സഹപ്രവർത്തകരില്ല; പാർട്ടിയില്ല, അവസാന കാലം ഒറ്റക്ക്
text_fieldsകൊൽക്കത്ത: അവസാകാലത്ത് ഏകാന്ത ജീവിതമായിരുന്നു അന്തരിച്ച മുൻ ലോക്സഭ സ്പീക്കർ സോമനാഥ് ചാറ്റർജിയുടേത്. നിർണായക ഘട്ടത്തിൽ പാർട്ടിയോടൊപ്പം നിൽക്കാത്തത് സി.പി.എമ്മിന് വലിയ നാണക്കേടുണ്ടാക്കിയതോടെയാണ് ചാറ്റർജി പ്രവർത്തകർക്കിടയിൽ അനഭിമിതനായത്. പാർട്ടി തീരുമാനത്തെ എതിർക്കുന്ന ആദ്യ പ്രമുഖ നേതാവുമായിരുന്നു അദ്ദേഹം.
2004 മുതൽ 2009 വരെ ലോക്സഭ സ്പീക്കറായിരുന്നു അദ്ദേഹം. പത്തു തവണ ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ചാറ്റർജി സി.പി.എം കേന്ദ്ര കമ്മിറ്റി അംഗമായിരുന്നു. ഒരു തവണമാത്രമാണ് അദ്ദേഹം തോൽവിയറിഞ്ഞത്. 1984ൽ മമത ബാനർജിയോട് മത്സരിച്ചാണ് തോറ്റത്.
യു.പി.എ സർക്കാറിന് സി.പി.എം പിന്തുണ പിൻവലിച്ചപ്പോൾ സ്പീക്കർ പദവിയിൽനിന്ന് രാജിവെക്കാതിരുന്ന അദ്ദേഹത്തെ 2008ലാണ് പാർട്ടിയിൽ നിന്ന് പുറത്താക്കിയത്. എന്നാൽ പിന്നീട് പാർട്ടിയിലേക്ക് തിരിച്ചുവരണമെന്ന ആഗ്രഹം അദ്ദേഹം പലകുറി പ്രകടിപ്പിച്ചിരുന്നു.
പാർട്ടിയിൽ നിന്ന് പുറത്താക്കിയതിന് ശേഷവും സി.പി.എമ്മിനെ വിമർശിച്ചതും പാർട്ടി പ്രവർത്തകർക്കിടയിൽ ചാറ്റർജിയോടുള്ള അകൽച്ചയുടെ വിടവ് കൂട്ടി. മായാവതി, ജയലളിത തുടങ്ങിയവരുമായി ഇടതുപാർട്ടികൾ സഖ്യമുണ്ടാക്കുന്നതു തനിക്കു സങ്കൽപ്പിക്കാൻപോലുമാവാത്ത സംഗതിയാണെന്നും ഇത്തരം ധാരണകൾക്കു പ്രതികൂല സ്വഭാവം മാത്രമാണുള്ളതെന്നും ചാറ്റർജി വിമർശിച്ചിരുന്നു. പാർട്ടിയിലുള്ളവരുടെ മനസ് മാറാതെ താൻ തിരികെ പാർട്ടിയിലേക്കു പോകില്ലെന്നും സോമനാഥ് പറഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.