മുൻ അറ്റോണി ജനറൽ സോളി സൊറാബ്ജി കോവിഡ് ബാധിച്ച് മരിച്ചു
text_fieldsന്യൂഡൽഹി: അഭിപ്രായ സ്വാതന്ത്ര്യത്തിെൻറ മുന്നണിപ്പോരാളിയും മുൻ അറ്റോണി ജനറലുമായ മുതിർന്ന അഭിഭാഷകൻ സോളി ജഹാംഗീർ സൊറാബ്ജി അന്തരിച്ചു. കോവിഡ് ബാധയെ തുടർന്ന് വെള്ളിയാഴ്ച രാവിലെ ഡൽഹിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 91 വയസ്സായിരുന്നു. 1930 മാർച്ച് ഒമ്പതിന് ബോംബെയിലെ പാഴ്സി കുടുംബത്തിൽ ജനിച്ച സോളി സൊറാബ്ജി ബോംെബ ലോ കോളജിൽനിന്ന് നിയമബിരുദം നേടി 1953ലാണ് മുംബൈയിൽ അഭിഭാഷകനായി പ്രാക്ടീസ് തുടങ്ങുന്നത്. റോമൻ നിയമത്തിൽ സ്വർണമെഡൽ ജേതാവായിരുന്നു.
പ്രമുഖ നിയമജ്ഞൻ നാനി പാൽക്കിവാലയുടെ ജൂനിയറായി അഭിഭാഷകവൃത്തി തുടങ്ങിയ സോളി സൊറാബ്ജി വിഖ്യാതമായ കേശവാനന്ദ ഭാരതി കേസിലും പങ്കാളിയായി.
41ാമത്തെ വയസ്സിൽ ബോംബെ ൈഹകോടതി മുതിർന്ന അഭിഭാഷക പദവി നൽകി. സുപ്രീംകോടതിയിൽ പ്രാക്ടീസ് ചെയ്യാനായി 1975ൽ ഡൽഹിയിലെത്തിയ അദ്ദേഹം ഇന്ദിര ഗാന്ധി സർക്കാർ അടിയന്തരാവസ്ഥ ഏർപ്പെടുത്തിയപ്പോൾ മനുഷ്യാവകാശങ്ങൾക്കും മാധ്യമ സ്വാതന്ത്ര്യത്തിനും വേണ്ടി ശക്തമായി നിലകൊണ്ടു.
തുടർന്ന് ജനതാപാർട്ടി സർക്കാറിെൻറ അഡീഷനൽ സോളിസിറ്റർ ജനറലും 1977 മുതൽ 1980 വരെയും സോളിസിറ്റർ ജനറലുമായി. 1989 ഡിസംബർ ഒമ്പതു മുതൽ 1990 ഡിസംബർ രണ്ടു വരെയും 1998 ഏപ്രിൽ ഏഴു മുതൽ 2004 വരെയും അറ്റോണി ജനറലായിരുന്നു. 2002ൽ ഇന്ത്യൻ ഭരണഘടനയുടെ പ്രവർത്തനം അവലോകനം നടത്തുന്നതിനുള്ള കമീഷൻ അംഗമായി. സംസ്ഥാന സർക്കാറുകളെ തോന്നും വിധം പിരിച്ചുവിടാൻ കേന്ദ്രം ഭരണഘടനയുെട 356ാം അനുഛേദം ദുരുപയോഗം ചെയ്യുന്നതിന് തടയിട്ട ബൊെമ്മ കേസിലും പങ്കുവഹിച്ചു.
അഭിപ്രായ സ്വാതന്ത്ര്യത്തിനും മനുഷ്യാവകാശ സംരക്ഷണത്തിനും നടത്തിയ ശ്രമങ്ങൾക്ക് 2002ൽ കേന്ദ്ര സർക്കാർ പത്മവിഭൂഷൺ നൽകി ആദരിച്ചു. നൈജീരിയയിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ പഠിക്കാൻ ഐക്യരാഷ്ട്ര സഭാ ദൂതനായ സൊറാബ്ജി മനുഷ്യാവകാശ സംരക്ഷണത്തിനും പ്രോത്സാഹനത്തിനുമുള്ള ഐക്യരാഷ്ട്ര ഉപസമിതി, ന്യൂനപക്ഷങ്ങൾക്കെതിരായ വിവേചനം തടയുന്നതിനും സംരക്ഷണം നൽകുന്നതിനുമുള്ള ഐക്യരാഷ്ട്ര ഉപസമിതി, 2000 മുതൽ 2006 വരെ ഹേഗിലെ കോടതി എന്നിവയിലും അംഗമായി. 2002ൽ ഇന്ത്യൻ ഭരണഘടനയുടെ പ്രവർത്തനം അവലോകനം നടത്തുന്നതിനുള്ള കമീഷൻ അംഗമായി.
ഇന്ത്യയിലെ പ്രമുഖ കോർപറേറ്റ് നിയമ കമ്പനിയായ എ.ഇസഡ്.ബി സ്ഥാപക സിയാ മോദി, മുംബൈയിലെ പ്രമുഖ ഡോക്ടർ ജഹാംഗീർ സൊറാബ്ജി, ഹൊർമുസ്ദ് എന്നിവർ മക്കളാണ്. രാഷ്ട്രപതി രാംനാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്ര മോദി, ചീഫ് ജസ്റ്റിസ് എൻ.വി. രമണ, കേന്ദ്ര മന്ത്രിമാരായ അമിത് ഷാ, രാജ്നാഥ് സിങ് തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.