'രാഹുലിന് ഭീഷണിയാവില്ലെന്നതിനാൽ സോണിയ മൻമോഹനെ പ്രധാനമന്ത്രിയാക്കി' -ഒബാമയുടെ പുസ്തകം വീണ്ടും ചർച്ചയാകുന്നു
text_fieldsന്യൂഡൽഹി: മുൻ യു.എസ് പ്രസിഡൻറ് ബറാക്ക് ഒബാമയുടെ 'എ പ്രോമിസ്ഡ് ലാൻഡ്' എന്ന പുസ്തകം ഇന്ത്യൻ രാഷ്‌ട്രീയത്തിൽ വലിയ അലയൊലികൾ തീർക്കുകയാണ്. പുസ്തകത്തിൽ രാഹുൽ ഗാന്ധിയെക്കുറിച്ച് ഒബാമ നടത്തിയ പരാമർശം വൻ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. ഇപ്പോൾ പുസ്തകത്തിലെ മറ്റൊരു പരാമർശം കൂടി വാർത്തയായിരിക്കുകയാണ്.
ഭാവിയിൽ രാഹുൽ ഗാന്ധിക്കു ഭീഷണിയാവില്ലെന്ന് ഉറപ്പുള്ളതിനാലാണ് സോണിയ ഗാന്ധി മൻമോഹൻ സിങ്ങിന് പ്രധാനമന്ത്രി പദം വെച്ചുനീട്ടിയതെന്ന് കരുതുന്നതെന്നാണ് ഒബാമ പറയുന്നത്. ദേശീയ രാഷ്‌ട്രീയത്തിൽ ഒരു അടിത്തറയുമില്ലാത്ത മുതിർന്ന ഒരു സിഖുക്കാരൻ ഒരിക്കലും തൻെറ മകൻ രാഹുലിന് ഭീഷണിയാവില്ലെന്ന് സോണിയ ഗാന്ധി വിലയിരുത്തിയതായും പുസ്തകത്തിൽ ഒബാമ പറയുന്നു.
ഇന്ത്യയുടെ രാഷ്‌ട്രീയം മതം, വംശം, ജാതി എന്നിവയിലൂടെ ഉരുത്തിരിഞ്ഞതാണെന്നും ഇത്തരം വേർതിരിവുകളെ മറികടക്കുന്ന തരത്തിൽ രാജ്യത്തിന്‍റെ ചിന്താഗതി മാറിയതുകൊണ്ടല്ല മൻമോഹൻ പ്രധാനമന്ത്രിയായതെന്നും ഒബാമ സൂചിപ്പിക്കുന്നു.
മൻമോഹൻ സിങ്ങിൻെറ വസതിയിൽ വെച്ചുനടന്ന വിരുന്നിലുണ്ടായ ചില സന്ദർഭങ്ങളും ഒബാമ വിശദീകരിക്കുന്നുണ്ട്. 'സോണിയയും രാഹുലും പങ്കെടുത്ത വിരുന്നായിരുന്നു അത്. സംസാരിക്കുന്നതിനെക്കാൾ കൂടുതൽ ശ്രവിക്കാനായിരുന്നു സോണിയ ശ്രമിച്ചത്. നയപരമായ കാര്യങ്ങളിൽ അവർ മൻമോഹനെ പ്രതിരോധിക്കുന്നുണ്ടായിരുന്നു. ഇടക്ക് സംഭാഷണം മകനിലേക്കു നയിക്കാനും അവർ ശ്രമിച്ചു' -ഒബാമ എഴുതി.
രാഹുൽ ആത്മാർഥതയും സാമർഥ്യവുമുള്ള വ്യക്തിയാണ് രാഹുൽ. അമ്മയുടെ ഐശ്വര്യം അയാൾക്കും ലഭിച്ചിട്ടുണ്ട്. ഭാവി രാഷ്‌ട്രീയത്തെക്കുറിച്ചുള്ള തന്‍റെ ചിന്തകൾ രാഹുൽ അന്നു പങ്കുവച്ചിരുന്നു. 2008ലെ പ്രസിഡൻറ് തെരഞ്ഞെടുപ്പിലെ എൻെറ പ്രചാരണ രീതികളെ കുറിച്ച് രാഹുൽ ചോദിച്ചുവെന്നും ഒബാമ പറഞ്ഞു.
ഇതിന് ശേഷം രാഹുലിനെ കുറിച്ച് ഒബാമ നടത്തിയ പരാമർശമാണ് വിവാദമായത്. അധ്യാപകനില്‍ മതിപ്പ് ഉണ്ടാക്കാന്‍ തീവ്രമായി ആഗ്രഹിക്കുന്ന വിദ്യാര്‍ഥിയാണെങ്കിലും ആ വിഷയത്തില്‍ മുന്നിട്ട് നില്‍ക്കാനുള്ള അഭിരുചിയോ ഉത്സാഹമോ ഇല്ലാത്ത ആളാണ് രാഹുലെന്നാണ് ഒബാമ പറഞ്ഞത്.
പാഠ്യക്രമവുമായി ബന്ധപ്പെട്ട പ്രവൃത്തികളെല്ലാം ചെയ്ത് അധ്യാപകന്റെ മതിപ്പ് നേടാൻ തീവ്രമായി രാഹുൽ ആഗ്രഹിക്കുന്നു. അതേസമയം വിഷയവുമായി ബന്ധപ്പെട്ട് അഭിരുചിയോ, അതിനോട് അഭിനിവേശമോ ഇല്ലാത്ത വിദ്യാർഥിയെ പോലെയാണ് രാഹുലെന്നും ഒബാമ പുസ്തകത്തിൽ കുറിച്ചു. ഒബാമയുടെ രാഷ്ട്രീയവും വ്യക്തിപരവുമായ ജീവിതത്തെ കുറിച്ച് പരാമർശിക്കുന്ന പുസ്തകത്തിൽ വൈറ്റ് ഹൗസിലെ എട്ടുവർഷം നീണ്ട ജീവിതത്തെ കുറിച്ചും പരാമർശിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.