കോവിഡ് വ്യാപനം; വിവിധ സംസ്ഥാനങ്ങളിൽ രാത്രികാല കർഫ്യൂ
text_fieldsന്യൂഡൽഹി: ബ്രിട്ടനിൽ ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസ് കണ്ടെത്തിയതിന് പിന്നാലെ രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലും നിയന്ത്രണം. ക്രിസ്മസ്, ന്യൂഇയർ ആഘോഷങ്ങളിൽ കൂടുതൽ പേരിലേക്ക് രോഗം പടരാതിരിക്കാനാണ് നിയന്ത്രണം. ആഘോഷങ്ങളിൽ സാമൂഹിക അകലം പാലിക്കാതെ ജനം കൂടുന്നത് അതിവേഗം കോവിഡ് പടരാൻ ഇടയാക്കും. മഹാരാഷ്ട്ര, കർണാടക, ഗുജറാത്ത്, ഹിാമചൽ പ്രദേശ്, പഞ്ചാബ്, മണിപ്പൂർ, രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങൾ രാത്രികാല കർഫ്യൂ ഏർെപ്പടുത്തി. രാത്രികാല കർഫ്യൂവിന് പുറമെ മറ്റു നിയന്ത്രണങ്ങളും നിലനിൽക്കുന്നുണ്ട്.
കർണാടകയിൽ ജനുവരി ഒന്നുവരെയാണ് രാത്രികാല കർഫ്യൂ. ജനുവരി ഒന്നുവരെ രാത്രി 11 മുതൽ രാവിലെ അഞ്ചുമണിവരെ കർഫ്യൂ നിലനിൽക്കും. അത്യാവശ്യഘട്ടത്തിലല്ലാതെ ജനങ്ങെള പുറത്തിറങ്ങാൻ അനുവദിക്കില്ല.
മഹാരാഷ്ട്രയിൽ ജനുവരി അഞ്ചുവരെയാണ് രാത്രികാല കർഫ്യൂ ഏർപ്പെടുത്തിയിരിക്കുന്നത്. നഗരങ്ങളിൽ ഉൾപ്പെടെ രാത്രി 11 മുതൽ രാവിലെ ആറുവരെ അത്യാവശ്യങ്ങൾക്കല്ലാതെ പുറത്തിറങ്ങാൻ അനുവദിക്കില്ല. മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് ഓഫിസുകൾ, ടാക്സി, സ്വകാര്യ കാറുകൾ, ഓട്ടോ റിക്ഷ എന്നിവ അനുവദിക്കും.
ഗുജറാത്തിൽ അഹ്മദാബാദിൽ മാത്രമാണ് നിലവിൽ രാത്രികാല കർഫ്യൂ. നഗരത്തിൽ നവംബർ മുതൽ രാത്രി ഒമ്പതുമുതൽ രാവിലെ ആറുവരെ രാത്രികാല കർഫ്യൂ ആരംഭിച്ചിരുന്നു. ഗുജറാത്തിൽ രാത്രികാല കർഫ്യൂ ഏർപ്പെടുത്തിയിരിക്കുന്ന ഏകനഗരവും അഹ്മദാബാദാണ്.
ഹിമാചലിൽ ഷിംല, മണ്ഡി, കാൻഗ്ര, കുളു ജില്ലകളിലാണ് രാത്രികാല കർഫ്യൂ. ജനുവരി അഞ്ചുവരെ രാത്രി 10 മുതൽ രാവിലെ ആറുവരെയാണ് കർഫ്യൂ.
പഞ്ചാബിൽ ഡിസംബർ 11ന് പ്രഖ്യാപിച്ച രാത്രികാല കർഫ്യൂ തുടരാനാണ് തീരുമാനം. ജനുവരി ഒന്നുവരെ എല്ലാ നഗരങ്ങളിലും രാത്രികാല കർഫ്യൂ തുടരും. രാത്രികാല കർഫ്യൂവിന് പുറമെ മറ്റു നിയന്ത്രണങ്ങളും സംസ്ഥാനത്ത് ഏർപ്പെടുത്തിയിട്ടുണ്ട്. ഇൻഡോർ ആഘോഷങ്ങളിൽ നൂറുപേരിൽ കൂടുതലും പുറത്തെ ആഘോഷ പരിപാടികളിൽ 250 പേരിൽ കുടുതലും പങ്കെടുക്കാൻ പാടില്ല.
മണിപ്പൂരിൽ വൈകിട്ട് ആറുമുതൽ രാവിലെ നാലുമണി വരെയാണ് കർഫ്യൂ. സംസ്ഥാനത്ത് നേരത്തേതന്നെ കർഫ്യൂ പ്രഖ്യാപിച്ചിരുന്നു. കോവിഡ് വ്യാപനം കുറയുന്നതുവരെ സംസ്ഥാനത്ത് കർഫ്യൂ തുടരും. ആഘോഷ പരിപാടികളിൽ 20 പേരിൽ കൂടുതൽ പങ്കെടുക്കാനും പാടില്ല.
രാജസ്ഥാനിൽ ഡിസംബർ 31 വരെയാണ് കർഫ്യൂ. ഒരുലക്ഷത്തിൽ കൂടുതൽ ജനസംഖ്യയുള്ള പ്രദേശങ്ങളിലാണ് ഇവിടെ രാത്രികാല നിയന്ത്രണം. ന്യൂഇയറിന് പടക്കം പൊട്ടിക്കുന്നതിനും സർക്കാർ നിയന്ത്രണം ഏർപ്പെടുത്തി. മാർക്കറ്റുകൾ രാത്രി ഏഴുമണിവരെയേ ഇവിടെ പ്രവർത്തിക്കാൻ അനുവദിക്കൂ.
Latest News:
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.