രാജ്യത്തെ വാക്സിൻ ക്ഷാമത്തിന് കാരണം മോദി സർക്കാറിന്‍റെ പിടിപ്പുകേട് -സോണിയ ഗാന്ധി
text_fieldsന്യൂഡൽഹി: രാജ്യത്ത് കോവിഡ് ക്ഷാമത്തിന് കാരണം മോദി സർക്കാറിന്‍റെ പിടിപ്പുകേടാണെന്ന് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി നടത്തിയ യോഗത്തിൽ സംസാരിക്കുകയായിരുന്നു അവർ. മുതിർന്ന പാർട്ടി നേതാവ് രാഹുൽ ഗാന്ധിയും യോഗത്തിൽ പങ്കെടുത്തു.
ആളുകളെ പരിശോധിക്കുക, പിന്തുടരുക, വാക്സിൻ നൽകുക എന്നതിനാണ് മുൻഗണന നൽകേണ്ടതെന്ന് സോണിയ ഗാന്ധി പറഞ്ഞു. 'കോൺഗ്രസ് ഭരിക്കുന്നയിടങ്ങളിലും അല്ലാത്ത സംസ്ഥാനങ്ങളിലും യഥാർത്ഥ രോഗികളുടെയും മരണങ്ങളുടെയും കൃത്യമായ എണ്ണം സർക്കാറുകൾ വെളിപ്പെടുത്തണം, ഇക്കാര്യത്തിൽ സുതാര്യത വേണം.
ഇന്ത്യയിലെ വാക്സിനേഷൻ ഡ്രൈവിനാണ് മുഖ്യപരിഗണന നൽകേണ്ടത്. അതിനുശേഷം മതി വാക്സിൻ കയറ്റുമതി ചെയ്യുന്നതും മറ്റ് രാജ്യങ്ങൾക്ക് സമ്മാനമായി നൽകുന്നതും. സർക്കാർ കൂടുതൽ ഉത്തരവാദിത്വത്തോടെ പെരുമാറണം. മോദി സർക്കാർ കാര്യങ്ങൾ തെറ്റായിട്ടാണ് കൈകാര്യം ചെയ്തത്. വാക്സിൻ അനിയന്ത്രിതമായി കയറ്റുമതി ചെയ്തതാണ് ഇന്ത്യയിൽ ക്ഷാമം ഉണ്ടാകാൻ കാരണം -സോണിയ പറഞ്ഞു.
കേന്ദ്ര സർക്കാറിന്‍റെ ദീർഘവീക്ഷണമില്ലായ്മയും കോവിഡ് പ്രതിരോധത്തിലെ അലംഭാവവും ശാസ്ത്രലോകവും വാക്സിൻ നിർമാതാക്കളും എടുത്ത പരിശ്രമത്തെ ദുർബലപ്പെടുത്തിയതായി രാഹുൽ ഗാന്ധി കഴിഞ്ഞദിവസം വിമർശിച്ചിരുന്നു. ആവശ്യക്കാർക്കെല്ലാം എത്രയും വേഗം വാക്സിൻ ലഭ്യമാക്കണമെന്നും പ്രധാനമന്ത്രിക്ക് അയച്ച കത്തിൽ അദ്ദേഹം ആവശ്യപ്പെട്ടു.
കേരളം, മഹാരാഷ്ട്ര, ഒഡീഷ, ആന്ധ്രാപ്രദേശ്, പഞ്ചാബ്, രാജസ്ഥാൻ, യു.പി, ഉത്തരാഖണ്ഡ്, ഛത്തീസ്ഗഢ്, ബിഹാർ തുടങ്ങി നിരവധി സംസ്ഥാനങ്ങൾ വാക്സിൻ ക്ഷാമം നേരിടുന്നുണ്ട്. കേരളത്തിൽ 25,000 പേർക്ക് നൽകാനുള്ള വാക്സിൻ മാത്രമാണ് സ്റ്റോക്കുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.