ഇലക്ടറൽ ബോണ്ട്: സൊഹ്റാബുദ്ദീൻ ശൈഖ് വ്യാജ ഏറ്റുമുട്ടൽ കേസിൽ വെറുതെവിട്ട പ്രതിയുടെ കമ്പനി നൽകിയത് 20 കോടി
text_fieldsന്യൂഡൽഹി: ഏറെ കോളിളക്കം സൃഷ്ടിച്ച സൊഹ്റാബുദ്ദീൻ ശൈഖ് വ്യാജ ഏറ്റുമുട്ടൽ കൊലക്കേസിൽ വെറുതെവിട്ട പ്രതിയുടെ ഉടമസ്ഥതയിലുള്ള കമ്പനി ഇലക്ടറൽ ബോണ്ട് വഴി 20 കോടി രൂപ സംഭാവന നൽകി. വ്യാജ ഏറ്റുമുട്ടൽ കേസിൽ പ്രതിയായ ശേഷം സി.ബി.ഐ കോടതി വെറുതെ വിട്ട വിമൽ പട്നിയുടെ ഉടമസ്ഥതയിലുള്ള വണ്ടർ സിമൻറ് കമ്പനിയാണ് ഇലക്ടറൽ ബോണ്ടുകൾ ഉപയോഗിച്ച് പണം നൽകിയത്.
വണ്ടർ സിമൻറും സൊഹ്‌റാബുദ്ദീൻ ശൈഖ് ഏറ്റുമുട്ടൽ കേസും തമ്മിലുള്ള ബന്ധം ‘ദ റിപ്പോർട്ടേഴ്‌സ് കലക്ടീവ്’ ആണ് പുറത്തുവിട്ടത്. 2005 നവംബർ 26നാണ് സൊഹ്‌റാബുദ്ദീൻ ശൈഖ് കൊല്ലപ്പെട്ടത്. അന്നത്തെ ഗുജറാത്ത് ആഭ്യന്തര മന്ത്രിയും നിലവിലെ കേന്ദ്ര ആഭ്യന്തര മന്ത്രിയുമായ അമിത് ഷാ, രാജസ്ഥാൻ ആഭ്യന്തര മന്ത്രി ഗുലാബ് ചന്ദ് കട്ടാരിയ, മുതിർന്ന ഐ.പി.എസ് ഓഫിസർമാരായ ഡി.ജി. വൻസാര, പി.സി. പാണ്ഡെ എന്നിവരടക്കം 38 പേരെയാണ് സി.ബി.ഐ തുടക്കത്തിൽ പ്രതിചേർത്തത്. അമിത് ഷാ അറസ്റ്റിലായെങ്കിലും 2014ൽ സി.ബി.ഐ കോടതി കുറ്റമുക്തനാക്കി. വിമൽ പട്നിയടക്കം ബാക്കി പ്രതികളെയെല്ലാം വിചാരണയുടെ വിവിധ ഘട്ടങ്ങളിൽ സി.ബി.ഐ കോടതി വെറുതെവിട്ടു.
രാജസ്ഥാനിലെ മാർബിൾ വ്യാപാരിയായ നിലവിൽ വണ്ടർ സിമന്റ് ഉടമയായ വിമൽ പട്‌നിയിൽ നിന്ന് ശൈഖ് പണം തട്ടാൻ ശ്രമിച്ചതിനെ തുടർന്ന് കൊലപ്പെടുത്തിയെന്നായിരുന്നു സി.ബി.ഐ കേസ്. ഗാന്ധിനഗറിന് സമീപം പൊലീസ് ഏറ്റുമുട്ടലിലാണ് ശൈഖ് കൊല്ലപ്പെട്ടത്. ഇതിന് മൂന്നുദിവസത്തിന് ശേഷം അദ്ദേഹത്തിന്റെ ഭാര്യ കൗസർ ബിയെ വാഹനത്തിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയിരുന്നു. ശൈഖിന്റെ കൂട്ടാളികളിലൊരാളായ തുളസിറാം പ്രജാപതിയും കൊല്ലപ്പെട്ടിരുന്നു.
22-23 സാമ്പത്തിക വർഷത്തിൽ ഏകദേശം 250 കോടി രൂപയാണ് വണ്ടർ സിമൻറിന്റെ ലാഭം. ഇലക്ടറൽ ബോണ്ടുകൾ വഴി 20 കോടി രൂപ ഇവർ നൽകിയപ്പോൾ പട്‌നി കുടുംബത്തിലെ മറ്റ് നാല് അംഗങ്ങൾ എട്ടുകോടിരൂപയും നൽകിയിട്ടുണ്ട്. അശോക് പട്‌നി (ചെയർമാൻ), സുരേഷ് പട്‌നി (മാനേജിംഗ് ഡയറക്ടർ), വിവേക് പട്‌നി (ഡയറക്ടർ), വിനീത് പട്‌നി (പ്രസിഡൻറ്) എന്നിവരാണ് രാഷ്ട്രീയ പാർട്ടികൾക്ക് ബോണ്ടുവഴി എട്ടുകോടി രൂപ നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.