കശ്മീരിൽ സൈനികനും മൂന്ന് ഭീകരരും കൊല്ലപ്പെട്ടു
text_fieldsശ്രീനഗർ: ജമ്മു-കശ്മീരിൽ വ്യത്യസ്ത സംഭവങ്ങളിൽ സൈനികനും മൂന്ന് ഭീകരരും കൊല്ലപ്പെട്ടു. നിയന്ത്രണ രേഖക്ക് സമീപം പാകിസ്താൻ നടത്തിയ ആക്രമണത്തിലാണ് ജവാൻ മരിച്ചത്. അതേസമയം, ദക്ഷിണ കശ്മീരിലെ പുൽവാമ ജില്ലയിൽ സുരക്ഷസേനയുമായുണ്ടായ ഏറ്റുമുട്ടലിലാണ് മൂന്ന് ഭീകരർ കൊല്ലപ്പെട്ടത്. പൂഞ്ച് ജില്ലയിലെ അജോട്ട് ഗ്രാമത്തിൽനിന്നുള്ള ലാൻസ്നായക് മുഹമ്മദ് നസീറാണ് (35) പാക് വെടിവെപ്പിൽ മരിച്ചത്. ശനിയാഴ്ച ഉച്ച 1.30ന് രജൗറി മേഖലയിലാണ് പ്രകോപനമില്ലാതെ പാകിസ്താൻ സൈന്യം വെടിയുതിർത്തതെന്ന് സൈനിക വക്താവ് അറിയിച്ചു. ഇന്ത്യ ശക്തമായ തിരിച്ചടി നൽകി.
നിയന്ത്രണ രേഖക്ക് സമീപം ബാലാകോട്ട്, പാഞ്ച്ഗ്രെയ്ൻ, നായ്ക, മഞ്ചാകോട്ട് എന്നിവിടങ്ങളിലും പാകിസ്താൻ വെടിയുതിർത്തു. നാലു ദിവസം മുമ്പ് പാകിസ്താൻ നടത്തിയ ആക്രമണത്തിൽ രണ്ടു സൈനികർ മരിച്ചിരുന്നു. ശ്രീനഗറിൽനിന്ന് 36 കി.മീറ്റർ അകലെ ത്രാൾ മേഖലയിലെ സത്തൂറ വനത്തിൽ ഭീകരർക്കായി തെരച്ചിൽ നടത്തുന്നതിനിടെ സൈനികർക്കുനേരെ വെടിവെപ്പുണ്ടാവുകയും തുടർന്ന് ഏറ്റുമുട്ടൽ നടന്നതായും മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. ഇൗ സംഭവത്തിലാണ് മൂന്ന് ഭീകരരും കൊല്ലപ്പെട്ടത്.
വനത്തിൽ ഒളിച്ചിരിക്കുന്ന ഭീകരരുമായി ഏറ്റുമുട്ടൽ തുടരുകയാണെന്ന് പൊലീസ് പറഞ്ഞു. ഏറ്റുമുട്ടൽ നടന്ന സ്ഥലത്ത് മറ്റു ഭീകരർ പ്രതിരോധം തീർത്തതിനാൽ കൊല്ലപ്പെട്ടവരുടെ മൃതദേഹം മാറ്റാൻ സാധിച്ചില്ല. ഇവർ ജെയ്ശെ മുഹമ്മദ് എന്ന ഭീകരസംഘടനയിൽപെട്ടവരാണെന്ന് സംശയമുണ്ടെന്ന് ഡി.ജി.പി എസ്.പി. വെയ്ദ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.