ചിലർ പാലം പിടിച്ചുകുലുക്കി; ഇളകുന്ന പാലത്തിൽ നിൽക്കാൻ പോലും പറ്റിയില്ലെന്ന് അപകടത്തിൽ നിന്ന് തലനാരിഴക്ക് രക്ഷപ്പെട്ട കുടുംബം
text_fieldsമോർബി: മോർബിയിൽ തൂക്കുപാലം തകർന്നുണ്ടായ അപകടത്തിൽ നിന്ന് തലനാരിഴക്ക് രക്ഷപ്പെട്ടിരിക്കുകയാണ് അഹമ്മദാബാദ് സ്വദേശിയായ വിജയ് ഗോസാമിയും കുടുംബാംഗങ്ങളും. മോർബിയിലെ തൂക്കുപാലം സന്ദർശിക്കാൻ കുടുംബാംഗങ്ങൾക്കൊപ്പം ഞായറാഴ്ച ഉച്ചക്ക് ശേഷം പോയിരുന്നു. പാലത്തിൽ കയറി പകുതി വരെ മാത്രമാണ് പോയത്. ആളുകൾ പാലം കുലുക്കുന്നതിനാൽ പേടിവന്ന് തരിച്ചുപോരുകയായിരുന്നു. അവർ ഭയപ്പെട്ടതുപോലെ വൈകീട്ട് 6.30 ഓടെ പാലം തകർന്നു വീണു. 130 പേരാണ് അപകടത്തിൽ ഇതുവരെ മരിച്ചത്. 177 പേരെ രക്ഷപ്പെടുത്തി. ഇതിൽ 19 പേരുടെ നില ഗുരുതരമാണ്. നിരവധി പേരെ കാണാതായിട്ടുണ്ട്. അവർക്ക് വേണ്ടിയുള്ള തിരിച്ചിൽ തുടരുകയാണ്.
താനും കുടുംബവും പാലത്തിൽ കയറിപോകുന്നതിനിടെ ചില യുവാക്കൾ പാലം പിടിച്ചു കുലുക്കിയെന്ന് വിജയ് ഗോസാമി പറഞ്ഞു. ശക്തമായി കുലുക്കിയതിനാൽ നടക്കാൻ ബുദ്ധിമുട്ടായി. ഇത്തരം പ്രവർത്തികൾ അപകടം ക്ഷണിച്ചുവരുത്തുമെന്ന് തോന്നിയതിനാൽ കുടുംബാംഗങ്ങളെയും വിളിച്ച് തിരിച്ച് പോരുകയായിരുന്നു. അവിടെയുണ്ടായിരുന്ന ജീവനക്കാരോടും ഇക്കാര്യം ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ അവർക്ക് ടിക്കറ്റ് വിൽക്കുന്നതിനൽ മാത്രമായിരുന്നു ശ്രദ്ധയെന്നും ഗോസാമി പറഞ്ഞു.
ബ്രിട്ടീഷ് കാലത്തെ തൂക്കു പാലം അറ്റകുറ്റപ്പണിക്ക് വേണ്ടി ഏഴ് മാസമായി അടച്ചിട്ടിരിക്കുകയായിരുന്നു. അതിനുശേഷം നാലു ദിവസം മുമ്പാണ് തുറന്നുകൊടുത്തത്.
ചില യുവാക്കൾ പാലത്തിന്റെ കയറിൽ ചവിട്ടി മറ്റ് ആളുകളെ ഭയപ്പെടുത്തുന്നതിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. പാലം തകർന്ന് വീഴുമ്പോൾ ഏകദേശം 500 പേർ പാലത്തിനു മുകളിലുണ്ടായിരുന്നുവെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. നിരവധി കുട്ടികൾ ഉണ്ടായിരുന്നു. നാട്ടുകാരും പൊലീസും അഗ്നിശമന സേനയും സൈന്യവുമുൾപ്പെടെ ചേർന്നാണ് രക്ഷാ പ്രവർത്തനം നടത്തുന്നത്.
അതേസമയം, പാലം അറ്റകുറ്റപ്പണിക്ക് അടച്ചശേഷം പണി പൂർത്തിയായ വിവരം സർക്കാറിനെ കരാർ കമ്പനി അറിയിച്ചില്ലെന്ന് ആരോപണമുണ്ട്. സർക്കാർ അധികൃതർ ഗുണനിലവാര പരിശോധന പൂർത്തിയാക്കിയിട്ടില്ലെന്നും സർക്കാറിന്റെ അറിവോ സമ്മതമോ കൂടാതെയാണ് അറ്റകുറ്റപ്പണിക്ക് കരാറെടുത്ത കമ്പനി പാലം തുറന്നതെന്നും അധികൃതർ ആരോപിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.