സോളി സൊറാബ്ജി: സംഗീതത്തെ പ്രണയിച്ച അഭിഭാഷക ശ്രേഷ്ഠൻ, ഗ്രന്ഥകാരൻ
text_fieldsന്യൂഡൽഹി: അഭിഭാഷകനായി നീണ്ട ഏഴു പതിറ്റാണ്ടിെൻറ കരുത്തും കുശലതയുമായി ലോകം ജയിച്ച പദ്മ വിഭൂഷൺ സോളി സൊറാബ്ജി അരങ്ങൊഴിയുേമ്പാൾ അവശേഷിക്കുന്നത് സമാനതകളില്ലാത്ത ശൂന്യത. നിയമ വിശാരദനായി 1950കളുടെ ആദ്യത്തിൽ ബോംബെ ഹൈക്കോടതിയിൽ വാദം ജയിച്ചുതുടങ്ങിയ സൊറാബ്ജി അതിവേഗമാണ് രാജ്യത്തിെൻറ നിയമ മുഖ്യധാരയിലേക്കും തുടർന്ന് അന്താരാഷ്ട്ര സമിതികളിലേക്കും എത്തുന്നത്. ഹൈക്കോടതി സേവനം രണ്ടു പതിറ്റാണ്ട് തികയുംമുെമ്പ 1971ൽ സുപ്രീം കോടതി സീനിയർ കൗൺസലായി. കേന്ദ്ര സർക്കാറിെൻറ മുഖ്യ നിയമ ഉപദേഷ്ടാവായ അറ്റോണി ജനറൽ പദവിയിൽ രണ്ടുവട്ടമെത്തി. മനുഷ്യാവകാശ പ്രശ്നങ്ങളിൽ എടുത്ത ധീരമായ നിലപാടുകൾക്ക് 2002ൽ പദ്മ വിഭൂഷൺ നൽകി രാജ്യം ആദരിച്ചു.
ഭരണഘടനയുടെ മൂല്യം ഉയർത്തിപ്പിടിച്ച കേശവാനന്ദ ഭാരതി കേസിൽ പ്രമുഖരായ നാനി പാൽഖിവാല, ഫാലി എസ്. നരിമാൻ എന്നിവർക്കൊപ്പം അണിനിരന്നു. സംസ്ഥാന സർക്കാറിനെ പിരിച്ചുവിടൽ പ്രസിഡൻറിെൻറ പരമാധികാരമല്ലെന്നും ജുഡീഷ്യൽ റിവ്യു അർഹിക്കുന്ന കേസാണെന്നും വിധിച്ച എസ്.ആർ ബൊമ്മെ കേസിൽ പരാതിക്കാരനു വേണ്ടി ഹാജരായതും സൊറാബ്ജി തന്നെ. രാജ്യം ശ്രദ്ധിച്ച പ്രകാശ് സിങ് കേസിൽ സൊറാബ്ജിയുടെ വാദമുഖങ്ങൾ കേട്ട പരമോന്നത കോടതി 1977ൽ ദേശീയ പൊലീസ് കമീഷൻ സ്ഥാപിക്കാൻ നിർദേശം നൽകി. അതുവഴി സുപ്രധാനമായ പൊലീസ് പരിഷ്കാരങ്ങളും നടപ്പായി.
1984ലെ സിഖ് കലാപത്തിൽ ഇരകൾക്കുവേണ്ടി സ്വയം കോടതിയിലെത്തി. മനേക ഗാന്ധി കേസിൽ വ്യക്തി സ്വാതന്ത്ര്യത്തിെൻറ പരിധി ഉയർത്തിയ സുപ്രീംകോടതി വിധിയിലേക്കു നയിച്ച വാദങ്ങളും രാജ്യം ആകാംക്ഷയോടെ ശ്രദ്ധിച്ചു. അതിനിടെ, യു.എൻ ഉപസമിതികളിൽ പലതിലും നിർണായക ചുമതലകൾ വഹിച്ചു.
ഔദ്യോഗിക പദവികൾ പലതു ചുമലിലേറുകയും നിയമത്തിെൻറ വഴിയെ വിട്ടുവീഴ്ചയില്ലാതെ സഞ്ചരിക്കുകയും ചെയ്തപ്പോഴും തെൻറ ഒന്നാം ഇഷ്ടം ജാസ് സംഗീതമാണെന്ന് സൊറാബ്ജി പറഞ്ഞു.
ഇവക്കൊപ്പം രാജ്യമാദരിച്ച നിയമ ഗ്രന്ഥകാരൻ കൂടിയായി സൊറാബ്ജി ആദരിക്കപ്പെട്ടു. 'നാനി പാൽഖിവാല: ദി കോർട്റൂം ജീനിയസ്' ഇപ്പോഴും ഏെറ വിറ്റുപോകുന്ന കൃതിയാണ്. 'എമർജൻസി, സെൻസർഷിപ് ആൻറ ദ പ്രസ്', ആത്മകഥയായ 'ഡൗൺ മെമ്മറി ലെയ്ൻ', ലോ ആൻറ് ജസ്റ്റീസ്, വേൾഡ് ഓഫ് ഹ്യൂമൻ റൈറ്റ്സ് തുടങ്ങി വേറെയും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.