ഗൂഗ്ൾ നീക്കിയ ഇന്ത്യൻ ആപ്പുകളിൽ ചിലത് തിരിച്ചെത്തി
text_fieldsന്യൂഡൽഹി: പ്ലേസ്റ്റോറിൽനിന്ന് ഗൂഗ്ൾ അധികൃതർ ഇന്ത്യൻ ആപ്പുകൾ ഒഴിവാക്കിയതിൽ പ്രതിഷേധം ശക്തമായതോടെ ചില ആപ്പുകൾ തിരിച്ചെത്തി. കഴിഞ്ഞ ദിവസമാണ് പത്ത് കമ്പനികളുടെ നിരവധി ആപ്പുകൾ ഗൂഗ്ൾ ‘ഡീലിസ്റ്റ്’ ചെയ്തത്. സർവിസ് ഫീസുമായി ബന്ധപ്പെട്ട തർക്കമാണ് കാരണം.
ഇന്ത്യൻ ആപ്പുകളെ ഒഴിവാക്കിയതിനെതിരെ ഐ.ടി മന്ത്രി അശ്വനി വൈഷ്ണവ് ശക്തമായ പ്രതിഷേധമറിയിച്ചിരുന്നു. ഇൻഫോ എഡ്ജ് ആപ്പിന്റെ ‘നൗക്കരി’, ‘99ഏക്രെസ്’, ‘നൗക്കരി ഗൾഫ്’, പ്രമുഖ മാട്രിമോണിയൽ ആപ്പായ ശാദി തുടങ്ങിയവയാണ് ഒരു ദിവസത്തെ ഒഴിവാക്കലിന് ശേഷം പ്ലേസ്റ്റോറിൽ തിരിച്ചെത്തിയത്.
10 കമ്പനികൾ ഫീസ് അടക്കുന്നതിൽനിന്ന് ഒഴിഞ്ഞുമാറിയതിനാലാണ് ചില ആപ്പുകൾ ഒഴിവാക്കാൻ തീരുമാനിച്ചതെന്ന് ഗൂഗ്ൾ അറിയിച്ചിരുന്നു. മാട്രിമോണി ഡോട് കോം, ഭാരത് മാട്രിമോണി, അൾട്ട്, കുക്കു എഫ്.എം, ക്വാക്ക് ക്വാക്ക്, ട്രൂലി മാഡ്ലി എന്നിവയും അപ്രത്യക്ഷമായിട്ടുണ്ട്.
ഇവയുടെ മാതൃകമ്പനികളും ഫീസ് വ്യവസ്ഥ ലംഘിക്കുന്നതായാണ് ഗൂഗ്ളിന്റെ പരാതി. മൊബൈല്‍ ആപ്പുകള്‍ക്കുള്ളില്‍ നടക്കുന്ന പണമിടപാടുകളില്‍ 15 ശതമാനം മുതല്‍ 30 ശതമാനം വരെ ഫീസ് ഈടാക്കുന്ന പഴയ രീതി നിര്‍ത്തലാക്കാന്‍ കോംപറ്റീഷൻ കമീഷൻ ഓഫ് ഇന്ത്യ ഉത്തരവിട്ടിരുന്നു. ഇതിന് ശേഷം 11 ശതമാനം മുതല്‍ 26 ശതമാനം വരെയാണ് ഗൂഗ്ള്‍ ഫീസ് ഈടാക്കുന്നത്.
ആപ് കമ്പനികൾക്ക് ഫീസടക്കാനായി മൂന്ന് തരം വ്യവസ്ഥയുണ്ടെന്നും ഗൂഗ്ൾ ചൂണ്ടിക്കാട്ടുന്നു. പുതിയ ഫീസ് നിരക്കില്‍ ഇടപെടാന്‍ കോടതിയും തയാറായിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഗൂഗ്ളിന്റെ കടുംവെട്ട്. രണ്ട് ലക്ഷത്തിലധികം ഇന്ത്യൻ ഡെവലപ്പർമാർ ഗൂഗ്ൾ പ്ലേ ഉപയോഗിക്കുന്നുണ്ടെന്നും എല്ലാവരും തൃപ്തരാണെന്നും ഗൂഗ്ൾ കമ്പനി വ്യക്തമാക്കുന്നു.
മികച്ച വരുമാനമുണ്ടായിട്ടും നിയമപ്രകാരമുള്ള ഫീസടക്കാൻ പത്ത് കമ്പനികൾ മടിക്കുകയാണെന്നും ഗൂഗ്ൾ പറയുന്നു. അതേസമയം, 11 മുതൽ 26 ശതമാനം വരെ സേവനത്തിന്റെ കമീഷൻ ഗൂഗ്ളിന് നൽകുന്നത് നഷ്ടത്തിനിടയാക്കുമെന്ന് ശാദി ആപ്പിന്റെ സി.ഇ.ഒ അനുപം മിത്തൽ പറഞ്ഞു.
അതിനിടെ, ശക്തമായാണ് ഗൂഗ്ളിനെതിരെ ഐ.ടി, ടെലികോം മന്ത്രി അശ്വിനി വൈഷ്ണവ് പ്രതികരിച്ചത്. സ്റ്റാർട്ടപ് സംവിധാനങ്ങൾ ഇന്ത്യൻ സമ്പദ്വ്യവസ്ഥയുടെ താക്കോലാണെന്നും അവയുടെ വിധി ഏതെങ്കിലും ടെക്ക് കമ്പനികൾക്ക് വിട്ടുകൊടുക്കാനാവില്ലെന്നും അശ്വനി വൈഷ്ണവ് പറഞ്ഞു.
ഇന്ത്യൻ സ്റ്റാർട്ടപ്പുകൾക്ക് ആവശ്യമായ സംരക്ഷണം നൽകുമെന്നും തർക്കം പരിഹരിക്കുന്നതിനായി ഗൂഗ്ളുമായും നടപടിക്ക് വിധേയരായ ആപ് ഡെവലപ്പർമാരുമായും അടുത്തയാഴ്ച സർക്കാർ ചർച്ച നടത്തും. ഇത്തരത്തിലുള്ള ‘കടുംവെട്ട്’ അനുവദിക്കാനാവില്ലെന്ന് വാർത്ത ഏജൻസിക്ക് നൽകിയ അഭിമുഖത്തിൽ അദ്ദേഹം മുന്നറിയിപ്പ് നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.