കർഷക സമരത്തിന് ഐക്യദാർഢ്യം: പാൽ വിതരണം നിർത്തി യു.പിയിലെ ക്ഷീരകർഷകർ
text_fieldsലഖ്നോ: കേന്ദ്രസർക്കാറിന്‍റെ കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധിക്കുന്ന കർഷകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പാൽ വിതരണം നിർത്തി യു.പിയിലെ ക്ഷീരകർഷകർ. അംരോഹ ജില്ലയിലെ മൂന്നു ഗ്രാമങ്ങളിലെ കർഷകരാണ് സഹകരണ സംഘങ്ങൾക്ക് പാൽ നൽകുന്നത് നിർത്തിയത്.
റസൂൽപുർ മാഫി, ചുച്ചാലിയ കൂർദ്, ശഹ്സാദ്പുർ എന്നീ ഗ്രാമങ്ങളാണ് പാൽ വിതരണം നിർത്തിയത്. സഹകരണ സംഘങ്ങളുടെ പാത്രങ്ങൾ തലകീഴായി കമിഴ്ത്തിവെക്കുകയും ചെയ്തു. പാൽ സംഭരണത്തിനെത്തിയ ടാങ്കറുകൾ കാലിയായാണ് ഗ്രാമത്തിൽനിന്ന് തിരിച്ചുപോയത്.
പെട്രോൾ വില നൂറായതോടെ മാർച്ച് ആറുമുതൽ പാൽ ലിറ്റർ നൂറുരൂപക്ക് വിൽക്കുമെന്ന് കർഷക സംഘടനകൾ നേരത്തേ അറിയിച്ചിരുന്നു. നിലവിൽ 35 രൂപക്കാണ് പാൽ വിൽപ്പന.
ക്ഷീര കർഷകരോട് പാൽ വിതരണം നിർത്തിവെക്കാൻ തങ്ങൾ ആവശ്യപ്പെട്ടിട്ടില്ലെന്നും കർഷകരോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് അവർ സ്വയം പാൽ വിതരണം നിർത്തിവെച്ചതാണെന്നും ഭാരതീയ കിസാൻ യൂനിയൻ യുവജന നേതാവ് ദിഗംബർ സിങ് പറഞ്ഞു. കർഷക പ്രക്ഷോഭം തങ്ങളിൽ മാത്രം ഒതുങ്ങില്ലെന്നും താഴെതട്ടിലെ കർഷകർ മുതൽ സാധാരണ ജനങ്ങളിൽ വരെ എത്തിയതായും അദ്ദേഹം കൂട്ടിച്ചേർത്തു.
കർഷക സഹോദരങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് പാൽ വിതരണം നിർത്തിയതെന്നും തങ്ങൾക്ക് കഴിയുന്ന രീതിയിൽ പ്രതിഷേധിക്കാനാണ് തീരുമാനമെന്നും ക്ഷീരകർഷകനായ ദിനേശ് കുമാർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.