ഗുസ്തി താരങ്ങൾക്ക് ഐക്യദാർഢ്യം: ഉദ്ഘാടന ദിവസം പാർലമെന്റിന് മുന്നിൽ മഹിള മഹാപഞ്ചായത്ത്
text_fieldsന്യൂഡൽഹി: പാർലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്യുന്ന ഞായറാഴ്ച പാർലമെന്റിന് മുന്നിൽ മഹിള മഹാപഞ്ചായത്ത് സംഘടിപ്പിക്കുമെന്നും ഭാവിപരിപാടികൾ അവിടെ പ്രഖ്യാപിക്കുമെന്നും സമരം നടത്തുന്ന ഗുസ്തി താരങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സർവ ഖാപ് പഞ്ചായത്ത് വ്യക്തമാക്കി.
ഹരിയാനയിലെ മേഹമിൽ ഞായറാഴ്ച കർഷകർ വിളിച്ചുചേർ ത്ത വിവിധ ഖാപ് പഞ്ചായത്തുകളുടെ സംഗമമാണ് വനിത ഗുസ്തിതാരങ്ങളുടെ സമരം ശക്തിപ്പെടുത്തുന്നതിന് ഇതടക്കമുള്ള സമര പരിപാടികൾ പ്രഖ്യാപിച്ചത്. പാർലമെന്റ് മന്ദിരത്തിന് മുന്നിലെ മഹിള മഹാപഞ്ചായത്തിൽ ഭാവി പരിപാടികൾ തീരുമാനിക്കും. ചൊവ്വാഴ്ച വൈകീട്ട് അഞ്ചിന് ഇന്ത്യ ഗേറ്റിൽ മെഴുകുതിരി മാർച്ച് നടത്താനും സർവ ഖാപ് പഞ്ചായത്ത് തീരുമാനിച്ചു.
വിവിധ ഖാപ് പഞ്ചായത്തുകളുടെയും കർഷക സംഘടനകളുടെയും പ്രതിനിധികൾ ചേർന്ന് പാസാക്കിയ പ്രമേയം, ലൈംഗിക പീഡനം നടത്തിയ ബി.ജെ.പി എം.പി ബ്രിജ് ഭൂഷൺ നുണപരിശോധനക്കും നിയമനടപടിക്കും വിധേയനാകണമെന്ന് ആവശ്യപ്പെട്ടു.
സമരം നടത്തുന്ന താരങ്ങൾ എന്ത് സഹായം ആവശ്യപ്പെട്ടാലും കർഷകർ അത് നിറവേറ്റുമെന്നും വ്യക്തമാക്കി. അതേസമയം, വനിത ഗുസ്തിതാരങ്ങൾ സമരം ശക്തിപ്പെടുത്തിയതോടെ സമരവേദിയായ ജന്തർ മന്തറിൽ ഡൽഹി പൊലീസ് സുരക്ഷ ശക്തമാക്കി. ബാരിക്കേഡുകൾ വർധിപ്പിച്ച് സമരവേദി വലയം ചെയ്ത പൊലീസ്, ചുറ്റുപാടും സി.സി ടി.വി കാമറകളും സ്ഥാപിച്ചു. സമരത്തിന് പിന്തുണയേറുന്ന സാഹചര്യംകൂടി കണക്കിലെടുത്താണ് നടപടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.