ഡൽഹിയിലെ വായുമലിനീകരണത്തിന് പരിഹാരമാകുന്നു; രാജ്യത്തെ ആദ്യ വായുശുദ്ധീകരണ ടവർ സ്ഥാപിച്ചു
text_fieldsന്യൂഡൽഹി: ഡൽഹിയിലെ കൊണാട്ട് പ്ലേസിൽ ഇന്ത്യയിലെ ആദ്യത്തെ വായു ശുദ്ധീകരണ ടവർ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ഉദ്ഘാടനം ചെയ്തു. ഒരു കിലോമീറ്റർ ചുറ്റളവിലുള്ള 1,000 ക്യുബിക് മീറ്റർ വായു ഓരോ സെക്കൻഡിലും ശുദ്ധീകരിക്കാൻ ശേഷിയുള്ള സംവിധാനമാണ് ഇവിടെ ഒരുക്കിയത്.
പ്രാരംഭ പദ്ധതിയായിട്ടാണ് ഇത് തുടങ്ങുന്നതെന്നും ഇതിന്‍റെ ആദ്യ ഫലങ്ങൾ ഒരു മാസത്തിനുള്ളിൽ ലഭ്യമാകുമെന്നും കെജ്രിവാൾ പറഞ്ഞു. പദ്ധതി വിജയകരമാണെങ്കിൽ രാജ്യതലസ്ഥാനത്ത് കൂടുതൽ സ്മോഗ് ടവറുകൾ സ്ഥാപിക്കും.
കൊണാട്ട് പ്ലേസിലെ ശിവാജി സ്റ്റേഡിയം മെട്രോ സ്റ്റേഷനു പിന്നിലായി 24.2 മീറ്റർ ഉയരത്തിലാണ് ടവർ നിർമിച്ചത്. ടവറിന്‍റെ അടിയിൽ മൊത്തം 40 ഫാനുകൾ സ്ഥാപിച്ചിട്ടുണ്ട്. മുകളിൽനിന്ന് വായു വലിച്ചെടുത്ത് ശുദ്ധീകരിച്ചശേഷം താഴെയുള്ള ഫാനുകളിലൂടെ അന്തരീക്ഷത്തിലേക്ക് തന്നെ പുറത്തുവിടുന്നതാണ് ഇതിന്‍റെ പ്രവർത്തനം.
രണ്ട് വർഷത്തെ പ്രവർത്തനച്ചെലവ് ഉൾപ്പെടെ മൊത്തം പദ്ധതി ചെലവ് ഏകദേശം 20 കോടിയാണ് കണക്കാക്കുന്നത്. ഡൽഹി മലിനീകരണ നിയന്ത്രണ സമിതിയാണ് (ഡി.പി.സി.സി) ഇതിന്‍റെ നോഡൽ ഏജൻസി.
എത്രത്തോളം വായു ശുദ്ധീകരിക്കുമെന്ന പഠനം നടത്തുന്നത് ഡൽഹി ഐ.ഐ.ടിയും ബോംബെ ഐ.ഐ.ടിയും ചേർന്നാണ്. രണ്ട് വർഷത്തേക്കാണ് പഠനം. ഈ രണ്ട് സ്ഥാപനങ്ങളും തന്നെയാണ് പദ്ധതിയുടെ സാങ്കേതിക ഉപദേഷ്ടാക്കൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.