രോഗിയായ മകനെ പരിചരിക്കാനെത്തി; രോഗം ഭേദമായപ്പോൾ തെരുവിൽ തള്ളി
text_fieldsമുംബൈ: കോവിഡ്കാലത്ത് മകൻ പുറത്താക്കിയ വയോധികയായ അമ്മക്ക് തുണയായി റെയിൽവേ ഉദ്യോഗസ്ഥർ. ഇനിയെന്തെന്ന ഭീതിയിൽ മുംബൈ തെരുവിൽ അകപ്പെട്ട ഡൽഹിയിലെ പാണ്ഡവ് നഗർ നിവാസിയായ 68കാരി ലീലാവതി കേശവ് നാഥിന് മുന്നിലാണ് റെയിൽവേ ഉദ്യോഗസ്ഥർ രക്ഷകരായി അവതരിച്ചത്. മൂത്തമകന് അസുഖം ബാധിച്ചതോടെ പരിചരിക്കാൻ നാലുമാസം മുമ്പ് മുംബൈയിൽ എത്തിയതായിരുന്നു അവർ.
രോഗം മാറിയതോടെ മകന് അമ്മ അധികപ്പറ്റായി. ദേഹോപദ്രവവും തുടങ്ങി. എല്ലാം സഹിച്ചുനിൽക്കേ ബാന്ദ്ര റെയിൽവേ സ്റ്റേഷെൻറ നടപ്പാതയിൽ അമ്മയെ ഉപേക്ഷിച്ച് മകൻ മുങ്ങി. ലോക്ഡൗൺ കാലത്ത് സ്റ്റേഷനു പുറത്ത് തനിച്ചിരിക്കുന്ന വയോധികയെ കണ്ട് ഉദ്യോഗസ്ഥർ വിവരം തിരക്കിയപ്പോഴാണ് ദുരിതകഥ കേട്ടത്. കഴിഞ്ഞ ഡിസംബറിൽ ഭർത്താവ് മരിച്ചതിൽ പിന്നെ അവസ്ഥ ഇതാണെന്ന് അവർ പറഞ്ഞു.
മക്കളുടെ അടുത്തേക്കല്ലാതെ എങ്ങോട്ടു പോകാനാണെന്ന് അവർ ചോദിക്കുന്നു. ശനിയാഴ്ച മുംബൈ സെൻട്രലിൽനിന്ന് പുറപ്പെട്ട ഡൽഹി രാജധാനി ട്രെയിനിൽ സെക്കൻഡ് എ.സി ടിക്കറ്റെടുത്ത് അവർ ആ അമ്മയെ ഡൽഹിയിലെ ഇളയ മകൻെറ അടുത്തേക്കയച്ചു. തിങ്കളാഴ്ച ഡൽഹിയിലെത്തുന്ന അവരെ സ്റ്റേഷനിൽ റെയിൽവേ ഉദ്യോഗസ്ഥരും റെയിൽവേ പൊലീസും സ്വീകരിക്കും. വീടെത്തിച്ച് ഇളയ മകൻ അവരെ നോക്കുമെന്ന് ഉറപ്പുവരുത്തുകയും ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.