'മോദി എഡിഷൻ'തങ്ങളുടേതല്ല; വിശദീകരണവുമായി ന്യൂയോർക് ടൈംസും; യഥാർഥ വാർത്ത വേറേ കൊടുത്തിട്ടുണ്ടെന്നും പത്രം
text_fieldsഅവസാനം സാക്ഷാൽ നൂയോർക് ടൈംസ് തന്നെ വിശദീകരണവുമായി രംഗത്തിറങ്ങി. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേതെന്ന പേരിൽ പ്രചരിപ്പിക്കുന്ന ആ പത്ര കട്ടിങ് തങ്ങളുടേതല്ല എന്നാണ് പത്രം ട്വിറ്ററിലൂടെ അറിയിച്ചിരിക്കുന്നത്. ബി.ജെ.പി അനുയായികൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ച ചിത്രമാണ് വിവാദമായത്. സെപ്റ്റംബർ 26 ഞായറാഴ്ചത്തെ ന്യൂയോർക്ക് ടൈംസ് പത്രത്തിെൻറ ഒന്നാം പേജ് എന്ന പ്രചരണത്തോടെയാണ് സമൂഹമാധ്യമങ്ങളിൽ ചിത്രം സംഘപരിവാർ അനുകൂലികൾ വൈറലാക്കിയത്.
മോദിയെക്കുറിച്ചുള്ള വാർത്തയായിരുന്നു പത്രത്തിൽ ഉണ്ടായിരുന്നത്. 'ഭൂമിയുടെ അവസാനത്തെ, മികച്ച പ്രതീക്ഷ'എന്ന നെടുങ്കൻ തലക്കെട്ടും വാർത്തക്ക് മാറ്റുകൂട്ടി. 'ലോകത്തെ ഏറ്റവും സ്നേഹിക്കപ്പെടുന്ന കരുത്തനായ നേതാവ് നമ്മളെ അനുഗ്രഹിക്കാൻ എത്തിയിരിക്കുന്നു' എന്ന ഉപതലക്കെട്ടും വാർത്തക്ക് നൽകിയിരുന്നു. ഒപ്പം പത്രം നിറഞ്ഞുനിൽക്കുന്ന മോദിയുടെ ചിത്രവും. ഇതുമായി തങ്ങൾക്ക് ഒരു ബന്ധവും ഇല്ല എന്നാണ് പത്രം അറിയിച്ചിരിക്കുന്നത്. 'ഇത് പൂർണ്ണമായും കെട്ടിച്ചമച്ച ചിത്രമാണ്'എന്നാണ് ന്യൂയോർക് ടൈംസ് ചിത്രം പങ്കുവച്ചുകൊടണ് ട്വിറ്ററിൽ കുറിച്ചത്. മോദിയെപറ്റിയുള്ള യഥാർഥ വാർത്തകളുടെ ലിങ്കും അവർ പങ്കുവച്ചിട്ടുണ്ട്.
നേരത്തേ ഇന്ത്യയിലെ മാധ്യമങ്ങൾ നടത്തിയ ഫാക്ട് ചെക്കിൽതന്നെ ചിത്രം വ്യാജമാണെന്ന് തെളിഞ്ഞിരുന്നു. ആവേശകരമായ പ്രതികരണങ്ങളായിരുന്നു ചിത്രത്തിന് വിവിധ സമൂഹമാധ്യമങ്ങളിൽ ലഭിച്ചത്. 'ശ്രീ നരേന്ദ്ര മോദിജിയുടെ യാത്രയിൽ അമേരിക്കൻ ജനതയുടെ പ്രതികരണം, ന്യൂയോർക്ക് ടൈംസിൽ പുറത്തുവന്നു' എന്നായിരുന്നു ഒരാൾ കഴിഞ്ഞ ദിവസം ചിത്രം പങ്കുവച്ചുകൊണ്ട് കുറിച്ചത്. ഫേസ്ബുക്കിലും ട്വിറ്ററിലും നിരവധി ബി.ജെ.പിക്കാർ ചിത്രം വലിയ തോതിൽ പ്രചരിപ്പിച്ചിരുന്നു. കഴിഞ്ഞ ഞായറാഴ്ച സമാപിച്ച പ്രധാനമന്ത്രി മോദിയുടെ മൂന്ന് ദിവസത്തെ അമേരിക്കൻ സന്ദർശനത്തിെൻറ പശ്ചാത്തലത്തിലായിരുന്നു സംഘപരിവാർ അനുകൂലികളുടെ വ്യാജ പി.ആർ പ്രചരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.