സൊഹ്റാബുദ്ദീൻ കൊലക്കേസ് വിചാരണയിൽ മാധ്യമവിലക്ക്
text_fieldsന്യൂഡൽഹി: സൊഹ്റാബുദ്ദീൻ ശൈഖ് വ്യാജ ഏറ്റുമുട്ടൽ കൊലക്കേസ് വിചാരണ നടക്കുന്ന മുംബൈയിലെ പ്രത്യേക സി.ബി.െഎ കോടതിയുടെ നടപടികൾ റിപ്പോർട്ട് ചെയ്യുന്നതിന് മാധ്യമ വിലക്ക്.
കോടതി നടപടികൾ റിപ്പോർട്ടു ചെയ്യരുതെന്ന് ജഡ്ജി സുനിൽകുമാർ ശർമ മാധ്യമപ്രവർത്തകർക്ക് നിർദേശം നൽകി. മാധ്യമപ്രവർത്തകർക്ക് പ്രവേശനം അനുവദിക്കും. പക്ഷേ, വിചാരണ നടപടി വാർത്തയാക്കരുത്. കേസിെൻറ പ്രാധാന്യം മുൻനിർത്തിയാണിതെന്നും അനിഷ്ട സംഭവങ്ങൾക്കുള്ള സാധ്യത തടയുകയാണ് ഉദ്ദേശ്യമെന്നും ജഡ്ജി വിശദീകരിച്ചു.
രഹസ്യ വിചാരണ വേണമെന്ന് പ്രതിഭാഗം ആവശ്യപ്പെട്ടതിനെ തുടർന്നാണ് ജഡ്ജിയുടെ ഉത്തരവ്. രഹസ്യവിചാരണക്ക് തീരുമാനിച്ചാൽ മാധ്യമപ്രവർത്തകർക്ക് പ്രവേശനം തീരെ ഉണ്ടാവില്ല. മുൻ ജഡ്ജി ബി.എച്ച്. ലോയയുടെ മരണവുമായി ബന്ധപ്പെട്ട മാധ്യമവാർത്തകളുടെ പശ്ചാത്തലത്തിൽ കൂടിയാണ് രഹസ്യ വിചാരണ ആവശ്യപ്പെടുന്നതെന്ന് പ്രതിഭാഗം അഭിഭാഷകൻ വഹാബ് ഖാൻ പറഞ്ഞു.
ബി.എച്ച്. ലോയയുടെ മരണശേഷം പ്രത്യേക സി.ബി.െഎ കോടതി ജഡ്ജിയായ എസ്.കെ. ശർമ, വ്യാജ ഏറ്റുമുട്ടൽ കേസിൽ ബി.ജെ.പി അധ്യക്ഷൻ അമിത്ഷാ, രാജസ്ഥാൻ ആഭ്യന്തര മന്ത്രി ഗുലാബ്ചന്ദ് കട്ടാരിയ, രാജസ്ഥാനിലെ വ്യവസായി വിമൽ പട്നി, ഗുജറാത്ത് മുൻ ഡി.ജി.പിയായ പി.സി. പാണ്ഡെ, അഡീഷനൽ ഡി.ജി.പി ഗീത ജോഹ്രി, െഎ.പി.എസ് ഉദ്യോഗസ്ഥരായ രാജ്കുമാർ പാണ്ഡ്യൻ, ഡി.ജി. വൻസാര, എൻ. ബാലസുബ്രഹ്മണ്യൻ, എം.എൻ. ദിനേശ്, അഭയ് ചൗദസാമ, എൻ.കെ. അമീൻ എന്നിവരെ കുറ്റവിമുക്തരാക്കിയിട്ടുണ്ട്.
ബി.ജെ.പി അധ്യക്ഷൻ അമിത്ഷായുടെ മകൻ ജയ് ഷായുടെ കമ്പനിയുടെ അന്യായ വളർച്ചയുമായി ബന്ധപ്പെട്ട വാർത്തകൾ നൽകുന്നതിന് ഏർപ്പെടുത്തിയിട്ടുള്ള വിലക്കുകൾ വിവാദമായി നിൽക്കുന്നതിനിടെയാണ് പുതിയ സംഭവവികാസം.
‘ദി വയർ’ ഒാൺലൈൻ പ്രസിദ്ധീകരണത്തിനുമേൽ ചുമത്തിയ വിലക്കിനെതിരായ അപ്പീൽ ഗുജറാത്ത് ഹൈകോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.