ചെന്നൈയിൽ മാതാവിനായി സ്നേഹത്തിന്റെ താജ്മഹൽ പണിത് മകൻ
text_fieldsചെന്നൈ: തമിഴ്നാട്ടിലെ തിരുവാരൂരിൽ മാതാവിന്റെ സ്മരണക്കായി താജ്മഹൽ പണിത് മകൻ. പിതാവിന്റെ മരണശേഷം നാലു സഹോദരിമാരും താനുമടക്കമുള്ള മക്കളെ കഷ്ടപ്പെട്ടു വളർത്തിയ മാതാവ് ജയ്‍ലാനി ബീവിയോടുള്ള സ്നേഹ സൂചകമായാണ് സ്മാരകം പണിയാൻ അമറുദ്ദീൻ ശൈഖ് ദാവൂദ് തീരുമാനിച്ചത്. ആഗ്രഹയിൽ പ്രണയിനിയുടെ ഓർമക്കായി ഷാജഹാൻ പണിയിച്ച താജ്മഹൽ പോലെ നിത്യസ്മാരകം പണിയണമെന്നായിരുന്നു മനസിൽ. അഞ്ചു കോടി രൂപയാണ് സ്മാരകം പണിയാൻ ചെലവായത്.
അമറുദ്ദീന്റെ പിതാവ് അബ്ദുൽ ഖാദർ ചെന്നൈയിൽ ഹാർഡ് വെയർ കട നടത്തിവരികയായിരുന്നു. കുട്ടികൾക്ക് പ്രായപൂർത്തിയാകുന്നതിനു മുമ്പേ അബ്ദുൽ ഖാദർ മരിച്ചു. തുടർന്ന് അഞ്ച് മക്കളുടെയും വിദ്യാഭ്യാസവും വിവാഹമടക്കമുള്ള എല്ലാ കാര്യങ്ങളും ജെയ്‍ലാനി ബീവി കഠിനാധ്വാനം ചെയ്ത് ഭംഗിയായി നടത്തി.
2020 ൽ ജെയ്‍ലാനി ബീവി മരിച്ചു. മാതാവിന്റെ ജന്മനാടായ അമ്മൈയപ്പനിലാണ് താജ്മഹലിന്റെ മാതൃകയിൽ സ്മാരകം തീർത്തത്. അതിനായി രാജസ്ഥാനിൽ നിന്ന് മാർബിൾ എത്തിച്ചു. ഇക്കഴിഞ്ഞ ജൂൺ രണ്ടിനായിരുന്നു സ്മാരകത്തിന്റെ ഉദ്ഘാടനം. അമാവാസി ദിനത്തിലാണ് മാതാവ് മരിച്ചത്. അതിനാൽ എല്ലാ അമാവാസി ദിനങ്ങളിലും 1000 ആളുകൾ ബിരിയാണി വിതരണം ചെയ്യുന്നുണ്ട് അമറുദ്ദീൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.