ലോക്സഭ തെരഞ്ഞെടുപ്പിൽ അജയ് മിശ്രക്കെതിരെ മത്സരിക്കുമെന്ന് ലഖിംപൂരിൽ കൊല്ലപ്പെട്ട കർഷകന്റെ മകൻ
text_fieldsലഖ്നോ: കേന്ദ്രമന്ത്രി അജയ് മിശ്രയെ രാഷ്ട്രീയത്തിൽ നേരിടാനൊരുങ്ങി ഉത്തർപ്രദേശിലെ ലഖിംപൂർ ഖേരിയിൽ കൊല്ലപ്പെട്ട കർഷകന്റെ മകൻ. നച്ഛതാൻ സിങ്ങിന്റെ മൂത്തമകൻ ജഗദീപ് സിങ് 2024ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ അജയ് മിശ്രക്കെതിരെ മത്സരിക്കും.
നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ സമാജ്‍വാദി പാർട്ടിയിൽനിന്നും കോൺഗ്രസിൽനിന്നും തനിക്ക് ഓഫറുകൾ ലഭിച്ചുവെന്നും എന്നാൽ ലോക്സഭ തെരഞ്ഞെടുപ്പിൽ തന്നെ മത്സരിപ്പിക്കാൻ അവരോട് ആവശ്യപ്പെട്ടതായും ജഗദീപ് സിങ് പറഞ്ഞു.
2021 ഒക്ടോബർ മൂന്നിനായിരുന്നു രാജ്യത്തെ നടുക്കിയ കർഷക കൊലപാതകം. സംഭവത്തിൽ മുഖ്യപ്രതിയാണ് അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്ര. ലഖിംപൂരിൽ കർഷക പ്രക്ഷോഭത്തിനിടയിലേക്ക് ആശിഷ് മിശ്രയും സുഹൃത്തുക്കളും കാർ ഓടിച്ചുകയറ്റിയതിനെ തുടർന്ന് നാലു കർഷകർക്കാണ് ജീവൻ നഷ്ടമായത്. ആശിഷ് മിശ്രയെ പ്രതിചേർത്ത് പ്രത്യേക അന്വേഷണ സംഘം കുറ്റപത്രം സമർപ്പിക്കുകയും ചെയ്തിരുന്നു. ആശിഷ് മിശ്ര നിലവിൽ ജയിലിലാണ്.
നംദാർ പൂർവ ഗ്രാമത്തിലെ താമസക്കാരനാണ് ജഗദീപ് സിങ്. ലഖിംപൂർ ഖേരി ജില്ലയിലെ ധൗരഹര നിയമസഭ മണ്ഡലത്തിൽനിന്ന് പ്രതിപക്ഷ പാർട്ടികൾ ടിക്കറ്റ് വാഗ്ദാനം ചെയ്തെങ്കിലും നിരസിക്കുകയായിരുന്നു അദ്ദേഹം. തനിക്കും കുടുംബത്തിനും യാതൊരുവിധ രാഷ്ട്രീയ ബന്ധവുമില്ല. എസ്.പി, ബി.എസ്.പി, കോൺഗ്രസ് എന്നീ പാർട്ടികളെ പിന്തുണക്കുന്നുമില്ല. നിലവിൽ ഞങ്ങളെല്ലാവരും കർഷക നേതാവ് തേജീന്ദർ സിങ് വിർക്കിനൊപ്പം നിൽക്കുന്നു -31കാരനായ ജഗദീപ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.