തീവ്രവാദിയെ കല്ലെറിഞ്ഞ് കൊന്നയാളുടെ മകനെ 'തീവ്രവാദി'യാക്കി വെടിവെച്ച് കൊന്ന് പൊലീസ്
text_fieldsശ്രീനഗർ: അബ്ദുൽ ലത്തീഫ് മഗ്രേയെ കശ്മീരിലുള്ള എല്ലാവർക്കും അറിയാം. 2005ന് ശേഷം അദ്ദേഹം അവർക്ക് അത്രമാത്രമം സുപരിചിതനാണ്. തീവ്രവാദ വിരുദ്ധ സേനയെ സഹായിക്കുന്ന കാര്യത്തിൽ അഗ്രഗണ്യനായിരുന്നു അദ്ദേഹം. 2005ൽ ഒരു തീവ്രവാദിയെ കല്ലെറിഞ്ഞ് കൊലപ്പെടുത്തിയതിലൂടെയാണ് മഗ്രേ നാട്ടിലെ താരമാകുന്നത്. അധികൃതർക്കും അയാൾ പ്രിയപ്പെട്ടവനായിരുന്നു. എന്നാൽ, ഇന്ന് കഥ ആകെ മാറിയിരിക്കുകയാണ്. മഗ്രേയുടെ 24 വയസ് മാത്രം പ്രായമുള്ള മകൻ അമീർ മഗ്രേയെ 'തീവ്രവാദി' എന്ന മുദ്ര കുത്തി പൊലീസ് വെടിവെച്ച് കൊലപ്പെടുത്തിയിരിക്കുന്നു. തീവ്രവാദ വിരുദ്ധ സേനക്കൊപ്പം പ്രവർത്തിച്ചതിനാൽ തീവ്രവാദികളുടെ നോട്ടപ്പുള്ളികളായിരുന്നു അബ്ദുൽ ലത്തീഫ് മഗ്രേയും അയാളുടെ കുടുംബവും. മഗ്രേയുടെ സഹോദരനെ തീവ്രവാദികൾ കൊലപ്പെടുത്തുകയും ചെയ്തിരുന്നു. അതിനിടെയാണ് താൻ ആരിൽ വിശ്വാസം അർപ്പിച്ചിരുന്നോ അവരിൽനിന്ന് തന്നെ ഭീതിപ്പെടുത്തുന്ന അനുഭവം അയാൾക്കുണ്ടായിരിക്കുന്നത്. തന്‍റെ മകൻ അമീർ നിരപരാധിയാണെന്നും ശ്രീനഗറിലെ ഒരു കടയിൽ തൊഴിലാളിയാണെന്നും മഗ്രേ പറയുന്നു.
ശ്രീനഗറിൽ നടന്ന വിവാദ ഏറ്റുമുട്ടലിനിടെ പൊലീസ് കൊലപ്പെടുത്തിയ നാലുപേരിൽ തൻന്‍റെ മകനെയും തീവ്രവാദിയായി മുദ്രകുത്തി പൊലീസ് കൊലപ്പെടുത്തിയതായി അദ്ദേഹം പരിതപിക്കുന്നു. ജമ്മു കശ്മീരിലെ റംബാൻ ജില്ലയിലെ വിദൂര ഗ്രാമത്തിലാണ് ഇവരുടെ കുടംബം. തിങ്കളാഴ്ച വൈകുന്നേരം ശ്രീനഗറിലെ ഒരു വാണിജ്യ സമുച്ചയത്തിനുള്ളിൽ നടന്ന ഏറ്റുമുട്ടലിലാണ് നാല് തീവ്രവാദികളെ കൊലപ്പെടുത്തിയതെനുനം അമീർ മഗ്രേ തീവ്രവാദിയാണെന്നും പൊലീസ് അവകാശപ്പെടുന്നു.
'ഞാൻ തന്നെ ഒരു ഭീകരനെ കല്ലെറിഞ്ഞ് കൊന്നു, ഞാൻ തീവ്രവാദികളുടെ വെടിയുണ്ടകൾ ഏറ്റുവാങ്ങിയിട്ടുണ്ട്, എന്‍റെ കസിൻ സഹോദരനെയും തീവ്രവാദികൾ കൊന്നു. 11 വർഷമായി ഞങ്ങൾക്ക് ഞങ്ങളുടെ വീട്ടിൽ നിന്ന് കുടിയിറങ്ങേണ്ടി വന്നു. ഞാൻ എന്‍റെ മക്കളെ വളരെ കഷ്ടപ്പെട്ടാണ് വളർത്തിയത്. ഇന്ന്, ആ ത്യാഗത്തിന്‍റെ ഫലമാണ് ഞാൻ അനുഭവിക്കുന്നത്. ഒരു ഭീകരനെ കല്ലുകൊണ്ട് കൊന്ന ഇന്ത്യക്കാരനെ, അവന്‍റെ മകനെ കൊന്ന് തീവ്രവാദിയായി മുദ്രകുത്തുന്നു. -അബ്ദുൽ ലത്തീഫ് മഗ്രേ പറയുന്നു.
മകന്‍റെ മൃതദേഹം സംസ്‌കാര ചടങ്ങുകൾക്ക് വിട്ടുനൽകാൻ പോലും പൊലീസ് തയ്യാറായിട്ടില്ലെന്ന് മഗ്രേ പറഞ്ഞു. എന്‍റെ മകന്‍റെ മൃതദേഹം നിഷേധിക്കുന്നത് തീവ്രവാദികൾക്കെതിരായ പോരാട്ടത്തിന്‍റെ പ്രതിഫലമാണ്. എന്‍റെ വീടിന് ഇപ്പോഴും പൊലീസ് കാവലുണ്ട്. നാളെ സെക്യൂരിറ്റി ഗാർഡുകൾക്ക് എന്നെ കൊല്ലാനും ഞാൻ തീവ്രവാദിയാണെന്ന് അവകാശപ്പെടാനും കഴിയും -മഗ്രേ പറയുന്നു. അതേസമയം, ശ്രീനഗറിൽ നിന്ന് 100 കിലോമീറ്റർ അകലെയുള്ള ഹന്ദ്വാര പൊലീസ് സ്റ്റേഷൻ പരിധിയിലെ അജ്ഞാത സ്ഥലത്ത് നാല് മൃതദേഹങ്ങളും സംസ്‌കരിച്ചതായി പൊലീസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.