മോദിക്കെതിരായ ടീസ്റ്റ സെറ്റൽവാദിന്‍റെ കാമ്പയിനു പിന്നിലെ പ്രേരകശക്തി കോൺഗ്രസും സോണിയഗാന്ധിയുമെന്ന് ബി.ജെ.പി
text_fieldsന്യൂഡൽഹി: 2002 ഗുജറാത്ത് കലാപത്തെതുടർന്ന് അന്നത്തെ മുഖ്യമന്ത്രി നരേന്ദ്രമോദിക്കെതിരായ സാമൂഹികപ്രവർത്തക ടീസ്റ്റ സെറ്റൽവാദിന്‍റെ കാമ്പയിനു പിന്നിലെ പ്രേരകശക്തി കോൺഗ്രസും പ്രസിഡന്‍റ് സോണിയ ഗാന്ധിയുമാണെന്ന് ബി.ജെ.പി വക്താവ് സംബീത് പത്ര. ടീസ്റ്റ സെറ്റൽവാദിനെ മുംബൈയിൽ വെച്ച് തീവ്രവാദ വിരുദ്ധ സേന കസ്റ്റഡിയിലെടുത്ത സാഹചര്യത്തിലാണ് ബി.ജെ.പി വക്താവിന്‍റെ പ്രസ്താവന.
കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള യു.പി.എ സർക്കാർ, പ്രത്യേകിച്ച് വിദ്യാഭ്യാസ മന്ത്രാലയം, സെറ്റൽവാദ് നടത്തുന്ന എൻ.ജി.ഒക്ക് 1.4 കോടി രൂപ നൽകിയെന്നും ഈ പണം മോദിക്കെതിരെ കാമ്പയിൻ നടത്താനും ഇന്ത്യയെ അപകീർത്തിപ്പെടുത്താനും ഉപയോഗിച്ചുവെന്നും ബി.ജെ.പി വക്താവ് ആരോപിച്ചു.
'അവൾ തനിച്ചായിരുന്നില്ല. ആരായിരുന്നു പ്രേരകശക്തി? സോണിയ ഗാന്ധിയും കോൺഗ്രസ് പാർട്ടിയും.'- സമ്പിത് പാത്ര പറഞ്ഞു.
ദുരൂഹമായ അജണ്ടക്കുവേണ്ടി സ്ഥിതി രൂക്ഷമാക്കിയവർക്കെതിരെ പൊട്ടിത്തെറിക്കുമ്പോഴാണ് സുപ്രീംകോടതി ടീസ്റ്റ സെറ്റൽവാദിന്‍റെ പേര് പരാമർശിച്ചതെന്നും നിയമപ്രക്രിയ ദുരുപയോഗം ചെയ്തവർക്കെതിരെ നിയമപ്രകാരമുള്ള നടപടിയെടുക്കണമെന്ന് കോടതി പറഞ്ഞതായിയും അദ്ദേഹം പറഞ്ഞു.
മോദിക്കെതിരെ കുപ്രചാരണം നടത്തിയപ്പോഴും അദ്ദേഹം ജനങ്ങളോട് പ്രതിഷേധം സംഘടിപ്പിക്കാൻ ആഹ്വാനം ചെയ്യാതെ ക്ഷമയോടെ നിയമനടപടികളെ അഭിമുഖീകരിച്ചു. സോണിയ ഗാന്ധിയുടെ നേതൃത്വത്തിലുള്ള ദേശീയ ഉപദേശക സമിതിയിലും ടീസ്റ്റ അംഗമായിരുന്നെന്നും ബി.ജെ.പി വക്താവ് ചൂണ്ടിക്കാട്ടി.
2002ലെ ഗുജറാത്ത് വംശഹത്യയിൽ മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദി അടക്കം ബി.ജെ.പി സർക്കാറിലെ 63 ഉന്നതരെയും വെള്ളിയാഴ്ച സുപ്രീംകോടതി കുറ്റവിമുക്തരാക്കിയിരുന്നു. കൂടാതെ നിയമപ്രക്രിയയെ വഴിതെറ്റിക്കാൻ ശ്രമിച്ചതിന് വെള്ളിയാഴ്ച സുപ്രീംകോടതി ടീസ്റ്റയെ വിമർശിക്കുകയും നടപടിയെടുക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. തുടർന്ന് ഗുജറാത്ത് വംശഹത്യയുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ സംഘത്തിനും ജസ്റ്റിസ് നാനാവതി കമീഷനും മുമ്പാകെ വ്യാജ വിവരങ്ങളടങ്ങിയ സത്യവാങ്മൂലം സമർപ്പിച്ച് അന്വേഷണം വഴിതെറ്റിക്കാൻ ശ്രമിച്ചതായി ആരോപിച്ച് ടീസ്റ്റക്കെതിരെ സംസ്ഥാന ക്രൈം ബ്രാഞ്ച് ശനിയാഴ്ച കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഇതിനുപിന്നാലെയാണ് ടീസ്റ്റയെ കസ്റ്റഡിയിലെടുത്തത്.
കലാപത്തിന് പിന്നിൽ വലിയ ഗൂഢാലോചന ആരോപിച്ച് ഹർജി സമർപ്പിച്ച കൊല്ലപ്പെട്ട കോൺഗ്രസ് എം.പി ഇഹ്സാൻ ജാഫരിയുടെ ഭാര്യ സാകിയ ജാഫരിയുടെ നിയമപോരാട്ടത്തിന് സെറ്റൽവാദിന്‍റെ എൻ.ജി.ഒ പിന്തുണനൽകിയിരുന്നു. നേരത്തെ എൻ.ജി.ഒയിൽ സാമ്പത്തിക ക്രമക്കേടുകളാരോപിച്ച് സി.ബി.ഐയും ഗുജറാത്ത് പൊലീസും ടീസ്റ്റക്കെതിരെ നടപടികൾക്ക് ശ്രമിച്ചിരുന്നു. ടീസ്റ്റയെ കൂടാതെ മുൻ ഗുജറാത്ത് ഡി.ജി.പി ആർ.ബി. ശ്രീകുമാറിനെയും ക്രൈം ബ്രാഞ്ച് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.