സുരക്ഷ ഭീഷണിയുയർത്തുന്ന സന്ദേശങ്ങൾ തടയാൻ സമൂഹ മാധ്യമങ്ങളോട് സർക്കാർ
text_fieldsന്യൂഡൽഹി: രാജ്യസുരക്ഷക്ക് ഭീഷണിയുയർത്തുന്നതും സംഘർഷത്തിന് കാരണമാകുന്നതുമായ സന്ദേശങ്ങൾ പ്രചരിക്കുന്നത് തടയാൻ നടപടി സ്വീകരിക്കണമെന്ന് സമൂഹ മാധ്യമങ്ങളോട് കേന്ദ്ര സർക്കാർ. ഗൂഗ്ൾ, ട്വിറ്റർ, വാട്സ്ആപ് തുടങ്ങിയ സമൂഹ മാധ്യമങ്ങളോടാണ് സർക്കാർ ആവശ്യമുന്നയിച്ചത്.
അക്രമങ്ങൾക്ക് പ്രേരിപ്പിക്കുന്ന അഭ്യൂഹങ്ങൾ, സൈബർ കുറ്റകൃത്യങ്ങൾ, ദേശീയ സുരക്ഷക്ക് ഭീഷണിയുയർത്തുന്ന മറ്റു പ്രവർത്തനങ്ങൾ എന്നിവ തടയണമെന്നാണ് വിവിധ സമൂഹ മാധ്യമ പ്രതിനിധികൾ പെങ്കടുത്ത യോഗത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം സെക്രട്ടറി രാജീവ് ഗൗബ നിർദേശിച്ചത്.
അന്വേഷണ ഏജൻസികൾക്ക് ആവശ്യമായ ഉപയോക്താക്കളുടെ വിവരങ്ങൾ കൈമാറുന്നതിന് ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം അടക്കമുള്ളവ സംവിധാനമൊരുക്കണമെന്നും നിർദേശിച്ചിട്ടുണ്ട്. സമൂഹ മാധ്യമങ്ങൾ വഴി വിദ്വേഷപ്രചാരണം വർധിച്ച പശ്ചാത്തലത്തിലാണ് സർക്കാർ നീക്കം.
പല സമൂഹ മാധ്യമങ്ങളും വ്യക്തിവിവരങ്ങൾ സ്വകാര്യത മാനിച്ച് സർക്കാറിന് കൈമാറാറില്ല. ഇന്ത്യക്കുപുറത്ത് ആസ്ഥാനമായുള്ള ഇത്തരം സ്ഥാപനങ്ങൾ രാജ്യത്ത് പരാതിപരിഹാര ഒാഫിസർമാരെ നിയമിക്കണമെന്നും യോഗത്തിൽ സർക്കാർ ആവശ്യപ്പെട്ടു.
ബുധനാഴ്ച നടന്ന യോഗത്തിൽ സമൂഹമാധ്യമ പ്രതിനിധികൾക്ക് പുറമെ വിവിധ അന്വേഷണ ഏജൻസികളിലെ ഉദ്യോഗസ്ഥരും പെങ്കടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.