൈകോടതി ജഡ്ജി
text_fieldsമുബൈ: സമൂഹമാധ്യമങ്ങളും മാധ്യമങ്ങളും ജനങ്ങളുടെ ശ്രദ്ധ തിരിക്കാനുള്ള ആയുധങ്ങളായി മാറിയിരിക്കുന്നുവെന്ന് ബോംബെ ഹൈകോടതിയുടെ ഗോവ ബെഞ്ചിലെ ജസ്റ്റിസ് മഹേഷ് സോനക്. ഇതിനെ നേരിടാൻ ഇതുവരെ കൃത്യമായ ശ്രമങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. മാർഗാവോ ടൗണിലെ ജി.ആർ കാരെ ലോ കോളേജിലെ വിദ്യാർഥികളോട് സംസാരിക്കുകയായിരുന്നു ജസ്റ്റിസ് മഹേഷ് സോനക്.
ചിന്തിക്കുന്ന കമ്പ്യൂട്ടറുകളെയും സ്മാർട്ട്‌ഫോണുകളെയും ആരാധിക്കുകയും മഹത്വപ്പെടുത്തുകയും ചെയ്യുന്ന യുഗത്തിലാണ് നാം ജീവിക്കുന്നത്. എന്നാൽ ചിന്തിക്കാൻ ശ്രമിക്കുന്ന മനുഷ്യരെ നാം അങ്ങേയറ്റം ജാഗ്രതയോടെയോ സംശയത്തോടെയോയാണ് കാണുന്നത്.
"ആർട്ടിഫിഷ്യൽ ഇന്റലിജൻസിന് അതിന്റേതായ ഗുണങ്ങളുണ്ട്. പക്ഷേ നമ്മുടെ ചിന്താശേഷിയും, ബുദ്ധിയും, തെരഞ്ഞെടുക്കാനുള്ള കഴിവുമൊക്കെ യന്ത്രത്തിന് പണയം വെച്ചാൽ ദുഃഖകരമായ ദിനങ്ങളാകും വരാൻ പോകുന്നത്" - ജസ്റ്റിസ് പറഞ്ഞു. ചിന്താശേഷി നശിച്ചാൽ മനുഷ്യനും യന്ത്രവും തമ്മിൽ യാതൊരു വ്യത്യാസവുമുണ്ടാവില്ല. മനുഷ്യരാശിയുടെ മാനവികത കവർന്നെടുക്കാൻ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വ്യക്തമായും സ്വതന്ത്രമായും നിർഭയമായും ചിന്തിക്കാനുള്ള കഴിവ് മാധ്യമങ്ങൾ നിരന്തരം അടിച്ചേൽപ്പിക്കുന്ന ആശയങ്ങളെയും പ്രത്യയശാസ്ത്രങ്ങളെയും തിരിച്ചറിയാനും ആവശ്യമെങ്കിൽ നിരസിക്കാനും വിദ്യാർഥികളെ പ്രാപ്തരാക്കുമെന്നും ജസ്റ്റിസ് മഹേഷ് സോനക് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.