സൊണാലി ഫോഗട്ടിനെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതെന്ന് സഹോദരൻ
text_fieldsന്യൂഡൽഹി: പ്രശസ്ത ടിക് ടോക് താരവും നടിയും ഹരിയാനയിലെ ബി.ജെ.പി നേതാവുമായ സൊണാലി ഫോഗട്ടിന്റെ (42) മരണത്തിന് പിന്നിൽ പി.എ സുധീർ സാങ്വാൻ ആണെന്ന് കുടുംബത്തിന്റെ പരാതി. ഭക്ഷണത്തിൽ മയക്കുമരുന്ന് കലർത്തി ബലാത്സംഗം ചെയ്ത് ദൃശ്യം വിഡിയോയിൽ പകർത്തി ബ്ലാക്മെയിൽ ചെയ്തിരുന്നുവെന്നും തുടർന്ന് കൊലപ്പെടുത്തിയതാണെന്ന് സംശയമുണ്ടെന്നും സഹോദരൻ റിങ്കു ധാക്ക ഗോവ പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു.
സുധീർ സാങ്വാനും സുഹൃത്ത് സുഖ്‌വീന്ദറും ചേർന്നാണ് കൊലപ്പെടുത്തിയതെന്നാണ് ബന്ധുക്കളുടെ ആരോപണം. ഇരുവർക്കുമെതിരെ ബലാത്സംഗത്തിനും കൊലപാതകത്തിനും കേസെടുക്കണമെന്ന് കുടുംബം ആവശ്യപ്പെട്ടു. കൊലപാതകത്തിന് പിന്നിൽ രാഷ്ട്രീയ ഗൂഢാലോചന ഉള്ളതായും ഇവർ ആരോപിച്ചു. അതേസമയം, ഫോഗട്ടിന്റെ മരണതെതക്കുറിച്ച് സംസ്ഥാന പൊലീസ് വിശദമായ അന്വേഷണം നടത്തിവരികയാണെന്ന് ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് പറഞ്ഞു.
ഇന്നലെ രാവിലെ നോർത്ത് ഗോവയിലെ അഞ്ജുനയിലാണ് സൊണാലി മരിച്ചത്. ഹൃദയാഘാതത്തെ തുടർന്നാണ് മരണമെന്നാണ് പ്രാഥമിക റിപ്പോർട്ട്. ആഗസ്റ്റ് 22 ന് ഗോവയിൽ എത്തിയ ഫോഗട്ട് അഞ്ജുനയിലെ ഹോട്ടലിലായിരുന്നു താമസിച്ചിരുന്നത്. ചൊവ്വാഴ്ച രാവിലെ ഒമ്പത് മണിയോടെയാണ് ഹോട്ടലിൽ നിന്ന് ആശുപത്രിയിൽ എത്തിച്ചതെന്ന് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് ജിവ്ബ ദാൽവി പറഞ്ഞു. ശാരീരിക അസ്വസ്ഥതയെ തുടർന്നാണ് ഫോഗട്ടിനെ ആശുപത്രിയിൽ എത്തിച്ചതെന്നും ശരീരത്തിൽ ബാഹ്യമായ മുറിവുകളൊന്നുമില്ലെന്നും പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ മരണകാരണം വ്യക്തമാകുമെന്നും ഡിജിപി മാധ്യമങ്ങളോട് പറഞ്ഞു.
ആരാണ് സുധീർ സാങ്വാൻ?
2019-ൽ ബി.ജെ.പിയുടെ സജീവ രാഷ്ട്രീയ നേതാവായ ശേഷമാണ് സൊണാലി തന്റെ പിഎയായി സുധീറിനെയും സുഖ്‍വീന്ദറിനെയും നിയമിച്ചത്. സുധീർ, റോഹ്തക്ക് സ്വദേശിയും സുഖ്‍വീന്ദർ ഹരിയാനയിലെ ഭിവാനി സ്വദേശിയുമാണ്. ഇരുവരും ബി.ജെ.പി പ്രവർത്തകരാണ്.
2021ൽ സോണാലിയുടെ വീട്ടിൽ മോഷണം നടന്നതായും സുധീറാണ് സംഭവത്തിന് പിന്നിലെന്നും സഹോദരൻ റിങ്കു പറയുന്നു. സംഭവത്തെ തുടർന്ന് പാചകക്കാരനെയും മറ്റ് ജീവനക്കാരെയും പിരിച്ചുവിട്ടു. സൊണാലിയുടെ രാഷ്ട്രീയ-സിനിമാ ജീവിതം അവസാനിപ്പിക്കുമെന്ന് സുധീർ പല തവണ ഭീഷണിപ്പെടുത്തിയിരുന്നതായി റിങ്കു ആരോപിച്ചു. സുഹൃത്ത് സുഖ്വീന്ദറുമായി ചേർന്ന് സുധീർ അരുതാത്തത് എന്തോ ചെയ്തേക്കാമെന്ന് സഹോദരി ഫോണിൽ തന്നോട് പറഞ്ഞിരുന്നതായും ഉടൻ തന്നെ ഫോൺ കട്ടായതായും പിറ്റേന്ന് രാവിലെ ഷൂട്ടിംഗിനിടെ സൊണാലി ഫോഗട്ട് മരിച്ചുവെന്ന വിവരം സുധീർ ഫോൺ വിളിച്ച് അറിയിക്കുകയായിരുന്നുവെന്നും റിങ്കു പറഞ്ഞു.
ഗോവയിൽ സിനിമ ഷൂട്ടിങ്ങ് ഇല്ല?
സിനിമ ഷൂട്ടിങ്ങിന് എന്ന് പറഞ്ഞാണ് സൊണാലിയും പി.എയും സംഘവും ഗോവയിൽ എത്തിയത്. എന്നാൽ, മരണവിവരം അറിഞ്ഞ് തങ്ങൾ ഗോവയിൽ എത്തിയപ്പോഴാണ് സിനിമാ ഷൂട്ടിങ് ഇല്ലെന്ന് മനസിലായതെന്ന് റിങ്കു പറഞ്ഞു. മരണവിവരം വീട്ടുകാരെ അറിയിച്ച ശേഷം സുധീറിന്റെയും സൊണാലിയുടെയും ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു. സ്വത്ത് തട്ടിയെടുക്കാൻ സുഹൃത്ത് സുഖ്വീന്ദറുമായി ചേർന്ന് സുധീർ ഗൂഢാലോചന നടത്തി സൊണാലിയെ കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് റിങ്കു പറയുന്നത്. ഹരിയാനയിലെ ഫാം ഹൗസിലെ സിസിടിവി കാമറകളും ലാപ്‌ടോപ്പും മറ്റ് നിർണായക വസ്തുക്കളും മരണശേഷം കാണാതായതായും അദ്ദേഹം പറയുന്നു. ''കഴിഞ്ഞ 15 വർഷമായി അവൾ ബിജെപി നേതാവായിരുന്നു. അവൾക്ക് നീതി ലഭിക്കുന്നതിന് ഞങ്ങളെ സഹായിക്കാൻ പ്രധാനമന്ത്രിയോട് അഭ്യർഥിക്കും'' -അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.