അമിത് ഷായുടെ സന്ദർശനത്തിനിടയിലും ഭീകരരും സേനയും തമ്മിൽ ഏറ്റുമുട്ടൽ; പ്രദേശവാസി കൊല്ലപ്പെട്ടു
text_fieldsശ്രീനഗർ: ജമ്മു കശ്മീരിൽ സംയുക്തസേന നടത്തുന്ന ഭീകരവിരുദ്ധവേട്ട 14ാം ദിവസത്തിലേക്ക് കടന്നു. ഇന്ന് പൂഞ്ചിലും ഷോപ്പിയാനിലും ഭീകരരും സേനയും തമ്മിൽ ഏറ്റുമുട്ടി. ഷോപ്പിയാനിലെ ബാബപ്പോറയിൽ ഭീകരർ നടത്തിയ വെടിവെപ്പിൽ ഒരു പ്രദേശവാസി കൊല്ലപ്പെട്ടു.
പൂഞ്ച് ജില്ലയിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് പൊലീസ് ഉദ്യോഗസ്ഥർക്കും ഒരു സൈനികനും പരിക്കേറ്റു. രാവിലെ പൂഞ്ചിലെ വനമേഖലയിൽ തിരച്ചിൽ നടത്തുന്നതിനിടെയാണ് സേനക്ക് നേരെ ഭീകരർ വെടിയുതിർത്തത്. ഭട്ട ദുരിയൻ പ്രദേശത്ത് ഭീകരരുടെ ഒളിത്താവളങ്ങൾ ലക്ഷ്യമിട്ടായിരുന്നു തിരച്ചിൽ.
നിയന്ത്രണരേഖയിൽ നിന്ന് 20 കിലോമീറ്റർ അകലെയുള്ള വനമേഖലയിൽ സുരക്ഷാസേനയും സി.ആർ.പി.എഫും ജമ്മു കശ്മീർ പൊലീസും ആണ് തിരച്ചിൽ നടത്തുന്നത്. പാരാ കമാൻഡോകൾ ഉൾപ്പെടെയുള്ളവരെ സഹായിക്കാൻ ഡ്രോണുകളുടെയും ഹെലികോപ്റ്ററുകളുടെയും സേവനം ഉപയോഗിക്കുന്നുണ്ട്.
ഭീകരർക്ക് ഭക്ഷണവും പാർപ്പിടവും ഉൾപ്പെടെ സഹായം നൽകുന്ന രണ്ട് സ്ത്രീകളടക്കം 10 പേരെ ചോദ്യം ചെയ്യാനായി പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഭീകരുമായുള്ള ഏറ്റുമുട്ടലിൽ ഇതുവരെ രണ്ട് ഒാഫീസർമാർ അടക്കം ഒമ്പത് സൈനികർ വീരമൃത്യു വരിച്ചു.
അതേസമയം, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ കശ്മീർ സന്ദർശനം രണ്ടാം ദിവസത്തിലേക്ക് കടന്നു. അമിത് ഷാ ഇന്ന് റാലിയെ അഭിസംബോധന ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.