ഖര മാലിന്യ സംസ്കരണം: കേന്ദ്രത്തിന്‍റെ ഭീമൻ സത്യവാങ്മൂലത്തെ വിമർശിച്ച് സുപ്രീംകോടതി
text_fieldsന്യൂഡൽഹി: ഖര മാലിന്യ സംസ്കരണ പദ്ധതി സംബന്ധിച്ച് കേന്ദ്രസർക്കാർ സമർപ്പിച്ച 845 പേജ് വരുന്ന ഭീമൻ സത്യവാങ്മൂലത്തെ വിമർശിച്ച് സുപ്രീംകോടതി. സംസ്കരിക്കാനാണോ 845 പേജുള്ള ഭീമൻ സത്യവാങ്മൂലം സമർപ്പിച്ചതെന്നും തങ്ങൾ മാലിന്യം ശേഖരിക്കുന്നവരല്ലെന്നും ജസ്റ്റിസുമാരായ മദൻ ബി. ലോക്കൂർ, ദീപക് ഗുപ്ത എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് ചൂണ്ടിക്കാട്ടി.
കേസ് ഇന്ന് സുപ്രീംകോടതി പരിഗണിച്ചപ്പോൾ മാലിന്യ സംസ്കരണ പദ്ധതി വിശദീകരിക്കുന്ന ഭീമൻ സത്യവാങ്മൂലമാണ് കേന്ദ്രസർക്കാറിന് വേണ്ടി ഹാജരായ അഭിഭാഷകൻ എസ്.ഡബ്ല്യു.എ ഖുറേഷി സമർപ്പിച്ചത്. "സർക്കാർ സമർപ്പിച്ച സത്യവാങ്മൂലം തന്നെ ഒരു ഖര മാലിന്യമാണ്. വലിയ സത്യവാങ്മൂലം സമർപ്പിച്ചത് എന്തു കൊണ്ടാണ്? കോടതിക്ക് മതിപ്പ് ഉണ്ടാക്കാനാണോ? ഇക്കാര്യത്തിൽ കോടതിക്ക് യാതൊരു മതിപ്പുമില്ല. ഭീമൻ സത്യവാങ്മൂലം കോടതി സംസ്കരിക്കണമെന്നാണോ സർക്കാർ ആവശ്യപ്പെടുന്നതെന്നും" ഡിവിഷൻ ബെഞ്ച് ചോദിച്ചു.
കഴിഞ്ഞ ഡിസംബർ 12നാണ് 2016ലെ ഖരമാലിന്യ സംസ്കരണ നിയമ പ്രകാരമുള്ള പദ്ധതികളെകുറിച്ച് വിവരങ്ങൾ ശേഖരിക്കാൻ കേന്ദ്രസർക്കാറിനോട്
സുപ്രീംകോടതി നിർദേശിച്ചത്. ഇതുപ്രകാരം രാജ്യത്തെ മുഴുവൻ സംസ്ഥാനങ്ങൾക്കും കത്തയച്ചത് വഴി ലഭിച്ച വിവരങ്ങളാണ് 845 പേജുള്ള ഭീമൻ
സത്യവാങ്മൂലമായി കേന്ദ്രം കോടതിയിൽ സമർപ്പിച്ചത്.
മാലിന്യ സംസ്കരണ പദ്ധതി നടപ്പാക്കുന്നതിനുള്ള കമ്മിറ്റികൾ രൂപീകരിച്ചിട്ടുണ്ടോ എന്ന കോടതി ചോദിച്ചപ്പോൾ കേന്ദ്രസർക്കാർ അഭിഭാഷകൻ ഭീമൻ സത്യവാങ്മൂലത്തിൽ വിശദാംശങ്ങൾക്കായി പരതുകയായിരുന്നു. ഇതാണ് കോടതിയെ ചൊടിപ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.