ആശുപത്രിയിൽ മതിയായ കിടക്കകളില്ല; മുൻ ബി.ജെ.പി നേതാവിന്‍റെ മകൻ ചികിത്സ ലഭിക്കാതെ മരിച്ചു
text_fieldsലഖ്നോ: ചികിത്സ ലഭിക്കാതെ മകൻ മരണപ്പെട്ടതിന് പിന്നാലെ ആശുപത്രിയിൽ ധർണ നടത്തി മുൻ ബി.ജെ.പി നേതാവും എം.പിയുമായ ഭൈറോൺ പ്രസാദ് മിശ്ര. അത്യാഹിത വിഭാഗത്തിൽ മതിയായ കിടക്കയില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഗുരുതരാവസ്ഥയിലായിരുന്നിട്ടും എം.പിയുടെ മകൻ പ്രസാദ് മിശ്രക്ക് ചികിത്സ നിഷേധിക്കപ്പെട്ടത്. ലഖ്നോവിലെ സഞ്ജയ് ഗാന്ധി പോസ്റ്റ് ഗ്രേജുവേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലായിരുന്നു സംഭവം.
ശനിയാഴ്ച രാത്രി 11മണിയോടെയാണ് ഭൈറോൺ പ്രസാദ് മിശ്ര മകനുമായി ആശുപത്രിയിലെത്തിയത്. ഇതിന് പിന്നാലെ ഒരു മണിക്കൂറിന് ശേഷം യുവാവ് മരണപ്പെടുകയായിരുന്നു. കിഡ്നി സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു മകൻ.
മുതിർന്ന അധികൃതരുമായും പി.ജി.ഐ ഇൻസ്പെകടറുമായും സംസാരിച്ചതിന് പിന്നാലെയാണ് പുലർച്ചെ നാല് മണി വരെ ആശുപത്രിയിൽ നടത്തിയ ധർണ മിശ്ര അവസാനിപ്പിച്ചത്. അതേസമയം പ്രകാശ് മിശ്രയുടെ മരണത്തിൽ അന്വേഷണം നടത്തണമെന്നും ഇത്തരം സംഭവങ്ങൾ ആവർത്തിക്കരുതെന്നും ചൂണ്ടിക്കാട്ടി യു.പി സർക്കാർ നിർദേശം നൽകിയിട്ടുണ്ടെന്ന് യു.പി ഉപമുഖ്യമന്ത്രി ബ്രജേഷ് പതക് പറഞ്ഞു.
സംഭവത്തെ അപലപിച്ച് സമാജ് വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ് രംഗത്തെത്തിയിരുന്നു. എം.പിയുടെ മകന് ചികിത്സ ലഭിക്കുന്നില്ലെങ്കിൽ സാധാരണക്കാരന്‍റെ അവസ്ഥ ഇതിലും പരിതാപകരമായിരിക്കും എന്നായിരുന്നു അഖിലേഷ് യാദവിന്‍റെ പരാമർശം. മറ്റ് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് പ്രചരണത്തിന് ശേഷം ബി.ജെ.പി വിഷയത്തിൽ നടപടിയെടുക്കുമെന്ന് വിശ്വസിക്കാം. മനുഷ്യരുടെ ജീവനേക്കാൾ ബി.ജെ.പിക്ക് വിലപ്പെട്ടത് തെരഞ്ഞെടുപ്പാണെന്നും അദ്ദേഹം പറഞ്ഞു.
2014-19 വരെയുള്ള കാലയളവിൽ ബന്ദയിൽ നിന്നുള്ള എം.പിയായിരുന്നു ഭൈറോൺ പ്രസാദ് മിശ്ര. 2019ൽ ടിക്കറ്റ് നിഷേധിച്ചതോടെ ഇദ്ദേഹം ബി.ജെ.പി ഓഫീസിന് മുന്നിൽ പ്രതിഷേധിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.